വീണ്ടും വിസ്മയിപ്പിക്കുന്ന കന്നഡ സിനിമ: 'അവന്‍ ശ്രീമന്‍ നാരായണ' റിവ്യൂ

By Web Team  |  First Published Jan 3, 2020, 5:44 PM IST

കെജിഎഫ് പുറത്തിറങ്ങിയപ്പോള്‍ ആ ചിത്രത്തിന് മുന്‍പും ശേഷവും എന്ന തരത്തില്‍ കന്നഡ സിനിമയെ രണ്ടായി വിഭജിക്കാവുന്നതാണെന്ന് നിരീക്ഷണങ്ങളുണ്ടായിരുന്നു. കെജിഎഫ് തുടങ്ങിവച്ചിടത്തുനിന്ന് കന്നഡ പോപ്പുലര്‍ സിനിമയിലെ പരീക്ഷണങ്ങള്‍ അവിടുത്തെ യുവാക്കളുടെ സംഘം തുടരുകയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് അവന്‍ ശ്രീമന്‍ നാരായണ.
 


പോയ ഒരു പതിറ്റാണ്ട് കൊണ്ട് സാന്‍ഡല്‍വുഡില്‍ തന്റേതായ കൈയ്യൊപ്പ് പതിപ്പിച്ചയാളാണ് രക്ഷിത് ഷെട്ടി. നടനായും സംവിധായകനായും തിരക്കഥാകൃത്തായും നിര്‍മ്മാതാവായും എല്ലാവരും സഞ്ചരിക്കുന്ന പാതയില്‍നിന്ന് അല്‍പം മാറിയായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം. നിവിന്‍ പോളി നായകനായി തമിഴിലെത്തിയ റിച്ചി (2017)യുടെ കന്നഡ ഒറിജിനല്‍ 'ഉളിഡവരു കണ്ടതേ'യുടെ തിരക്കഥയും സംവിധാനവും നായകനായി അഭിനയിച്ചതും രക്ഷിത് ആയിരുന്നു. രക്ഷിത് ഷെട്ടി നായകനായെത്തുന്ന ഒരു ചിത്രം തീയേറ്ററുകളിലെത്തുന്നത് മൂന്ന് വര്‍ഷത്തിന് ശേഷമാണ്. ഭാഷാഭേദമന്യേ സിനിമാപ്രേമികള്‍ പലരും കണ്ട 'കിറിക്ക് പാര്‍ട്ടി' പുറത്തിറങ്ങി മൂന്ന് വര്‍ഷത്തിന് ശേഷമാണ് 'അവന്‍ ശ്രീമന്‍ നാരായണ'യുമായി രക്ഷിത് ഷെട്ടി വീണ്ടുമെത്തുന്നത്. നായകനാവുന്നതിനൊപ്പം ചിത്രത്തിന്റെ രചനയിലും രക്ഷിത് ഷെട്ടിക്ക് പങ്കാളിത്തമുണ്ട്. മൂന്ന് വര്‍ഷത്തോളം നീണ്ട നിര്‍മ്മാണ ഘട്ടവും 100 കോടിയുടെ ബജറ്റുമെല്ലാമായി 'കെജിഎഫി'ന് ശേഷം സാന്‍ഡല്‍വുഡ് പ്രേമികള്‍ ഏറ്റവുമധികം കാത്തിരുന്ന ചിത്രമായിരുന്നു 'അവന്‍ ശ്രീമന്‍ നാരായണ'.

Latest Videos

undefined

 

