രണ്ടര മണിക്കൂര്‍ ഫണ്‍ റൈഡിന് ക്ഷണിച്ച് ഫഹദും പിള്ളേരും; 'ആവേശം' റിവ്യൂ

By Web Team  |  First Published Apr 11, 2024, 3:22 PM IST

കഥയേക്കാള്‍ കാഴ്ചയും സം​ഗീതവും ചേരുംപടി ചേര്‍ന്ന കളര്‍ഫുള്‍ അനുഭവമാണ് ആവേശം


രോമാഞ്ചം എന്ന ആദ്യ ചിത്രവുമായി വന്ന് സര്‍പ്രൈസ് ഹിറ്റ് അടിച്ച സംവിധായകനാണ് ജിത്തു മാധവന്‍. ജിത്തുവിന്‍റെ സംവിധാനത്തില്‍ അന്‍വര്‍ റഷീദും നസ്രിയ നസീമും ചേര്‍ന്ന് നിര്‍മ്മിച്ച് ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം എന്നതായിരുന്നു ആവേശത്തിന്‍റെ പ്രീ റിലീസ് ഹൈപ്പ്. ടൈറ്റില്‍ ലുക്ക് മുതല്‍ പ്രേക്ഷകര്‍ക്കിടയില്‍ പേരുപോലെതന്നെ ഒരു ആവേശം സൃഷ്ടിക്കുന്നതിലും വിജയിച്ച ചിത്രമാണിത്. ഇതുവരെ അവതരിപ്പിക്കാത്തതരം കഥാപാത്രമെന്ന് ഫഹദ് തന്നെ പറഞ്ഞ രം​ഗ കേന്ദ്ര സ്ഥാനത്തുള്ള ആവേശത്തിന്‍റെ കാഴ്ചാനുഭവത്തിലേക്ക് കടക്കാം.

പശ്ചാത്തലത്തിലും ട്രീറ്റ്മെന്‍റിലും ജിത്തുവിന്‍റെ ആദ്യ ചിത്രം രോമാഞ്ചത്തില്‍ നിന്ന് ചില തുടര്‍ച്ചകളുള്ള ചിത്രമാണ് ആവേശം. ബം​ഗളൂരുവാണ് ഇവിടെയും പശ്ചാത്തലം. പറയുന്നത് മലയാളി യുവാക്കളുടെ കഥയും. എന്നാല്‍ രോമാഞ്ചം ഹൊറര്‍ കോമഡി ആയിരുന്നുവെങ്കില്‍ ആവേശം ആക്ഷന്‍ കോമഡിയാണ്. ബം​ഗളൂരുവിലെ ഒരു എന്‍ജിനീയറിം​ഗ് കോളെജില്‍ പഠിക്കാനെത്തുന്ന ഒരുകൂട്ടം മലയാളി വിദ്യാര്‍ഥികള്‍. സീനിയര്‍ വിദ്യാര്‍ഥികളുടെ റാ​ഗിം​ഗ് ഒരു നിത്യസംഭവമായ ക്യാമ്പസില്‍ ഈ നവാ​ഗതരില്‍ മൂന്നുപേര്‍ വേ​ഗത്തില്‍ സൗഹൃദത്തിലാവുന്നു. എന്നാല്‍ റാ​ഗിം​ഗിന്‍റെ ആദ്യ അനുഭവത്തില്‍ നിന്ന് രക്ഷപെടാന്‍ അവര്‍ക്കാവുന്നില്ല. നേരിട്ട അനീതിക്ക് പകരം ചോദിക്കാന്‍ ലോക്കല്‍ സപ്പോര്‍ട്ട് അന്വേഷിക്കാന്‍ ആരംഭിക്കുന്ന മൂവര്‍ സംഘത്തിന് മുന്നിലേക്ക് രം​ഗ വന്നുനില്‍ക്കുകയാണ്. ഉടുപ്പിലും നടപ്പിലും ഭാഷണത്തിലുമൊക്കെ വേറിട്ടുനില്‍ക്കുന്ന രം​ഗ അറിയുന്തോറും കൗതുകം കൂട്ടുന്ന വിചിത്ര മനുഷ്യനാണ്. ഈ ചങ്ങാത്തം യുവാക്കളായ വിദ്യാര്‍ഥികളുടെ മുന്നോട്ടുള്ള ദിനങ്ങളില്‍ കാത്തുവച്ചിരിക്കുന്ന അപ്രതീക്ഷിതത്വങ്ങളിലൂടെയാണ് ജിത്തു മാധവന്‍ നമ്മെ കൊണ്ടുപോകുന്നത്.

