വെളിച്ചത്തെ അന്വേഷിക്കുന്ന ജീവിതങ്ങള്‍: 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' റിവ്യൂ

By Vipin VK  |  First Published Dec 18, 2024, 11:30 AM IST

മുംബൈയിലെ രണ്ട് നഴ്‌സുമാരുടെ കഥ പറയുന്ന ചിത്രമാണ് പ്രഭയായി നിനച്ചതെല്ലാം. ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഇവരുടെ ബന്ധങ്ങളും, പ്രണയവും, വേർപിരിയലും, സ്വപ്നങ്ങളും പ്രതീക്ഷകളും ചിത്രം അനാവരണം ചെയ്യുന്നു. ഒരു അപ്രതീക്ഷിത യാത്ര അവരുടെ ജീവിതത്തിൽ വഴിത്തിരിവാകുന്നതും ചിത്രം ചർച്ച ചെയ്യുന്നു.


പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' അഥവ മലയാളത്തില്‍ 'പ്രഭയായി നിനച്ചതെല്ലാം' പേര് പോലെ തന്നെ കാവ്യത്മകമായ ഒരു ചലച്ചിത്ര രൂപമാണ്. പയൽ കപാഡിയയുടെ രണ്ടാമത്തെ ചിത്രമാണ് ചിത്രമായ  'പ്രഭയായി നിനച്ചതെല്ലാം'  ഒരു ശുദ്ധമായ, മനോഹരമായി രൂപകല്പന ചെയ്ത ചലച്ചിത്രമാണ് ഇത്. ചിത്രത്തിന്‍റെ രത്ന ചുരുക്കം പല ഭാഷകളിലായി മുംബൈയുടെ ഒരു രാത്രി ദൃശ്യങ്ങളുടെ പാശ്ചത്തലത്തില്‍ മുഴങ്ങുന്ന ശബ്ദത്തില്‍ ഒന്ന് പറയുന്നുണ്ട്. “ഇത് സ്വപ്നങ്ങളുടെ നഗരം അല്ല, മറിച്ച് മായ കാഴ്ചകളുടെതാണ്, അതില്‍ നിങ്ങള്‍ മുഴുകിയില്ലെങ്കില്‍ നിങ്ങളെ അത് ഭ്രാന്ത് പിടിപ്പിക്കും".

ആധുനിക മുംബൈയുടെ പാശ്ചത്തലത്തിലാണ് കഥ. എന്നാല്‍ പതിവ് മുംബൈ കാഴ്ചകള്‍ അല്ല ചിത്രം കാണിക്കുന്നത്. പ്രഭ (കനി കുസൃതി)യും അനു (ദിവ്യ പ്രഭ)യും ഒരേ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സുമാരാണ്. ഒരു ചെറിയ ഫ്ലാറ്റിൽ അവര്‍ ഒന്നിച്ച് താമസിക്കുന്നു. അവര്‍ക്കിടയിലെ ജനറേഷന്‍ ഗ്യാപ് വളരെ പ്രകടമാണ്. പ്രഭ മധ്യവയസ്സുകാരിയാണ്, എന്നാൽ അനു പുതിയതായി ജോലിയിൽ പ്രവേശിച്ച ഒരാളാണ് യുവതിയാണ്. 

Latest Videos

undefined

അവരുടെ വിശ്വാസങ്ങളിലും ജീവിത രീതികളിലും വലിയ വ്യത്യാസമുണ്ട്. പ്രഭ വർഷങ്ങൾക്ക് മുമ്പ് വീട്ടുകാരുടെ നിര്‍ബന്ധത്തില്‍ വിവാഹിതയായി എന്നാല്‍ ജര്‍മ്മനിയില്‍ പോയ ഭര്‍ത്താവിനെ സംബന്ധിച്ച് വിവരമൊന്നും ഇല്ല, അനു ഷിഹാബ് എന്ന മുസ്ലീം യുവാവുമായി പ്രണയത്തിലാണ്. 