ഫാന്റസി-കോമഡി-അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമെന്നാണ് പല റിവ്യൂസിലും ടിക്കറ്റ് ബുക്കിംഗ് വെബ്‌സൈറ്റുകളിലുമൊക്കെ ചിത്രത്തെ വിശേഷിപ്പിക്കുന്നതെങ്കിലും യഥാര്‍ഥത്തില്‍ ഒരു 'ജോണര്‍ ബെന്റര്‍' (Genre bender) ആണ് സിനിമ. അതില്‍ ഹോളിവുഡ് വെസ്‌റ്റേണ്‍ സിനിമകളുടെ സ്വാധീനമുണ്ട്, കണ്ടെത്താവുന്ന സ്പൂഫ് സ്വഭാവവുമുണ്ട്. അമരാവതി എന്ന സാങ്കല്‍പിത സ്ഥലത്തേക്കാണ് സംവിധായകന്‍ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ചിലയിടങ്ങളിലുള്ള റെഫറന്‍സുകളില്‍ നിന്ന് സിനിമ സംഭവിക്കുന്ന കാലം എണ്‍പതുകള്‍ ആണെന്ന് മനസിലാക്കാം. 'അഭിറാസ്' എന്ന കൊള്ളക്കാരുടെ സമൂഹത്തിന്റെ കാല്‍ക്കീഴില്‍ ജീവിക്കുകയാണ് അമരാവതിക്കാര്‍. ഒരു വമ്പന്‍ മോഷണം നടത്തി കടക്കാന്‍ ശ്രമിക്കുന്ന ഒരു പുരാണ നാടകസംഘം ഒരിക്കല്‍ അഭിറാസുകളുടെ അപ്പോഴത്തെ തലവനായ രാമരാമന്റെയും കൂട്ടാളികളുടെയും മുന്നില്‍ പെടുന്നു. അവരുടെ പക്കലുള്ള മോഷണമുതലിന്റെ 'കനം' അതിനകം മനസിലാക്കിയിരുന്ന രാമരാമന്‍ അത് കൈക്കലാക്കാനായി നാടകക്കാരില്‍ ഒരാള്‍ ഒഴികെയുള്ളവരെ വകവരുത്തുന്നു. പക്ഷേ കൊള്ളമുതല്‍ അവരുടെ പക്കല്‍ ഇല്ലെന്ന വിവരം കൊലപാതകങ്ങള്‍ക്ക് ശേഷമാണ് അയാള്‍ മനസിലാക്കുന്നത്. മക്കള്‍ രണ്ടുപേരില്‍ (അതിലൊരാള്‍ രാമരാമന് വേലക്കാരിയില്‍ ജനിച്ചതാണെന്ന സൂചനയുണ്ട്) ആരാണ് അനന്തരാവകാശിയെന്ന് പ്രഖ്യാപിക്കുന്നതിന് മുന്‍പേ രാമരാമന്‍ മരിക്കുകയാണ്. അമരാവതിയുടെ സാമൂഹിക ഓര്‍മ്മയെ ചൂഴ്ന്നുനില്‍ക്കുന്ന ഈ നിധി/മോഷണമുതലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പതിനഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും സജീവമാവുകയാണ്, നാരായണ എന്ന പൊലീസ് ഓഫീസര്‍ (രക്ഷിത് ഷെട്ടി) രംഗത്തെത്തുന്നതോടെ. അമരാവതി എന്ന സാങ്കല്‍പിക സ്ഥലം, പിതാവ് രാമരാമന്റെ മരണശേഷം അധികാരത്തിനുവേണ്ടിയുള്ള അവസാനിക്കാത്ത പോരില്‍ ഏര്‍പ്പെട്ടിരിക്കുന്ന മക്കളായ ജയറാമും തുക്കാറാമും, തങ്ങളുടേതായ ചില വിശ്വാസങ്ങളൊക്കെ പുലര്‍ത്തിപ്പോരുന്ന നിഗൂഢതയുള്ള ഒരു പുരാണ നാടകസംഘം, ഒളിപ്പിക്കപ്പെട്ടിരിക്കുന്ന നിധി (മോഷണമുതല്‍), ഇതിനൊക്കെ നടുവിലേക്ക് എത്തിപ്പെടുന്ന കൗശലക്കാരനായ ഒരു പൊലീസ് ഓഫീസര്‍... ഇങ്ങനെ ഒരു സിനിമയ്ക്ക് ഉള്‍ക്കൊള്ളാവുന്നതിലധികം ഘടകങ്ങള്‍ ഉള്‍ച്ചേര്‍ത്ത് ഒരു 'ജോണര്‍ ബെന്റര്‍' സൃഷ്ടിച്ചിരിക്കുകയാണ് സംവിധായകനായ സച്ചിന്‍. സഹരചയിതാവായ രക്ഷിത് ഷെട്ടി ചിത്രത്തിന്റെ ജോണറിനെ നിര്‍വചിച്ചിരിക്കുന്നത് 'സതേണ്‍ ഓഡ് ഫിക്ഷന്‍' എന്നാണ്. ഒരു നവാഗത സംവിധായകനില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന വര്‍ക്ക് അല്ല 'അവന്‍ ശ്രീമന്‍ നാരായണ'. അതിനപ്പുറത്ത് നില്‍ക്കുന്ന സംവിധായകന്റെ vision ദൃശ്യമാണ് ചിത്രത്തില്‍.

