മോഹന്‍ലാല്‍ സമീപകാലത്ത് തെരഞ്ഞെടുത്ത വ്യത്യസ്തമായ തിരക്കഥ
മലയാള സിനിമയില്‍ ട്രെന്‍ഡ് തന്നെ സൃഷ്ടിച്ച നിരവധി വാണിജ്യവിജയങ്ങള്‍ നല്‍കിയ കൂട്ടുകെട്ടാണ് ഷാജി കൈലാസ്- മോഹന്‍ലാല്‍. രഞ്ജിത്തിന്‍റെയും ടി എ ഷാഹിദിന്‍റെയും എ കെ സാജന്‍റെയുമൊക്കെ തിരക്കഥകളില്‍ ഷാജി കൈലാസ് അവതരിപ്പിച്ച മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍ തിയറ്ററുകളില്‍ മിക്കപ്പോഴും ആളും ആരവവും എത്തിച്ചിട്ടുണ്ട്. നീണ്ട 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഈ വിജയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്നതായിരുന്നു വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഒന്നുമില്ലാതെ എത്തിയ എലോണിന്‍റെ യുഎസ്‍പി. അവകാശവാദങ്ങളില്ലാതെ അവതരിപ്പിക്കുന്നു എന്നാണ് റിലീസ് ദിന പോസ്റ്ററില്‍ അണിയറക്കാരും ചിത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്ഫോമിലെ പ്രദര്‍ശനം ലക്ഷ്യമാക്കി എടുത്ത ചിത്രമാണിത്. ചിത്രീകരണത്തിനും യാത്രയ്ക്കും ജീവിതത്തിനു തന്നെയും കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്ന ഒരു സമയത്ത് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത് ലക്ഷ്യമാക്കി എടുക്കപ്പെട്ട ചിത്രം. ഈ പരിമിതികളെ എങ്ങനെ സാധ്യതകളാക്കാം എന്ന തിരക്കഥാകൃത്ത് രാജേഷ് ജയരാമന്റെയും ഷാജി കൈലാസിന്റെയും ശ്രമമാണ് എലോൺ. തന്‍റെ ഭാവി വധു വാങ്ങിത്തന്ന കൊച്ചിയിലെ ഒരു ആഡംബര ഫ്ലാറ്റിലേക്ക് കൊവിഡ് കാലത്ത് താമസത്തിന് എത്തുകയാണ് കാളിദാസന്‍. അപരന്‍റെ സാന്നിധ്യം അസ്വീകാര്യമായ ഒരു സമയത്ത് പുതുതായി എത്തിയ സ്ഥലത്തെ ഏകാന്ത വാസവുമായി എങ്ങനെയെങ്കിലും പൊരുത്തപ്പെടാനുള്ള ശ്രമങ്ങളിലാണ് അയാള്‍. എന്നാല്‍ സമയം കടന്നുപോകെ അവിടെ മറ്റെന്തോ ചില സാന്നിധ്യങ്ങളും ഉണ്ടെന്ന് അമ്പരപ്പോടെയും ഭീതിയോടെയും തിരിച്ചറിയുകയാണ് അയാള്‍. കേള്‍ക്കുന്ന അശരീരികളില്‍ നിന്ന് ഒരു സംഭാവ്യ കഥ മെനഞ്ഞെടുക്കുന്ന കാളിദാസന്‍റെ ഭയം ജിജ്ഞാസയ്ക്ക് വഴി മാറുന്നു. യുക്തിക്ക് അതീതമായ ചില സാന്നിധ്യങ്ങളിലൂടെ തന്നിലേക്ക് എത്തിച്ചേരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയുള്ള സഞ്ചാരം ആരംഭിക്കുകയാണ് അയാള്‍.