രണ്ടുപേരുടെയും ബന്ധങ്ങള്‍ പ്രശ്നങ്ങള്‍ നിറഞ്ഞതാണ്. അനുവിന്റെ മാതാപിതാക്കൾ അനുവിന് വിവാഹം ആലോചിക്കുന്നു ഒരിക്കലും അവര്‍ ഒരു മുസ്ലീം യുവാവിനെ വിവാഹം കഴിക്കാന്‍ സമ്മിതിക്കില്ലെന്ന് ഉറപ്പാണ്. ഇരുവരും തങ്ങളുടെ പ്രശ്നങ്ങളെ ഒറ്റയ്ക്ക് നേരിട്ട് മുന്നോട്ട് പോകുമ്പോള്‍ കഥാഗതിയില്‍ ഇവരുടെ ബന്ധങ്ങള്‍ കൂട്ടിമുട്ടുന്ന സന്ദര്‍ഭങ്ങള്‍ ഉടലെടുക്കുന്നു. 

ഭർത്താവിനെ വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടതിനെത്തുടർന്ന് സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങാൻ നിർബന്ധിതയായ വിധവയായ സഹപ്രവർത്തകയായ പാർവതിക്കൊപ്പം (ഛായ കദം) പ്രഭയും അനുവും പോകുന്നതാണ് ചിത്രത്തിന്‍റെ വഴിത്തിരിവ് . വലിയ നഗരത്തിലെ അരാജകത്വങ്ങളിൽ നിന്നും സാമൂഹിക പരിമിതികളിൽ നിന്നും മാറി, മൂന്ന് സ്ത്രീകൾക്കിടയിലെ ബന്ധത്തിന്‍റെ പ്രതിഫലനത്തിനുള്ള അവസരമായി ഈ യാത്ര മാറുന്നു. 

എന്നിരുന്നാലും, ഒരു സായാഹ്ന നടത്തത്തിനിടയിൽ, കടൽത്തീരത്ത് നടന്ന ഒരു സംഭവം, പ്രഭ സ്വയം മനസില്‍ അടക്കി നിര്‍ത്തിയ ജീവിത വീക്ഷണങ്ങളെ അപനിര്‍മ്മിക്കുന്ന ഒരു മായിക നിമിഷമാകുന്നു. ഇത് ഭൂതകാലത്തെ അസ്വസ്തതകളെ കുടഞ്ഞെറിഞ്ഞ് ഭാവിയിലേക്ക് നോക്കാനുള്ള പ്രചോദനമായി വിളക്ക് കത്തിനില്‍ക്കുന്ന ലോംങ് ഷോട്ടില്‍ അവസാനിക്കുമ്പോള്‍ ചിത്രവും തീരുന്നു. 

കഥയിലെ കഥാപാത്രങ്ങളുടെ സ്വഭാവത്തിലെ വൈരുദ്ധ്യവും, അവരുടെ ചുറ്റുപാടിന്‍റെ നഗര വിശാലതയും പ്രേക്ഷകന് തോന്നുന്ന ഇമോഷനെ എത്രത്തോളം പ്രചോധിപ്പിക്കാം എന്ന നിലയില്‍ കപാഡിയ ചിത്രത്തില്‍ ഉപയോഗിക്കുന്നുണ്ട്. കഥയുടെ കേന്ദ്രമായ സ്ത്രീകള്‍ തങ്ങളുടെ ദുരിതങ്ങൾ പരസ്പരം മറച്ചുവെച്ച്, വ്യത്യസ്ത രീതിയില്‍ ജീവിക്കുമ്പോൾ, അത് പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കാന്‍ നഗരത്തിന്‍റെ വിശാലതയും, ഇടുങ്ങിയ ഫ്ലാറ്റിലെ ക്ലോസ്‌ട്രോഫോബിക്കായ ( ഇടുങ്ങിയ ഇടങ്ങളോടുള്ള ഭയം) സംയോജിപ്പിച്ച് അതിമനോഹരമായി ഛായാഗ്രഹണമാണ് ചിത്രത്തിന്. രണ്ടാം പകുതിയില്‍ ചിത്രം വിശാലമായ തീരദേശ ഗ്രാമത്തിലേക്ക് എത്തുമ്പോഴുള്ള ഛായാഗ്രഹണം ഒരു വലിയ ശ്വാസം വിടും പോലെ ആശ്വസകരമായി തോന്നുന്നതും, മുറുക്കമുള്ള നഗരകാഴ്ചകള്‍ ആദ്യം സ്ക്രീനില്‍ വരുന്നതിനാലാണ്. 