 

സ്‌കെയ്‌ലിന്റെ വലുപ്പം കൊണ്ടും ഇമാജിനേഷന്‍ കൊണ്ടും കെജിഎഫിന് ശേഷം ഏറ്റവും വാര്‍ത്താപ്രാധാന്യം നേടിയ കന്നഡ ചിത്രമാണ് ശ്രീമന്‍ നാരായണ. എന്നാല്‍ ഈ രണ്ട് ചിത്രങ്ങളുടെയും ആസ്വാദനക്ഷമത രണ്ട് രീതിയിലുമാണ്. കെജിഎഫ് ഭാഷാഭേദമന്യെ ഇന്ത്യന്‍ പോപ്പുലര്‍ സിനിമയുടെ ആസ്വാദകര്‍ക്കൊക്കെ എളുപ്പത്തില്‍ വഴങ്ങുന്ന ചിത്രമാണെങ്കില്‍ ശ്രീമന്‍ നാരായണ കാണിയുടെ ഭാഗത്തുനിന്ന് അല്‍പംകൂടി ശ്രദ്ധയും ഗൗരവവും ആവശ്യപ്പെടുന്ന സിനിമയാണ്. കെജിഎഫിലേതിനേക്കാള്‍ 'പ്രാദേശികത'യുടെ (Local flavour) അളവ് കൂടുതലുമാണ് ഈ ചിത്രത്തില്‍.

 

ഒരു ബൃഹദാഖ്യാനം ആവശ്യപ്പെടുന്ന രീതിയില്‍ ധൃതി കൂട്ടാതെ പതുക്കെയാണ് സംവിധായകന്‍ അമരാവതിയുടെ കഥകള്‍ പറഞ്ഞുതുടങ്ങുന്നത്. കണ്ടിരിക്കുന്നത് ഏത് ജോണറില്‍ പെടുന്ന സിനിമയാണെന്ന കൗതുകവും ആശയക്കുഴപ്പവും ജനിപ്പിക്കുന്നുണ്ട് തുടക്കംമുതല്‍ ചിത്രം. ഹോളിവുഡ് വെസ്‌റ്റേണുകള്‍, സ്പൂഫുകള്‍, ഫാന്റസികള്‍ തുടങ്ങി പലതരം സിനിമകളുടെ സമാന ഘടകങ്ങള്‍ തുടക്കംമുതല്‍ക്കേ പല രംഗങ്ങളിലായി വന്നുപോകുന്നുണ്ട്. അതേസമയം വണ്‍ലൈനില്‍ത്തന്നെ ഒളിഞ്ഞിരിക്കുന്ന നിഗൂഢതയും മാന്ത്രികതയും ദൃശ്യപരമായും അല്ലാതെയും കഥപറച്ചിലില്‍ ഉടനീളം അനുഭവിപ്പിക്കുന്നുമുണ്ട് ചിത്രം. 'ഭക്തപ്രഹ്ലാദ' പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന തീയേറ്ററിന്റെ സ്‌ക്രീന്‍ പിളര്‍ന്ന് 'അവതരിക്കുന്ന' നായകന്റെ രംഗം മുതല്‍  പുരാണത്തിലെ 'പാലാഴി മഥനം' പ്രമേയമാക്കുന്ന നാടകത്തില്‍നിന്ന് കണ്ടെത്തുന്ന നിഗൂഢ വാചകങ്ങളിലൂടെ നായകന്‍ നിധിയെ പിന്തുടര്‍ന്നെത്തുന്ന ക്ലൈമാക്‌സ് വരെ ഒരു 'മാജിക്കല്‍ റിയലിസ്റ്റിക്' സ്വഭാവം പല രംഗങ്ങള്‍ക്കുമുണ്ട്. കണ്ടിരിക്കുമ്പോള്‍ ഇടയ്‌ക്കെപ്പോഴെങ്കിലും മുഷിഞ്ഞാലും വളരെ പെട്ടെന്ന് കൗതുകമുള്ളതെന്തെങ്കിലും സ്‌ക്രീനിലേക്ക് എത്തിച്ചുതരുന്നുണ്ട് സംവിധായകന്‍. രണ്ട് മണിക്കൂര്‍ 52 മിനിറ്റ് ആണ് ചിത്രത്തിന്റെ (തമിഴ് പതിപ്പ്) ആകെ ദൈര്‍ഘ്യം. എഡിറ്റിംഗ് കുറച്ചുകൂടി മുറുക്കമുള്ളതാക്കിയിരുന്നുവെങ്കില്‍ കൂടുതല്‍ ആസ്വാദകരെ ലഭിച്ചേനെ ചിത്രത്തിന്.

