സ്‍ക്രീനില്‍ നിറയുന്ന നാടൻ തല്ല്, 'ഒരു തെക്കൻ തല്ല് കേസ്' റിവ്യു

By Web Team  |  First Published Sep 9, 2022, 3:40 PM IST

'ഒരു തെക്കൻ തല്ല് കേസ്' റിവ്യു.


വായനയില്‍ പതിഞ്ഞ ആസ്വാദനസങ്കല്‍പ്പങ്ങള്‍ക്ക് സിനിമാഖ്യാനം ചമയ്‍ക്കുക എന്നത് എപ്പോഴും വെല്ലുവിളിയാണ്. അത്തരമൊരു വെല്ലുവിളിയെ നേരിടാൻ തയ്യാറായാണ് 'ഒരു തെക്കൻ തല്ല് കേസും' പ്രേക്ഷകരിലേക്ക് എത്തിയത്. യുവതലമുറ വായനക്കാരടക്കം ആഘോഷിച്ച ജി ആർ ഇന്ദുഗോപന്റെ 'അമ്മിണിപിള്ള വെട്ടുകേസ്' ആണ് 'ഒരു തെക്കൻ തല്ല് കേസി'ന്റെ മൂലകഥ. ജി ആര്‍ ഇന്ദുഗോപന്റെ അക്ഷരങ്ങളിലെ കഥാപാത്രങ്ങള്‍ക്കും ഭൂപ്രകൃതിക്കും പശ്ചാത്തലങ്ങള്‍ക്കും സങ്കല്‍പ്പത്തിനു പുറത്തെ ചില രൂപങ്ങളും ദേശവും ഒരുക്കിയെടുത്തിരിക്കുകയാണ് 'ഒരു തെക്കൻ തല്ല് കേസ്'.

തിരുവനന്തപുരത്തെ തീരദേശമായ അഞ്ചു തെങ്ങാണ് ചിത്രത്തിന്റെയും കഥാഭൂമി. അവിടത്തെ ലൈറ്റ് ഹൗസ് ജീവനക്കാരനായ 'അമ്മിണിപ്പിള്ള'യാണ് സിനിമയുടെയും കേന്ദ്രസ്ഥാനത്ത്. സിനിമയില്‍ 'അമ്മിണിപ്പിള്ള'യുടെ രൂപത്തില്‍ ബിജു മേനോനാണ്. 'അമ്മിണിപ്പിള്ള'യുടെ എതിര്‍ കഥാപാത്രമായ 'പൊടിയൻ പിള്ള'യായി മാറിയിരിക്കുന്നത് റോഷൻ മാത്യുവാണ്. 'അമ്മിണിപ്പിള്ള'യും 'പൊടിയനും' സംഘവും തമ്മിലുള്ള ഒരു സംഘര്‍ഷമാണ് സിനിമയുടെ കഥാഹേതു. ഒരു പ്രത്യേക സാഹചര്യത്തില്‍ 'അമ്മിണിപ്പിള്ള' പൊടിയന് ശത്രുവാകയാണ്. തുടര്‍ന്ന് ഒളിഞ്ഞിരുന്ന് ആക്രമിച്ച 'പൊടിയനും' സംഘത്തിനും എതിരെ അമ്മിണിപ്പിള്ളയെന്ന കരുത്തൻ നടത്തുന്ന വേറിട്ട പ്രതികാരമാണ് 'ഒരു തെക്കൻ തല്ലു കേസ്'.

Latest Videos

undefined

എണ്‍പതുകളിലെ കാലമാണ് കഥാപശ്ചാത്തലം. അക്കാലത്തെ തിരുവനന്തപുരത്തിന്റെ ഭാഷയും രൂപഭാവങ്ങളുമൊക്കെ കൃത്യമായി അടയാളപ്പെടുത്തിയിരിക്കുകയാണ് ' ഒരു തെക്കൻ തെല്ലുകേസ്'. കഥാപാത്രങ്ങളുടെ വേഷഭാവാദികളടക്കം കഥ നടക്കുന്ന കാലത്തെ കൃത്യമായി ഓര്‍മപ്പെടുത്തുന്നു. കൃത്രിമത്വത്തോ അതിഭാവുകത്തമോ ഇല്ലാതെ എണ്‍പതുകളിലെ അഞ്ചു തെങ്ങിനെ ചിത്രീകരിച്ചിരിക്കുന്നു എന്നതില്‍ 'ഒരു തെക്കൻ തല്ല് കേസി'ന്റെ പ്രവര്‍ത്തകര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