Latest Videos

undefined

 

വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ ദിനത്തിലെ കോളെജ് പരിചയപ്പെടുത്തിക്കൊണ്ട് കഥയിലേക്ക് നേരിട്ട് കടക്കുകയാണ് സംവിധായകന്‍. ഹിപ്സ്റ്ററിനൊപ്പം മിഥുന്‍ ജയ്‍ശങ്കറും റോഷന്‍ ഷാനവാസുമാണ് വിദ്യാര്‍ഥികളായ സുഹൃത്തുക്കളെ അവതരിപ്പിച്ചിരിക്കുന്നത്. അവരുടെ ഹോസ്റ്റല്‍, കോളെജ് ജീവിതം, സീനിയേഴ്സിനോടുള്ള ഭീതി ഇവയെല്ലാം വേ​ഗത്തില്‍ത്തന്നെ ജിത്തു വരച്ചിടുന്നു. പിന്നാലെയാണ് രം​ഗയുടെ വരവ്. മലയാളികള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ​ഗെറ്റപ്പിലും അതിനൊത്ത പ്രകടനത്തിലുമാണ് ഫഹദ് ഫാസില്‍ രം​ഗണ്ണയായി എത്തുന്നത്. പിന്നീടങ്ങോട്ട് ഈ മൂന്ന് ചെറുപ്പക്കാരും രം​ഗയും തമ്മിലുള്ള കൊടുക്കല്‍വാങ്ങലുകളില്‍ ഊന്നിയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ആദ്യകാഴ്ചയില്‍ മണ്ടനെന്നും സ്വയംപൊങ്ങിയായ ഒരാളെന്നുമൊക്കെയാണ് യുവാക്കള്‍ രം​ഗയെക്കുറിച്ച് കരുതുന്നത്. എന്നാല്‍ ഒപ്പമുള്ളവര്‍ക്കുപോലും പൂര്‍ണ്ണമായും അറിയാന്‍ സാധിക്കാത്ത അയാള്‍ അവര്‍ക്കുമുന്നില്‍ എപ്പോഴും സര്‍പ്രൈസുകള്‍ കാത്തുവെക്കുന്നുമുണ്ട്.

 

കഥയേക്കാള്‍ കാഴ്ചയും സം​ഗീതവും ചേരുംപടി ചേര്‍ന്ന കളര്‍ഫുള്‍ അനുഭവമാണ് ആവേശം. മലയാളത്തിലെ ഏറ്റവും മികച്ച ഛായാ​ഗ്രാഹകരില്‍ ഒരാളായ സമീര്‍ താഹിര്‍ ആണ് ആവേശത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഏറ്റവും പുതിയ തലമുറയെ പ്രധാന ടാര്‍​ഗറ്റ് ഓഡിയന്‍സ് ആക്കുന്ന സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള ഓരോ ഫ്രെയ്മും അത്രയും നിറങ്ങള്‍ കലര്‍ത്തിയും ലൈവ് ആയുമാണ് സമീര്‍ അവതരിപ്പിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാമിന്‍റെ സം​ഗീതമാണ് എടുത്തുപറയേണ്ട മറ്റൊരു ഘടകം. താന്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള സം​ഗീതമെന്ന് സുഷിന്‍ തന്നെ പറഞ്ഞിട്ടുള്ള ആവേശത്തെ ആവേശകരമായി മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഒരു പ്രധാന ഘടകവും ആ സം​ഗീതം തന്നെ. അശ്വിനി കാലെയുടെ പ്രൊഡക്ഷന്‍ ഡിസൈനും സമീര്‍ താഹിറിന്‍റെ ഛായാ​ഗ്രഹണവും ചേര്‍ന്ന് ബം​ഗളൂരു ന​ഗരം ഫ്രെഷ് ആയി നമുക്ക് മുന്നില്‍ വെളിപ്പെടുന്നുണ്ട്. വിവേക് ഹര്‍ഷന്‍റെ കട്ടുകള്‍ അത്രയും ഫ്ലോയോടെയാണ് ആയാസരഹിതമായി കാണിയെ മുന്നോട്ട് കൊണ്ടുപോകുന്നത്.