 

'ഉളിഡവരു കണ്ടതേ'യ്ക്കും 'കിറിക് പാര്‍ട്ടി'ക്കും ശേഷം രക്ഷിത് ഷെട്ടിയുടെ മികച്ച പ്രകടനം അടയാളപ്പെടുത്തുന്ന ചിത്രമാണ് ശ്രീമന്‍ നാരായണ. ഇന്‍സ്‌പെക്ടര്‍ നാരായണ അഭിനേതാക്കള്‍ക്ക് ഇംപ്രൊവൈസ്ഡ് പെര്‍ഫോമന്‍സിന് ഇടംകൊടുക്കുന്ന കഥാപാത്രമാണ്. കഥാപാത്രത്തിന്റെ കൗശലവും ഭയരാഹിത്യവും എന്നാല്‍ ഇടയ്ക്ക് വല്ലപ്പോഴുമെത്തുന്ന ഭയവും സ്വതവേയുള്ള അനായാസതയുമൊക്കെ നന്നായി സ്‌ക്രീനിലെത്തിച്ചിട്ടുണ്ട് രക്ഷിത്. ഷാന്‍വി ശ്രീവാസ്തവയാണ് ലക്ഷ്മി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നായകന്‍ ടൈറ്റില്‍ കഥാപാത്രമാണെങ്കിലും നായിക ഉള്‍പ്പെടെയുള്ള മറ്റ് കഥാപാത്രങ്ങളെയും വ്യക്തിത്വം നല്‍കിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രധാന പ്രതിനായക കഥാപാത്രമായ ജയറാമിനെ അവതരിപ്പിച്ചിരിക്കുന്നത് ബാലാജി മനോഹര്‍ ആണ്. നായകനൊപ്പം അല്ലെങ്കില്‍ ഒരുപടി മേലെ നില്‍ക്കുന്നുണ്ട് ഈ കഥാപാത്രത്തിന്റെ പ്രഭാവം. നായകന് മിഷന്‍ എളുപ്പമല്ല എന്ന തോന്നല്‍ ക്ലൈമാക്‌സ് വരെ നിലനിര്‍ത്തുന്നതില്‍ ബാലാജിയുടെ മികച്ച പ്രകടനത്തിനും പങ്കുണ്ട്. മറ്റൊരു പ്രധാന കഥാപാത്രമായ തുക്കാറാമിനെ അവതരിപ്പിരിക്കുന്നത് പ്രമോദ് ഷെട്ടിയാണ്. ഇതുള്‍പ്പെടെ ചിത്രത്തിന്റെ കാസ്റ്റിംഗ് മികവ് പുലര്‍ത്തിയിട്ടുണ്ട്. കരം ചൗളയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. വിവിധ ജോണറുകള്‍ ഇടകലരുന്നതുപോലെയുള്ള ആഖ്യാനത്തിന് മികച്ച പിന്തുണയാണ് സിനിമാറ്റോഗ്രാഫര്‍ നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ മാന്ത്രികമായ മൂഡ് ഉടനീളം നിലനിര്‍ത്തുന്നതില്‍ ബി അജനീഷ് ലോക്‌നാഥിന്റെ പശ്ചാത്തല സംഗീതത്തിനും കാര്യമായ പങ്കുണ്ട്.

 

കെജിഎഫ് പുറത്തിറങ്ങിയപ്പോള്‍ ആ ചിത്രത്തിന് മുന്‍പും ശേഷവും എന്ന തരത്തില്‍ കന്നഡ സിനിമയെ രണ്ടായി വിഭജിക്കാവുന്നതാണെന്ന് നിരീക്ഷണങ്ങളുണ്ടായിരുന്നു. കെജിഎഫ് തുടങ്ങിവച്ചിടത്തുനിന്ന് കന്നഡ പോപ്പുലര്‍ സിനിമയിലെ പരീക്ഷണങ്ങള്‍ അവിടുത്തെ യുവാക്കളുടെ സംഘം തുടരുകയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് അവന്‍ ശ്രീമന്‍ നാരായണ. ടിക്കറ്റെടുത്ത് മുന്നിലെത്തുന്നവരെ പരിഹസിക്കാതെ, അവരെ ഗൗരവത്തിലെടുക്കുന്ന സിനിമ.

click me!