അമിത് ചക്കാലക്കല്‍ നായകനായ ചിത്രം പറയുന്നത് 'ജിബൂട്ടി' എന്ന ആഫ്രിക്കൻ രാജ്യത്തെ ജീവിതവുമാണ്.
പേരു തന്നെ പശ്ചാത്തലമാകുന്ന സിനിമയാണ് 'ജിബൂട്ടി' (Djibouti). ആഫ്രിക്കൻ രാജ്യമായ 'ജിബൂട്ടി'യിലെ ജീവിതമാണ് മലയാളത്തിന്റെ സ്‍ക്രീനിലേക്ക് എത്തിയിരിക്കുന്നത്. മലയാളികള്‍ക്ക് അത്രകണ്ട് പരിചയമില്ലാത്ത ഒരു രാജ്യത്തെ കഥ പറയുന്നുവെന്നതു തന്നെയായിരുന്നു ചിത്രത്തിന്റെ കൗതുകവും. റിലീസാകും മുമ്പ് പറഞ്ഞുകേട്ട ചിത്രത്തിന്റെ പ്രത്യേകതകള്‍ക്കപ്പുറം പ്രണയത്തിനും അതിജീവനത്തിനുമെല്ലാം പ്രധാന്യം നല്‍കിയിട്ടുള്ള മികച്ചൊരു ചലച്ചിത്രാനുഭവമായി മാറുന്നു 'ജിബൂട്ടി'
.
undefined
കേരളത്തിന്റെ മണ്ണില്‍ നിന്നുതന്നെയാണ് ചിത്രത്തിന്റെ കഥ തുടങ്ങുന്നത്. 'ജിബൂട്ടി'യില്‍ ഒപ്പം ജോലി ചെയ്‍തിരുന്ന കൂട്ടുകാരിയെ കാണാൻ അന്നാട്ടുകാരിയായ നായിക കേരളത്തിലെത്തുന്നു. കൂട്ടുകാരിയെ കാണാൻ എന്തുകൊണ്ട് കേരളത്തില്‍ എത്തുന്നുവെന്നത് ചെറിയൊരു സസ്‍പെൻസുമാണ്. 'ഹെന' എന്ന നായികയ്‍ക്ക് കേരളത്തില്‍ കൂട്ടാകുന്നത് നായകൻ 'ലൂയി'യും സുഹൃത്ത് 'എബി'യുമാണ്. വിദേശത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഇവര്‍ ഹെനയുമായി സൗഹൃദത്തിലാകുന്നു. ഹെനയുടെ സഹായത്തോടെ ഇവര്‍ വിദേശത്തേയ്‍ക്ക് പറക്കുന്നു. 'ജിബൂട്ടി'യില്‍ ജോലി ചെയ്‍ത് ജീവിതം തുടങ്ങുന്ന 'ലൂയി'യും സുഹൃത്തും' ഹെന'യും അന്നാട്ടുകാരും അവിടത്തെ മലയാളികളും എല്ലാം ഭാഗമാകുന്ന സംഭവങ്ങളും വഴിത്തിരുവുകളുമാണ് കഥയുടെ ചുരുക്കം.
കഥയറിയാൻ വേണ്ടി കാണേണ്ട സിനിമയല്ല 'ജിബൂട്ടി'. ഒരു യഥാര്‍ഥ സംഭവമാണ് ചിത്രത്തിന്റെ കഥ എന്നാണ് 'ജിബൂട്ടി'യുടെ പ്രവര്‍ത്തകര്‍ പറയുന്നത്. ' ജിബൂട്ടി' എന്ന വിദേശനാടും അവിടത്തെ ജീവിതസാഹചര്യങ്ങളുമെല്മലാം ചേര്‍ന്നുനില്‍ക്കുന്നതാണ് സിനിമയെന്നതാണ് കാഴ്‍ചാനുഭവം. 'ജിബൂട്ടി' എന്ന ദേശവും അവിടത്തെ ഭൂപ്രകൃതിയും ആവോളം ഉപയോഗപ്പെടുത്തിയിട്ടുണ്ട് ചിത്രം. 'ഉപ്പും മുളകും' എന്ന സീരിയലിലൂടെ ശ്രദ്ധേയനായ എസ് ജി സിനുവാണ് 'ജിബൂട്ടി'യുടെ സംവിധായകൻ. ആദ്യ സംവിധാന സംരഭം മോശമാക്കിയില്ല എസ് ജി സിനു. 'ജിബൂട്ടി' എന്ന ആദ്യ ചിത്രത്തിനായി എസ് ജി സിനുവെടുത്ത പരിശ്രമങ്ങള്‍ തിയറ്ററില്‍ കാണാനുണ്ട്. നാട്ടുത്തനിമയുള്ള തുടക്കത്തില്‍ നിന്ന് അപരിചിതമായ ഒരു പ്രദേശത്തേക്കുള്ള 'ജിബൂട്ടി'യുടെ മാറ്റമടക്കം കയ്യടക്കത്തോടെ എസ് ജി സിനുവിന് അവതരിപ്പിക്കാനായി.
