മാസിന് മാസ് ആക്ഷന് ആക്ഷൻ ഇമോഷന് ഇമോഷൻ എല്ലാം നാനിയുടെ കയ്യിൽ ഭദ്രം.
'ഹൃദയസ്പർശിയായ ഒരു മാസ് ചിത്രം', പ്രമോഷൻ പരിപാടിക്കിടെ നാനി 'ദസറ'യെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇത്. ചിത്രം ഇന്ന് തിയറ്ററുകളിൽ എത്തിയപ്പോൾ ഈ വാക്കുകൾ ഊട്ടി ഉറപ്പിക്കുകയാണ് സംവിധായകൻ ശ്രീകാന്ത് ഒഡേല. ദസറയോടെ തുടങ്ങി ദസറയോടെ അവസാനിക്കുന്ന ഒരു മനോഹര പ്രണയ, സൗഹൃദ, ആക്ഷൻ എന്റർടെയ്നർ ചിത്രം.
പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ (തെലങ്കാന) സിംഗരേണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന വീരണപ്പള്ളി എന്ന ഗ്രാമമാണ് കഥയ്ക്ക് പശ്ചാത്തലം. കാറ്റിന് പോലും കറുത്ത നിറമുള്ള പ്രദേശത്തെ വിവരിച്ച് കൊണ്ടാണ് ദസറ തുടങ്ങുന്നത്. ജാതി വിവേചനവും അധികാരത്തിനും പെണ്ണിനും വേണ്ടി എന്തും ചെയ്യാൻ മടികാണിക്കാത്ത ആളുകളുകളുടെ ഇടയിൽപെട്ട് ഉഴലുന്ന ഗ്രാമം ആണ് ഇതെന്ന് ആദ്യ നോട്ടത്തിൽ നിന്നും തന്നെ ചിത്രം വ്യക്തമാക്കുന്നു.
undefined
വെന്നെല, സൂരി, ധരണി, ശിവാണ്ണൻ, രാജണ്ണൻ, ചിന്ന നമ്പി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ധരണി എന്ന കഥാപാത്രമായി നാനി നിറഞ്ഞാടിയപ്പോൾ വെന്നെലയായി കീർത്തി സുരേഷും കസറി. ദീക്ഷിത് ഷെട്ടിയാണ് സൂരിയായി എത്തിയത്. എല്ലാതവണത്തെയും പോലെ ഷൈൻ ടോം ചാക്കോ, ചിന്ന നമ്പി എന്ന കഥാപത്രത്തോട് പൂർണമായും നീതി പുലർത്തിയിട്ടുണ്ട്. നാനി തെലുങ്കാന ഭാഷയാണ് കൈകാര്യം ചെയ്യുന്നത് എന്നും ശ്രദ്ധേയമാണ്. സിനിമയ്ക്ക് വേണ്ടിയുള്ള നാനിയുടെ വേറിട്ട ഗെറ്റപ്പ് മുന്നെ തന്നെ മാധ്യമശ്രദ്ധ ആകർഷിച്ചിരുന്നു.
വീരണപ്പള്ളിയിൽ പ്രമുഖനായ വലിയ നമ്പിയുടെ മക്കളാണ് ശിവാണ്ണനും(സമുദ്രക്കനി) രാജണ്ണനും( തെലുങ്ക് നടൻ സായ് കുമാർ). സഹോദരങ്ങൾ ആണെങ്കിലും അധികാരത്തിന് വേണ്ടി ഇരുവരും വേർതിരിയുന്നു. ഇതിന്റെ പരിണിത ഫലങ്ങൾ അനുഭവിക്കുന്നത് അവിടുത്തെ ജനങ്ങളാണ്. സാധാരണക്കാരായ മനുഷ്യരെ വച്ച് അധികാരത്തിനായി പലതും ചെയ്യുന്ന ഒരു വിഭാഗവും തോൽവികൾ മാത്രം ഏറ്റുവാങ്ങി ഒടുവിൽ ജനങ്ങളുടെ പ്രിയപ്പെട്ടവനാകുന്ന മറ്റൊരു വിഭാഗവും. ശിവന്റെ മകനാണ് ചിന്ന നമ്പി.
സുഹൃത്ത് ബന്ധത്തിന്റെ കഥ കൂടിയാണ് ദസറ. സൗഹൃദത്തിന് വേണ്ടി എന്തും ചെയ്യുന്നവനാണ് ധരണി. കുട്ടിക്കാലം മുതൽ പ്രേമിച്ച പെണ്ണിനെ കൂട്ടുകാരന് വിട്ടുകൊടുത്ത ധരണി, ആ സുഹൃത്തിന് വേണ്ടി ഏതറ്റം വരെയും പോകുമെന്ന് തെളിയിച്ചു. തന്റെ കഥാപാത്രം ആവശ്യപ്പെടുന്നത് അല്ലെങ്കിൽ അതിൽ കൂടുതൽ തന്നെ നാനിയ്ക്ക് ധരണിയിലൂടെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ കഴിഞ്ഞു എന്നത് നൂറ് ശതമാനം ഉറപ്പാണ്. മാസിന് മാസ് ആക്ഷന് ആക്ഷൻ ഇമോഷന് ഇമോഷൻ എല്ലാം നാനിയുടെ കയ്യിൽ ഭദ്രമാക്കി. നച്വറൽ ആക്ടറുടെ പക്കാ നച്വറൽ പ്രകടനം. ശക്തമായ കഥാപാത്രമായെത്തി കീർത്തിയും പ്രേക്ഷക കയ്യടി നേടി. ഒപ്പം ഒരു സീനിൽ വന്ന് പോകുന്ന അഭിനേതാക്കൾ വരെ അവരവരുടേതായ ഭാഗങ്ങൾ മനോഹരമാക്കിയി.
ദസറയുടെ ഏറ്റവും വലിയ നട്ടെല്ല് അതിന്റെ തിരക്കഥ തന്നെയാണ്. തിന്മയുടെ മേൽ നന്മ നേടിയ വിജയത്തിൻ്റെ ആഘോഷ ഉത്സവമാണ് ദസറ. രാമൻ രാവണനെ വധിച്ച് അന്ധകാരം അവസാനിപ്പിച്ചതിൻ്റെ ഓർമ്മയ്ക്കായി വിജയദശമി ദിനത്തിൽ രാവണൻ്റെ കോലം കത്തിക്കുന്നതിലൂടെയാണ് ദസറ ആഘോഷം പൂർണ്ണമാകുന്നത്. ഇതിന് സമാനമായി തന്നെയാണ് ചിത്രത്തിൻ്റെ കഥയും ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരെ ഒരു നിമിഷം പോലും ലാഗ് അടിപ്പിക്കാതെ അവരുടെ പൾസ് അറിഞ്ഞ് തന്നെ ശ്രീകാന്ത് ഒഡേല തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. സന്തോഷ് നാരായണനാണ് സംഗീതം. ഖനിയുടെയും മനുഷ്യ വികാരങ്ങളുടെ ദൃശ്യങ്ങളും അതിമനോഹരമായി ക്യാമറ കണ്ണിൽ ഒപ്പിയെടുത്ത സത്യൻ സൂര്യനും കയ്യടി അർഹിക്കുന്നു. എന്തായാലും നാനിയുടെ ആദ്യ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പ്.