undefined
പേര് സൂചിപ്പിക്കുന്നതുപോലെ ഒരേയൊരു അഭിനേതാവ് മാത്രമാണ് എലോണില്‍ ഓണ്‍-സ്ക്രീന്‍ ആയി എത്തുന്നത്. അത് കാളിദാസനായി എത്തുന്ന മോഹന്‍ലാല്‍ ആണ്. എന്നാല്‍ ശബ്ദ സാന്നിധ്യങ്ങളും മറ്റ് പ്രധാന കഥാപാത്രങ്ങളുമായി മഞ്ജു വാര്യര്‍, പൃഥ്വിരാജ്, നന്ദു, സിദ്ദിഖ്, സുരേഷ് കൃഷ്ണ എന്നിങ്ങനെ ശബ്ദത്താല്‍ മലയാളികള്‍ പെട്ടെന്നു തിരിച്ചറിയുന്ന താരങ്ങള്‍ ഉണ്ട്. 2 മണിക്കൂര്‍ 2 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിലെ ഏതാണ്ട് മുഴുവന്‍ സമയവും ക്യാമറ തിരിയുന്നത് ഒരു ഫ്ലാറ്റ് സമുച്ചയത്തിലാണ്. ഇത്രയും പരിമിതമായ ഒരു സ്ഥലത്ത് രണ്ട് മണിക്കൂര്‍ കാണിയെ പിടിച്ചിരുത്തുക എന്നത് ഒരു സംവിധായകന് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ അതിനെ വിജയകരമായി നേരിടുന്നുണ്ട് ഷാജി കൈലാസ്. മോഹന്‍ലാലിന്‍റെ കരിസ്മയാണ് അതിന് അദ്ദേഹത്തെ സഹായിക്കുന്ന മുഖ്യ ഘടകം. സമീപകാലത്ത് മോഹന്‍ലാലിന് ഏറ്റവും അയത്ന ലളിതമായി അവതരിപ്പിക്കാന്‍ പറ്റിയ കഥാപാത്രമായിരുന്നു കാളിദാസന്‍. അത് അദ്ദേഹം മനോഹരമായി സ്ക്രീനില്‍ എത്തിച്ചിട്ടുമുണ്ട്.
ശബ്ദമായി മാത്രമാണെങ്കിലും തങ്ങളുടെ സാന്നിധ്യങ്ങളെ കഥാപാത്രങ്ങളായി അനുഭവിപ്പിക്കാന്‍ മഞ്ജു വാര്യരും പൃഥ്വിരാജും അടക്കമുള്ളവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു അഭിനേതാവിനെ മാത്രമാണ് തങ്ങള്‍ സ്ക്രീനില്‍ കണ്ടിരിക്കുന്നത് എന്ന തോന്നല്‍ കാണിയില്‍ നിന്ന് ഒഴിവാക്കിനിര്‍ത്താനും ഫോണ്‍ കോളുകളായി എത്തുന്ന ഈ കഥാപാത്രങ്ങളിലൂടെ സംവിധായകന് സാധിച്ചിട്ടുണ്ട്. സാങ്കേതികമായി അപ്ഡേറ്റഡ് ആയിരിക്കുന്ന ഷാജി കൈലാസിനെ വീണ്ടും കാണാനാവുന്ന ചിത്രം കൂടിയാണ് എലോണ്‍. ഈ ഒറ്റയാള്‍ സിനിമയെ ആസ്വാദ്യമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരിക്കുന്നവര്‍ ഛായാഗ്രാഹണം നിര്‍വ്വഹിച്ച അഭിനന്ദന്‍ രാമാനുജവും പ്രമോദ് കെ പിള്ളയുമാണ്. ഫ്രെയ്മുകളെ പരമാവധി കളര്‍ഫുള്‍ ആക്കി അതേസമയം പറയുന്ന കഥയോട് ചേര്‍ന്നുപോകുന്ന തരത്തിലുള്ള ഒരു വിഷ്വല്‍ ലാംഗ്വേജ് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചിട്ടുണ്ട്. ഒടിടിക്കു വേണ്ടി എടുത്തതാണെങ്കിലും ഒരു 70 എംഎം സ്ക്രീനിലെ കാഴ്ചയിലും ദൃശ്യപരമായി ചിത്രം മടുപ്പിക്കുന്നില്ല എന്നത് ഈ ഛായാഗ്രാഹകരുടെ മികവാണ്.
സിനിമാപ്രേമികളില്‍ പ്രൊമോഷനിലൂടെ അമിത പ്രതീക്ഷയൊന്നും പകരാതെ എത്തിയിരിക്കുന്ന ചിത്രമാണ് എലോണ്‍. മോഹന്‍ലാല്‍ സമീപകാലത്ത് തെരഞ്ഞെടുത്ത വ്യത്യസ്തമായ തിരക്കഥയും. പ്രകടനങ്ങളിലൂടെ വിസ്മയിപ്പിക്കാന്‍ അദ്ദേഹത്തിന് കാതങ്ങള്‍ ബാക്കിയുണ്ട് എന്ന് പറയാതെപറയും ഈ ചിത്രം.