'ലൂയി' എന്ന നായക കഥാപാത്രമായി അമിത് ചക്കാലക്കലാണ് അഭിനയിച്ചിരിക്കുന്നത്. 'വാരിക്കുഴിയിലെ കൊലപാതകം' എന്ന ചിത്രത്തിലൂടെ തുടക്കമിട്ട അമിത് ചക്കാലക്കല്‍ മലയാളത്തിന് പ്രതീക്ഷ വയ്‍ക്കാനാകുന്ന നടനാണ് എന്ന് അടിവരയിടുന്നുണ്ട് 'ജിബൂട്ടി'. നാട്ടിൻപുറത്തുകാരനായ ചെറുപ്പക്കാരനായ 'ലൂയി' എന്ന കഥാപാത്രം മറുനാട്ടിലെ ചില സാഹചര്യങ്ങളാല്‍ മാറ്റിമറിക്കപ്പെടുമ്പോള്‍ വേഷപകര്‍ച്ചയില്‍ അമിത്തിന്റെ രൂപ ഭാവമാറ്റങ്ങള്‍ അതിന് തെളിവാണ്. ഷഗുന്‍ ജസ്വാള്‍ ആണ് ചിത്രത്തിലെ നായികയായി എത്തിയിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് ഇഷ്‍ടം തോന്നുന്ന തരത്തിലാണ് ഷഗുന്‍ ജസ്വാളിനെ പ്രകടനം. നായകൻ ലൂയിയുടെ സുഹൃത്തായ കഥാപാത്രമായി അഭിനയിച്ചത് ഗ്രിഗറിയാണ്. പതിവുപോലെ ചെറുചിരി സമ്മാനിക്കാൻ ചിത്രത്തില്‍ ഗ്രിഗറിക്കാകുന്നുണ്ട്. ദിലീഷ് പോത്തന്‍, ബിജു സോപാനം, സുനില്‍ സുഖദ തുടങ്ങിയവരും ജിബൂട്ടിയില്‍ നിര്‍ണായകമാണ്. ജിബൂട്ടിയിലെ നിര്‍ണായകമായ മറ്റൊരു കഥാപാത്രം തമിഴ് നടൻ കിഷോറിന്റേതാണ്.
അഫ്‍സൽ അബ്‍ദൾ ലത്തീഫുമായി ചേര്‍ന്ന് എസ് ജെ സിനു തിരക്കഥയെഴുതിയിരിക്കുന്നു. തിരക്കഥാരചനയില്‍ അത്യാവശ്യം ഗവേഷണം ചിത്രത്തിനായി നടത്തിയിട്ടുണ്ട് ഇരുവരും. 'ജിബൂട്ടി'ക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം സംജിത് മുഹമ്മദ് നിര്‍വഹിച്ചിരിക്കുന്നത്. 'ജിബൂട്ടി'യിലെ പ്രദേശങ്ങള്‍ പ്രേക്ഷകരെ ഒന്ന് പരിചയപ്പെടുത്തുക എന്ന ദൌത്യം കൂടി നിര്‍വഹിക്കുന്നുണ്ട് സംജീത് മുഹമ്മദിന്റെ ക്യാമറ. ആഫ്രിക്ക എന്ന പൊതുബോധത്തില്‍ ഒറ്റ സംസ്‍കാരമല്ല 'ജിബൂട്ടി'യുടേത് എന്ന് വ്യക്തമാക്കുന്നുമുണ്ട് സംവിധായകൻ. 'ജിബൂട്ടി'യിലെ വൈവിധ്യമാര്‍ന്ന ജീവിതസാഹചര്യങ്ങള്‍ ചിത്രത്തില്‍ പരിചയപ്പെടുത്തുന്നു. സര്‍വൈവല്‍ ത്രില്ലര്‍ ആയി അവസാന ഘട്ടത്തില്‍ മാറുന്നു ജീബൂട്ടി. മനുഷ്യക്കടത്ത് ചെറിയ തരത്തില്‍ ചിത്രത്തില്‍ പരമാര്‍ശവിധേയമാകുന്നു. വില്ലൻ കഥാപാത്രത്തിന്റെ അവതരണം അത്ര കരുത്തുറ്റതാകുന്നില്ല എന്നത് ഒരു പോരായ്‍മായി മാറുന്നുണ്ട്. 'ജിബൂട്ടി'യിലെ മലയാളി വ്യവസായി ജോബി. പി സാം നിര്‍മിച്ച ചിത്രം അമിതപ്രതീക്ഷകളില്ലാതെ പോകുന്ന പ്രേക്ഷകരെ നിരാശരാക്കില്ലെന്ന് തീര്‍ച്ച.