ദൃശ്യസമ്പന്നമായ എഴുത്തിലുള്ള 'അമ്മിണിപിള്ള വെട്ടുകേസ്' ആസ്‍പദമാക്കി ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് രാജേഷ് പിന്നടൻ ആണ്. കഥയുടെ കാമ്പ് നഷ്‍ടപ്പെടാതെ തന്നെ ഒരു സിനിമാറ്റിക് രചന നടത്താൻ രാജേഷ് പിന്നടനായിട്ടുണ്ട്. 'അമ്മിണിപ്പിള്ള'യുടെ പ്രതികാര കഥ മനോഹരമായ സിനിമാനുഭവമാക്കി മാറ്റുന്നത് സംവിധായകൻ എൻ ശ്രീജിത്തിന്റെ മേയ്‍ക്കിംഗ് മികവാണ്. 'അമ്മിണിപ്പിള്ള'യുടെയും അഞ്ച് തെങ്ങിലെ നാട്ടുകാരുടെയും കഥ പറയാൻ കാമ്പുള്ള ഒരു ദൃശ്യഭാഷ അവതരിപ്പിക്കാൻ സംവിധായകനായിട്ടുണ്ട്. മറ്റൊരു കാലത്തിന്റെ കഥ പറയാൻ സംവിധായകന് ഏറ്റവും സഹായകരമായി മാറിയിരിക്കുന്നത്  മധു നീലകണ്ഠിന്റെ ക്യാമറാക്കണ്ണാണ്. മധു നീലകണ്ഠിന്റെ ക്യമാറാക്കാഴ്‍ചയില്‍ സിനിമയിലെ ഭൂപ്രകൃതി അതിമനോഹരമായി അനുഭവപ്പെടുന്നു. കളര്‍ ടോണും സിനിമയുടെ കഥാപശ്ചാത്തലത്തോട് ചേര്‍നില്‍ക്കുന്നു. നാടൻ തല്ലിന്റെ വീറും വാശിയുമെല്ലാം അതേ അളവില്‍  ചടുലതയോടെ പകര്‍ത്തിയിരിക്കുന്നു മധു നീലകണ്ഠൻ. ജസ്റ്റിൻ വര്‍ഗീസിന്റെ ഗാനങ്ങളും മാറ്റുകൂട്ടുന്നു.

സ്‍ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്ന ബിജു മേനോനാണ് സിനിമയുടെ നട്ടെല്ല്. തിരുവന്തപുരത്തിന്റെ ഭാഷ അതിസുന്ദരമായി കൈകാര്യം ചെയ്‍തിരിക്കുന്നു ബിജു മേനോൻ. താൻപോരിമയുള്ള  'അമ്മിണിപ്പിള്ള' എന്ന കഥാപാത്രമായി പക്വതയോടെ പകര്‍ന്നാടിയിരിക്കുകയാണ് ബിജു മേനോൻ. അമ്മിണിപ്പിള്ളയുടെ നല്ല പാതിയായ 'രുക്മിണി'യാണ് ചിത്രത്തിലെ കരുത്തുറ്റ മറ്റൊരു കഥാപാത്രം. ഒരിടവേളയ്‍ക്ക് ശേഷം മടങ്ങിയെത്തിയ പദ്‍മപ്രിയ 'രുക്മണി'യായി സ്‍ക്രീനില്‍ തലപ്പൊക്കം കാട്ടുന്ന പ്രകടനമാണ് കാഴ്‍ചവച്ചിരിക്കുന്നത്. പ്രായത്തില്‍ വളരെ താഴെയെങ്കിലും 'രുക്മമണി'യുടെ അടുത്ത സുഹൃത്തായ 'വാസന്തി'യെ വിസ്‍മയിപ്പിക്കുന്ന തരത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് നിമിഷ സജയൻ.  തിരുവനന്തപുരത്തുകാരിയുടെ ഭാഷയും ചേരുംവിധം ചേര്‍ന്നിരിക്കുകയാണ് സിനിമയില്‍ നിമിഷ സജയന്റെ കഥാപാത്രത്തിനും. 'പൊടിയൻ പിള്ള'യായി റോഷൻ മാത്യു പ്രണയും പ്രതികാരവുമൊക്കെയുള്ള ഭാവങ്ങളില്‍ തികവ് കാട്ടിയിരിക്കുന്നു. കഥ നടക്കുന്ന കാലത്തെ ദേശത്തെയും സംസ്‍കാരത്തെയും ജീവിതശൈലിയെയുമൊക്കെ പകര്‍ത്തുന്ന തരത്തിലാണ് ചെറുവേഷങ്ങളിലെത്തിയ മിക്കവരും എന്നതും സിനിമയുടെ ആകെ മികവിന് തെളിവാണ്.

ചുരുക്കത്തില്‍ ഒരു നാടിന്റെ നില്‍പ്പുതറയിലുള്ള പ്രതികാരത്തിന്റെ മനോഹരമായ സിനിമാ ആവിഷ്‍കാരമാണ് 'ഒരു തെക്കൻ തല്ല് കേസ്'. തല്ല് മാത്രമല്ല ചെറു ചിരികള്‍ പടര്‍ത്തുന്ന ശുദ്ധ നര്‍മവും ആസ്വദിക്കാം.  നാട്ടു ജീവിതവും പ്രണയവും പ്രതികാരവും എല്ലാം നിറയുന്ന കഥാ സന്ദര്‍ഭങ്ങളാണ് 'ഒരു തെക്കൻ തല്ല് കേസി'ല്‍. ഓണത്തിന് ആഘോഷിക്കുന്ന ഒരു മാസ് റിയലസ്റ്റിക് എന്റര്‍ടെയ്‍നറാണ് 'ഒരു തെക്കൻ തല്ലു കേസ്'.

Read More : 'വിക്രം' സ്വീകരിച്ചില്ല, ഗൗതം മേനോനെ പുതിയ സിനിമയിലേക്കും ക്ഷണിച്ച് ലോകേഷ് കനകരാജ്

 

click me!