ബിജു മേനോൻ, വിനീത് ശ്രീനിവാസൻ എന്നിവര്‍ ഒന്നിച്ച 'തങ്ക'ത്തിന്റെ റിവ്യു.
ശ്യാം പുഷ്‍കരന്റെ എഴുത്ത്. പ്രധാന വേഷങ്ങളില്‍ ബിജു മേനോനും വിനീത് ശ്രീനിവാസനും. പ്രതീക്ഷിക്കാൻ ആവോളം ചേരുവകളുണ്ടായിരുന്നു 'തങ്ക'ത്തിന്. റിലീസിനു മുന്നേയുള്ള ഈ പ്രതീക്ഷകള്‍ നിറവേറ്റി തിയറ്റര്‍ കാഴ്‍ചയിലും പത്തരമാറ്റ് പൊന്ന് തന്നെയാകുന്നു 'തങ്കം'. സംവിധായകൻ സഹീദ് അറഫത്തിന്റെ ആഖ്യാനത്തിലെ കയ്യടക്കവും ചിത്രത്തിന്റെ ദൃശ്യാനുഭവം മികവുറ്റതാക്കുന്നു. ക്രൈം ഡ്രാമ എന്ന് വിശേഷണത്തോടെയുള്ള ചിത്രം ആദ്യാവസാനം പ്രേക്ഷകരെ ആകാംക്ഷഭരിതരാക്കുന്നതാണ്. ഫഹദിന്റെ ഭാവന സ്റ്റുഡിയോസ് അവതരിപ്പിച്ചിരിക്കുന്ന ചിത്രം 'തങ്കം' ആ കൂട്ടായ്‍മയുടെ പേരിന്റെ വിശ്വാസ്യത വര്‍ദ്ധിക്കിപ്പിക്കുന്നതാണ്.
undefined
പതിഞ്ഞ താളത്തിലാണ് സിനിമയുടെ തുടക്കം. ഒരു ത്രില്ലര്‍ ചിത്രത്തിനുള്ള പശ്ചാത്തലമൊരുക്കിയതിനു ശേഷം സഞ്ചാരരീതി മാറുന്ന തരത്തിലാണ് 'തങ്കം' ഒരുക്കിയിരിക്കുന്നത്. ശ്യാം പുഷ്‍കരന്റെ സിനിമ എഴുത്തുകളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ഒന്നുമാണ് 'തങ്കം'. റിയലിസ്റ്റിക് കഥാ പരിസങ്ങളോട് തന്റെ മുൻ സിനിമകളില്‍ വലിയ അടുപ്പം കാട്ടിയ ശ്യാം പുഷ്‍കരൻ ഇക്കുറി എഴുതിയിരിക്കുന്നത് ക്രൈം ഡ്രാമയായതിനാല്‍ പ്രത്യക്ഷത്തില്‍ തന്നെ അതിന്റെ മാറ്റങ്ങളുണ്ട്. കുറിക്കു കൊള്ളുന്ന ചെറു സംഭാഷണങ്ങളിലൂടെയാണ് സിനിമയോട് പ്രേക്ഷകനെ അടുത്തുനിര്‍ത്താൻ ശ്യാം പുഷ്‍കരൻ ശ്രമിച്ചിരിക്കുന്നത്. ഒന്നിനോടൊന്ന് എന്ന വിധത്തില്‍ കോര്‍ത്തെടുത്ത ഒട്ടനവധി ആകാംക്ഷഭരിതമായ കഥാസന്ദര്‍ഭങ്ങള്‍ 'തങ്ക'ത്തില്‍ ചേര്‍ത്താണ് ശ്യാം പുഷ്‍കരൻ ക്രൈം ഡ്രാമയുടെ തിരക്കഥയെഴുത്തുകാരൻ എന്ന നിലയില്‍ വിജയംകാണുന്നത്. ആദ്യവസാനം പ്രേക്ഷകനെ സിനിമയ്‍ക്കൊപ്പം സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണ് ശ്യാം പുഷ്‍കരന്റെ തിരക്കഥയെഴുത്ത്. കഥാഗതി സൂചിപ്പിച്ചാല്‍ സ്‍പോയിലറാകുന്ന തരത്തിലുള്ളതുമാണ് ചിത്രത്തിന്റെ എഴുത്ത്.
