കേന്ദ്ര കഥാപാത്രം ഗുരുവിന്‍റെ മനസ് പോലെ തിങ്ങിനിറഞ്ഞ തെരുവുകളും ഇടുക്കമുള്ള ആഗ്രയുടെ വഴികളുമാണ് ഫ്രെയ്‍മുകളിലാകെ
തിത്‍ലി എന്ന അരങ്ങേറ്റ ചിത്രത്തിലൂടെത്തന്നെ ആരാധകരെ നേടിയ സംവിധായകനാണ് കനു ബേല്‍. അദ്ദേഹത്തിന്‍റെ രണ്ടാം ചിത്രമാണ് ആഗ്ര. ഇത്തവണത്തെ കാന്‍ ചലച്ചിത്രമേളയില്‍ ഡയറക്ടേഴ്സ് ഫോര്‍ട്ട്‍നൈറ്റ് വിഭാഗത്തില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രം ഐഎഎഫ്‍കെയിലെ അന്തര്‍ദേശീയ മത്സരവിഭാഗം ചിത്രമാണ്. കടുത്ത ലൈംഗിക ദാരിദ്ര്യം നേരിടുന്ന, അതില്‍ നിന്നുള്ള ഇച്ഛാഭംഗത്താല്‍ പരവശനായ ഗുരു എന്ന 24 കാരനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. പേര് സൂചിപ്പിക്കുന്നതുപോലെ പ്രണയത്തിന്റെ നിത്യസ്മാരകമായ താജ്മഹല്‍ സ്ഥിതി ചെയ്യുന്ന ആഗ്രയാണ് കനു ബാല്‍ ഈ കഥ പറയാന്‍ തെരഞ്ഞെടുത്തിരിക്കുന്നത് എന്നത് വിപരീതങ്ങളുടെ സൗന്ദര്യം ഉണ്ടാക്കുന്നുണ്ട്.
താജ്‍മഹലോ ആഗ്രയുടെ മറ്റ് മനോഹാരിതകളോ ഒന്നും കടന്നുവരാത്ത ചിത്രത്തില്‍ കേന്ദ്ര കഥാപാത്രം ഗുരുവിന്‍റെ മനസ് പോലെ തിങ്ങിനിറഞ്ഞ തെരുവുകളും ഇടുക്കമുള്ള ആഗ്രയുടെ വഴികളുമാണ് ഫ്രെയ്‍മുകളിലാകെ. ഏത് കാലത്ത് സംഭവിക്കുന്ന കഥയെന്ന് സംവിധായകന്‍ നേരിട്ട് പറയുന്നില്ലെങ്കിലും വര്‍ത്തമാനകാലമല്ലെന്ന് വ്യക്തം. എതിര്‍ലിംഗത്തില്‍ പെട്ടവരോടുള്ള സൗഹൃദം നിലവിലേതുപോലെ സ്വാഭാവികമോ സാധ്യമോ അല്ലാതിരുന്ന ഒരു കാലമാണ് കഥാപശ്ചാത്തലം. സോഷ്യല്‍ മീഡിയയൊക്കെ എത്തുന്നതിന് മുന്‍പുള്ള ചാറ്റ്‍ റൂം കാലമാണ് അത്. സങ്കീര്‍ണ്ണതയുള്ള ഒരു കുടുംബത്തിലെ അംഗമാണ് ഗുരു. അച്ഛനും അമ്മയും അച്ഛന്‍റെ രണ്ടാം ഭാര്യയും ഒപ്പം ഒരു കസിന്‍ സിസ്റ്ററും. ഇടുങ്ങിയ ഒരു വീട്ടില്‍ ഇത്രയും പേര്‍ക്കൊപ്പമാണ് ഗുരു കഴിയുന്നത്. തന്‍റെ വികാരവിചാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ഇടമില്ലാത്ത, തന്നെ കേള്‍ക്കാന്‍ തയ്യാറാവാത്ത വീടിനോട് സംഘര്‍ഷഭരിതമായ ബന്ധമാണ് അയാളുടേത്. മാനസികമായ അപഭ്രംശത്തോളം എത്തുന്ന ഗുരുവിനെ ഒരു തെറ്റുകാരനും കുറ്റക്കാരനുമായാണ് കുടുംബം എപ്പോഴും വിലയിരുത്തുന്നത്. ഹോര്‍മോണുകള്‍ ഏറ്റവും ആക്റ്റീവ് ആയ ഒരു പ്രായത്തില്‍ സെക്ഷ്വല്‍ ഫ്രസ്ട്രേഷന്‍റെ അറ്റം കണ്ട കഴിഞ്ഞ തലമുറയിലെ വലിയൊരു വിഭാഗം യുവാക്കളുടെ പ്രതിനിധിയാണ് ഗുരു. കാലം കടന്നുപോകവെ അയാള്‍ എത്തരത്തിലാണ് ജീവിതത്തിനൊപ്പം സഞ്ചരിച്ചതെന്നാണ് ആഗ്ര കാട്ടിത്തരുന്നത്.