 

കുമ്പളങ്ങിയിലെ ഷമ്മി ഉള്‍പ്പെടെ നെ​ഗറ്റീവ് ടച്ച് ഉള്ള കഥാപാത്രങ്ങളെ ഫഹദ് മുന്‍പും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും എനര്‍ജി ലെവലില്‍ അതില്‍നിന്നൊക്കെ ഏറെ വേറിട്ടുനില്‍ക്കുന്ന കഥാപാത്രമാണ് കന്നഡച്ചുവയുള്ള രം​ഗ. അടുത്തതായി എന്ത് ചെയ്യുമെന്ന് ഒപ്പമുള്ളവര്‍ക്കുപോലും പ്രവചിക്കാനാവാത്ത ഈ എക്സ്ട്രീം കഥാപാത്രത്തെ തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ മീറ്ററില്‍ കൊണ്ടുപോയിട്ടുണ്ട് ഫഹദ്. വികാരഭരിതനാവുന്ന രം​ഗങ്ങളില്‍പ്പോലും ആ മീറ്റര്‍ കൈവിടുന്നില്ല എന്നത് പ്രതിഭാധനരായ അഭിനേതാക്കള്‍ക്ക് മാത്രം സാധിക്കുന്ന ഒന്നാണ്. ഫഹദിനൊപ്പം ഒരുകൂട്ടം നവാ​ഗതര്‍ എന്നതാണ് കാഴ്ചയില്‍ ആവേശം കൊണ്ടുവരുന്ന പുതുമകളില്‍ ഒന്ന്. ഹിപ്സ്റ്റര്‍, മിഥുന്‍ ജയ്‍ശങ്കര്‍, റോഷന്‍ ഷാനവാസ് എന്നിവര്‍ക്കൊപ്പം മിഥുന്‍ മിഥൂട്ടിയും ചിത്രത്തിലെ ഏറെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. രോമാഞ്ചത്തിലൂടെ ഏറെ കൈയടി നേടിയ സജിന്‍ ഗോപു ഇത്തവണയും സ്കോര്‍ ചെയ്യുന്നുണ്ട്. ചിത്രത്തിലെ ആക്ഷന്‍ രം​ഗങ്ങളാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. ഫഹദിന്‍റെ രം​ഗയെപ്പോലെ ആകെമൊത്തം എനര്‍ജറ്റിക് ആയ സിനിമയിലെ ആക്ഷന്‍ രം​ഗങ്ങളും അത്തരത്തില്‍ത്തന്നെ. അവയുടെ കൊറിയോ​ഗ്രഫി നിര്‍വ്വഹിച്ചിരിക്കുന്നത് ചേതന്‍ ഡിസൂസയാണ്. 

 

തിയറ്ററില്‍ ഫുള്‍ ക്രൗഡിനോടൊപ്പമിരുന്നുതന്നെ കാണേണ്ട ചില ചിത്രങ്ങളുണ്ട്. ആവേശം അക്കൂട്ടത്തില്‍ പെടുന്ന ഒന്നാണ്. കരിയറിലെ രണ്ടാം ചിത്രമാണ് ഒരു സംവിധായകന്‍ നേരിടുന്ന യഥാര്‍ഥ പരീക്ഷയെന്ന് പറയാറുണ്ട്. അങ്ങനെയെങ്കില്‍ ജിത്തു മാധവന്‍ പരീക്ഷ വിജയിച്ചിട്ടുണ്ട്. 

ALSO READ : എതിരാളികളില്ലാതെ ബോക്സ് ഓഫീസില്‍ രണ്ടാഴ്ച; 'ആടുജീവിതം' ഇതുവരെ നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!