മഞ്ഞ ലോഹമാണ് പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ 'തങ്ക'ത്തിന്റെയും കേന്ദ്ര സ്ഥാനത്ത്. സ്വര്‍ണാഭരണവുമായി ബന്ധപ്പെട്ട തൊഴിലാണ് കേന്ദ്ര കഥാപാത്രങ്ങളായ 'മുത്തി'നും 'കണ്ണനും'. ഇരുവരും അടുത്ത സുഹൃത്തുക്കളും പാര്‍ട്‍ണര്‍മാരുമാണ്. വിവിധ സ്ഥലങ്ങളില്‍ നിന്ന് സ്വര്‍ണം ശേഖരിക്കുകയും വില്‍ക്കാൻ മുംബൈയില്‍ എത്തിക്കാൻ 'കണ്ണൻ' യാത്ര തിരിക്കുന്നു. മുംബൈില്‍ എത്തിയ 'കണ്ണനെ' പിന്നീട് ആര്‍ക്കും ഫോണില്‍ പോലും ബന്ധപ്പെടാൻ സാധിക്കുന്നില്ല. 'കണ്ണന്' എന്തു സംഭവിച്ചുവെന്ന് അധികം വൈകാതെ തന്നെ വെളിപ്പെടുത്തുകയും 'മര്‍ഡര്‍ ഇൻവെസ്റ്റിഗേഷൻ' ഴോണറിലേക്ക് മാറുകയും ചെയ്യുകയാണ് 'തങ്കം'. പലവിധ സംശയങ്ങളിലേക്ക് പ്രേക്ഷകരുടെ ചിന്തകളെയെത്തിക്കുന്ന തരത്തിലുള്ള കഥാസന്ദര്‍ഭങ്ങളിലൂടെ മുന്നേറി ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സിലേക്ക് അവസാനിക്കുകയും ചെയ്യുന്നിടത്താണ് 'തങ്ക'ത്തിന്റെ തീര്‍പ്പ്. ഒടുക്കം വരെ ദുരൂഹുത നിലനിര്‍ത്തുന്നതാണ് ചിത്രത്തിന്റെ കഥാവഴികള്‍. ക്ലൈമാക്സിനപ്പുറവും സംശയത്തിന്റെ സാധ്യതകള്‍ ബാക്കിവയ്‍ക്കുന്നു.
'മുത്തി'നെ അവതരിപ്പിച്ചിരിക്കുന്നത് ബിജു മേനോനാണ്. പുതുതലമുറ താരങ്ങള്‍ക്കുപോലും പാഠമാകുന്ന തരത്തിലാണ് തങ്കത്തില്‍ ബിജു മേനോന്റെ സ്വാഭാവികാഭിനയം. അത്യധികം സൂക്ഷ്‍മമായി 'മുത്തി'നെ പകര്‍ത്തി ചിത്രത്തിന്റെ മൊത്തത്തിലുള്ള ദുരൂഹുത നിലനിര്‍ത്തുന്നുണ്ട് ബിജു മേനോൻ. ബിജു മേനോന്റെ അളന്നുമുറിച്ചുള്ള കോമഡിയും ചിത്രത്തില്‍ വര്‍ക്കാകുന്നു. 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‍സി'ലെ നായക കഥാപാത്രത്തിലൂടെ സ്വന്തം ഇമേജ് മാറ്റിമറിച്ച വിനീത് ശ്രീനിവാസന്റെ മറ്റൊരു ഗംഭീര പ്രകടനമാണ് 'തങ്ക'ത്തിലേത്. 'കണ്ണൻ' എന്ന കഥാപാത്രത്തിലേക്ക് വിസ്‍മയകരമാം വിധമാണ് വിനീത് ശ്രീനിവാസൻ കൂടുമാറിയിരിക്കുന്നത്. വിവിധ ഭാഷകള്‍ സംസാരിക്കുന്ന ആത്മവിശ്വാസത്തോടെ ഇടപെടുന്ന 'കണ്ണന്റെ' ക്ലൈമാക്സിലെ ജീവിതാവസ്ഥകളിലേക്ക് പ്രേക്ഷകനെ വിശ്വസനീയമാംവിധം എത്തിക്കുന്നതാണ് വിനീത് ശ്രീനിവാസന്റെ കാസ്റ്റിംഗ്. വളരെ ഗൗരവതരമായ വഴിത്തിരിവുകളിലേക്ക് ചിത്രം സഞ്ചരിക്കുമ്പോള്‍ പോലും 'മുത്തി'ന്റെ അടുത്ത സുഹൃത്തായ കഥാപാത്രമായി വേഷമിട്ട വിനീത് തട്ടില്‍ ഡേവിഡിന്റെ ചിരി സംഭാഷണങ്ങള്‍ രസിപ്പിക്കുന്നുണ്ട്. 'തങ്ക'ത്തിന്റെ ക്രാഫ്റ്റില്‍ ഏറ്റവും നിര്‍ണായക കഥാപാത്രം മുംബൈ പൊലീസ് ഓഫീസറുടേതാണ്. മുംബൈ പൊലീസ് ഓഫീസറായിരിക്കുന്നത് മറാത്തി താരം ഗിരിഷ് കുല്‍ക്കര്‍ണിയാണ്. അന്യ ഭാഷയുടെ തടസ്സം ബാധിക്കാത്ത തരത്തില്‍ പ്രകടനം കൊണ്ട് മലയാളി പ്രേക്ഷനോട് കൃത്യമായി സംവദിക്കാൻ ഗിരീഷ് കുല്‍ക്കര്‍ണിക്കാകുന്നുണ്ട്. ക്രൈം ഡ്രാമയുടെ ചടുലത വ്യത്യസ്‍തമായ രീതിയില്‍ അനുഭവിക്കുന്നതും ഗിരിഷ് കുല്‍ക്കര്‍ണിയുടെ പ്രകടനമാണ്. അപര്‍ണാ ബാലമുരളിയും, കൊച്ച് പ്രേമൻ തുടങ്ങിയവരും ചിത്രത്തില്‍ സ്വന്തം വേഷങ്ങള്‍ ഭംഗിയാക്കി.