നഗരത്തിലെ ചുറ്റുപാടുമുള്ള ജീവിതങ്ങൾക്കിടയിലും ഇതിലെ മൂന്ന് സ്ത്രീ കഥാപാത്രങ്ങള്‍ എത്രമാത്രം ഒറ്റയ്ക്കാണെന്ന് കഥാപാത്രങ്ങളുടെ ക്ലോസ്-അപ്പുകളിലൂടെ പ്രേക്ഷകന് ബോധം ഉണ്ടാക്കുന്നു സംവിധായിക. ഈ സിനിമ എല്ലായ്പ്പോഴും അതിലെ നായികമാരുടെ വൈകാരികതയെ മുന്നില്‍ നിര്‍ത്തിയാണ് മുന്നോട്ട് പോകുന്നത്, പലപ്പോഴും സീനുകൾ ശാന്തമാക്കുന്നു. കഥാപാത്രങ്ങൾ അവരുടെ ജീവിതത്തിന്‍റെ പ്രയാസങ്ങളും അതിന്‍റെ സാധുതയുമായി മല്ലിടിക്കുകയും ക്രമേണ പരസ്പരം ആകർഷിക്കുകയും ചെയ്യുമ്പോൾ പോലും പ്രേക്ഷകനും അവരോടൊപ്പം അവരുടെ ജീവിതം നയിക്കുന്നതായി അനുഭവപ്പെടുന്ന ആഖ്യാനമാണ് ചിത്രം ഒരുക്കുന്നത്. ഈ ആഖ്യാനത്തിന്‍റെ തീവ്രതയും വൈകാരികതയും തികച്ചും സ്വാഭാവികവുമാണ്. 

പ്രഭയായി നിനച്ചതെല്ലാം മനോഹരമായി ചിത്രീകരിച്ച ഒരു ചിത്രമാണ്, അത് ചില സമയങ്ങളിൽ വളരെ മന്ദഗതിയിലുള്ള ആഖ്യനത്തിലാണെങ്കിലും ആത്യന്തികമായി മനുഷ്യബന്ധത്തിന്‍റെ ആഘോഷമായി ആവിഷ്കരിക്കുന്നത്. പ്രഭയും അനുവും ഒരുമിച്ച് കൂടുതൽ സമയം ചെലവഴിക്കുകയും അവരുടെ പ്രണയബന്ധങ്ങളും അവർ രൂപപ്പെടുത്തിയ വിശ്വാസങ്ങളും കണ്ടെത്തുമ്പോള്‍, അവർ പരസ്പരം നന്നായി മനസ്സിലാക്കാൻ തുടങ്ങുന്നു. 

അവരുടെ  ഈ പരസ്പര ധാരണ അവരെ അവർ അന്വേഷിക്കുന്ന ലക്ഷ്യത്തിലേക്ക് അടുപ്പിക്കുന്നു. സഹാനുഭൂതി, സത്യസന്ധത, യഥാർത്ഥ സൗഹൃദം എന്നിവ വരുത്തുന്ന ജീവിത കാഴ്ചപ്പാടിലെ പരിവര്‍ത്തനമാണ് ചിത്രം തേടുന്നത്. കനി കുസൃതിയുടെയും ദിവ്യപ്രഭയുടെയും ശക്തമായ, ഹൃദയസ്പർശിയായ പ്രകടനങ്ങൾ, നിഗൂഢമായ തുടക്കം മുതൽ ഹൃദയസ്പർശിയായ അവസാനത്തിലേക്കുള്ള ചിത്രത്തിന്‍റെ യാത്രയെ ആകർഷകവും ചലനാത്മകവുമാക്കുന്നു എന്ന് പറയാം.

ദമ്മാമിന്‍റെ മേളപ്പെരുക്കം, സിദ്ദികളുടെ ജീവിതം, പാര്‍ശ്വവല്‍ക്കരണം; റിഥം ഓഫ് ദമ്മാം- റിവ്യൂ

ഹൈപ്പർബോറിയൻസ്: രാഷ്ട്രീയം പറയുന്ന ഒരു ഭ്രാമാത്മക പരീക്ഷണം

click me!