undefined
ഗുരുവായി നവാഗതനായ മോഹിത് അഗര്‍വാള്‍ അതിഗംഭീര പ്രകടനമാണ് നടത്തിയിരിക്കുന്നത്. അഭിലാഷങ്ങളുടെ ചങ്ങലക്കെട്ടുകളില്‍ നിന്ന് മോചനമില്ലാതെ കുടുങ്ങിക്കിടക്കാന്‍ വിധിക്കപ്പെട്ട ഗുരുവിനെ അനുഭവിപ്പിക്കുന്നുണ്ട് മോഹിത്. പ്രണയം തേടി ചാറ്റ് റൂമികളിലൂടെയും അല്ലാതെയുമുള്ള യാത്രകളില്‍ അയാള്‍ ഏറ്റവുമൊടുവില്‍ എത്തിച്ചേരുന്നത് പ്രീതി എന്ന ഇന്‍റര്‍നെറ്റ് കഫേ ഉടമയായ, ഭിന്നശേഷിക്കാരിയായ മുതിര്‍ന്ന സ്ത്രീയുടെ മുന്നിലാണ്. മരണപ്പെട്ട രണ്ടാമത്തെ ഭര്‍ത്താവില്‍ നിന്നും ലഭിച്ചതാണ് അവര്‍ക്ക് ആ കഫെ. ശരീരത്തിന്‍റേതായ ദാഹങ്ങള്‍ക്ക് ഒരു വഴിയും പ്രകാശനവും ലഭിക്കുന്നതോടെ ജീവിതത്തോടുള്ള ഗുരുവിന്‍റെ സമീപനങ്ങള്‍ തന്നെ മാറുന്നുണ്ട്. എല്ലാവരാലും പാഴെന്ന് മുദ്ര കുത്തപ്പെട്ടിരുന്നിടത്തുനിന്ന് കുടുംബാംഗങ്ങളുടെയെല്ലാം ജീവിതത്തെ സ്വാധീനിക്കുന്ന ചില തീരുമാനങ്ങളിലേക്കും ഗുരു എത്തുന്നുണ്ട്.
തിത്‍ലി ഒരു വണ്‍ ടൈം വണ്ടര്‍ ആയിരുന്നില്ലെന്ന് തെളിയിക്കുകയാണ് കനു ബേല്‍ ആഗ്രയിലൂടെ. ലോകസിനിമയില്‍ നിരവധി ആവര്‍ത്തിച്ചിട്ടുള്ള ഒരു പ്രമേയത്തെ ഇന്ത്യന്‍ സാഹചര്യത്തിലേക്ക് പറിച്ചുനടപ്പോള്‍ അതിന് നിരവധി അര്‍ഥതലങ്ങള്‍ കൊടുക്കാന്‍ കനുവിന് സാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമൂഹത്തില്‍ ഏറ്റവും പ്രാധാന്യമുള്ള കുടുംബം എന്ന സ്ഥാപനത്തെയും ചിത്രം ആഴത്തില്‍ പരിശോധിക്കുകയും വിമര്‍ശനവിധേയമാക്കുന്നുമുണ്ട്. ഗുരു നേരിടുന്ന തീവ്രമായ മാനസിക പ്രതിസന്ധികള്‍ ഒരു വലിയ ഭാഗം ആ ഇടുങ്ങിയ വീട്ടില്‍ ജീവിതം തള്ളിനീക്കാന്‍ വിധിക്കപ്പെട്ട ആ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് സമ്മാനിക്കുന്നതാണ്. സൗരഭ് മോംഗയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. ഗുരുവിന്‍റെ മനസുപോലെതന്നെ ഇന്‍ഡോര്‍ ആയാലും ഔട്ട്ഡോര്‍ ആയാലും ഇടുങ്ങിയ ഫ്രെയ്‍മുകളാണ് സൗരഭ് വച്ചിരിക്കുന്നത്. ഗുരുവിന്‍റെ വിക്ഷുബ്ധമായ മനസിലൂടെ സഞ്ചരിക്കുന്നതുപോലെയാണ് ആഗ്രയുടെ ദൃശ്യാനുഭവം. ഇന്ത്യന്‍ സിനിമയ്ക്ക് പ്രതീക്ഷയര്‍പ്പിക്കാവുന്ന മറ്റൊരു സംവിധായകനെക്കൂടി നമുക്ക് ലഭിക്കുകയാണ് കനു ബേലിലൂടെ.
ALSO READ : IFFK Review : മറ്റൊരു ജെയ്‍ലാന്‍ മാജിക്; 'എബൗട്ട് ഡ്രൈ ഗ്രാസസ്' റിവ്യൂ