'തങ്ക'ത്തിന്റെ കഥാകാരനുമായ സംവിധായകൻ സഹീദ് അറഫത്ത് സിനിമയുടെ മൊത്തം സ്വഭാവത്തിനുസരിച്ചുള്ള ദൃശ്യപരിചരണമാണ് സ്വീകരിച്ചിരിക്കുന്നത്. 'മുത്തു'വും 'കണ്ണനും' തമ്മിലുള്ള വൈകാരിക അടുപ്പത്തെ അടയാളപ്പെടുത്താനാണ് സഹീദ് അറഫത്ത് ആദ്യ രംഗങ്ങളില്‍ ശ്രമിക്കുന്നത്. കഥാപാത്രങ്ങളുടെ സ്വഭാവങ്ങളെയും വ്യക്തമായി പരിചയപ്പെടുത്തുന്നത് ചിത്രത്തിന്റെ ക്ലൈമാക്സ് അടക്കം മുന്നില്‍ കണ്ടിട്ടുള്ളതാണ്. മന്ദഗതിയിലുള്ള തുടക്കത്തിനു ശേഷം ക്രമാനുഗതമായി, ചിത്രത്തിന്റെ കഥപറച്ചില്‍ ഴോണറിന്റെ പ്രത്യേകതയനുസരിച്ച് മാറ്റം വരുത്തുന്നുമുണ്ട് സംവിധായകൻ. ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ആവേശം ചോരാതെ സൂക്ഷിക്കുന്ന തരത്തില്‍ 'തങ്ക'ത്തെ ഒരുക്കിയെടുക്കാൻ സഹീദിനായിട്ടുണ്ട്. സംവിധായകന്റെ ബ്രില്യൻസ് കാസ്റ്റിംഗിലും പ്രകടമാണ്. എന്തായാലും മലയാളത്തിന് പ്രതീക്ഷകള്‍ക്ക് വയ്‍ക്കാവുന്ന സംവിധായകനാണെന്ന് 'തങ്ക'ത്തിലൂടെ വെളിപ്പെടുത്താൻ സഹീദ് അറഫാത്തിനായിട്ടുണ്ട്.
തങ്കം പ്രേക്ഷകനിലേക്കടുക്കുന്നതില്‍ ബിജിബാലിന്റെ സംഗീതവും വളരെ പ്രധാന്യം അര്‍ഹിക്കുന്നു. ചിത്രത്തിന്റെ ദുരൂഹതയെയും വൈകാരിക അനുഭവങ്ങളെയും പകര്‍ത്താൻ ബിജിബാലിന്റെ സംഗീതത്തിനാകുന്നു. ഗൗതം ശങ്കറിന്റെ ഛായാഗ്രാഹണവും 'തങ്ക'ത്തെ ഒരു മികച്ച കാഴ്‍ചാനുഭവമാക്കുന്നു. കിരണ്‍ ദാസിന്റെ കട്ടുകളും 'തങ്ക'ത്തിന്റെ സംവിധായകന് തന്റെ കഥപറച്ചിലിനെ മികവുറ്റതാക്കാൻ സഹായിക്കുന്നു.
Read More: തുടക്കം ഗംഭീരം, 'പഠാന്' ആദ്യ ദിവസം കേരളത്തില്‍ നിന്ന് നേടാനായത്