സംവിധായികയുടെ സ്വന്തം കൗമാര അനുഭവങ്ങളുടെ കൂടെ ടോക്സിക് ആയ സൗന്ദര്യസങ്കല്‍പങ്ങളിലും ജീവിക്കുന്ന കൗമാരങ്ങളുടെ കാഴ്‍ചാനുഭവം കൂടിയാണ് ഈ ചിത്രം.
ഓരോ മനുഷ്യനെയും രൂപപ്പെടുത്തുന്നതില്‍ അവന്/അവൾക്ക് ചുറ്റുമുള്ള സാമൂഹിക-കടുംബ-വ്യക്തി ബന്ധങ്ങള്‍ക്ക് കൂടി വലിയ പങ്കുണ്ട്. ഇതില്‍ ചിലത് ആരോഗ്യകരമാകാം, മറ്റ് ചിലത് അനാരോഗ്യകരമാകാം. രണ്ട് കൗമാരക്കാരികള്‍ തമ്മിലുള്ള അത്തരമൊരു സങ്കീര്‍ണ ബന്ധത്തിന്‍റെ കഥയാണ് ഗോവ ചലച്ചിത്രോത്സവത്തിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരവും ലൊകാർണോ ഫിലിം ഫെസ്റ്റവലില്‍ ഗോൾഡൻ ലെപ്പാർഡും നേടിയ ലിത്വാനിയൻ സംവിധായിക സൗലെ ബ്ലിയുവെയ്‌റ്റ് തന്‍റെ ടോക്സിക് എന്ന ചിത്രത്തിലൂടെ പറയുന്നത്. ലോക സിനിമ ഇന്ന് എന്ന വിഭാഗത്തിലാണ് സൗലെ ബ്ലിയുവെയ്‌റ്റ് സംവിധാനം ചെയ്‍ത ചിത്രം ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചത്.
വ്യവസായത്താൽ വികലമാക്കപ്പെടുന്ന ഒരു ചെറിയ ലിത്വാനിയൻ പട്ടണത്തിലാണ് കഥ നടക്കുന്നത്. കൂളിംഗ് ടവറുകൾ മുതൽ പൈലോണുകൾ വരെ പശ്ചാത്തലമായി വരുമ്പോള്‍ കഥപറയുന്ന ഭൂമികയില്‍ പോലും പേരിനെ സൂചിപ്പിക്കുന്നതുപോലെയുള്ള വിഷലിപ്‍തമായ അന്തരീക്ഷം തെളിഞ്ഞുകാണാം. സംവിധായികയുടെ സ്വന്തം കൗമാര അനുഭവങ്ങളുടെ കൂടെ ടോക്സിക് ആയ സൗന്ദര്യസങ്കല്‍പങ്ങളിലും ജീവിക്കുന്ന കൗമാരങ്ങളുടെ കാഴ്‍ചാനുഭവം കൂടിയാണ് ഈ ചിത്രം.
undefined
മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട് മുത്തശ്ശിക്കൊപ്പം ജീവിക്കുന്ന പതിമൂന്നുകാരിയാണ് മരിജ (വെസ്റ്റ മാറ്റുലൈറ്റ്). ഒരു കാലിന് ചെറിയൊരു വൈകല്യമുള്ളതിനാൽ സ്‍കൂളിലും കൂട്ടുകാരികള്‍ക്കിടയിലും അവൾ പലപ്പോഴും പരിഹാസപാത്രമാണ്.സ്വിമ്മിംഗ് പൂളിലെ ലോക്കര്‍ റൂമിലെ സേഫിനുള്ളില്‍വെച്ച മരിജയുടെ ഡിസൈനർ ജീൻസ് ആരോ മോഷ്ടിക്കുന്ന രംഗത്തോടെയാണ് ചിത്രം തുടങ്ങുന്നത്. ക്രിസ്റ്റീനയെന്ന പെണ്‍കുട്ടിയാണ് അത് മോഷ്ടിച്ചതെന്ന് പറഞ്ഞ് മരിജ തര്‍ക്കിക്കുന്നുണ്ടെങ്കിലും അവിടെയും പരിഹാസപാത്രമായി മരിജ മടങ്ങുന്നു.
സ്വതേ അന്തര്‍മുഖിയായ മരിജയേക്കാള്‍ ധൈര്യശാലിയായ ക്രിസ്റ്റീനക്ക് മദ്യവും മയക്കുമരുന്നുമെല്ലാം ഉപയോഗിക്കുന്ന പ്രാദേശിക ഗ്യാങ്ങുകളുമായി സൗഹൃദമുണ്ട്. ഈ സൗഹൃദം മരിയയിലും പതുക്കെ സ്വാധീനം ചെലുത്തുന്നു. ഇതിനിടെ പ്രാദേശിക ഗ്യാങ്ങുകളുമായുള്ള ഇടപഴകലില്‍ മദ്യവും മയക്കുമരുന്നുമെല്ലാം ഇവരുടെ ജീവത്തിന്‍റെ ഭാഗമാകുമ്പോഴും മോഡലിംഗിലൂടെ അമേരിക്കയോ ജപ്പാനോ കൊറിയയോ പോലുള്ള രാജ്യങ്ങളില്‍ മെച്ചപ്പെട്ടൊരു കരിയറും ജീവിതവുമാണ് രണ്ടുപേരുടെയും ലക്ഷ്യം. എന്നാല്‍ അതിനായി അവര്‍ തെരഞ്ഞെടുക്കുന്നത് കൗമാരക്കാരികളായ പെണ്‍കുട്ടികള്‍ക്കിടയില്‍ ജനപ്രിയമായതും എന്നാല്‍ അത്ര വിശ്വാസ്യതയില്ലാത്തതുമായ ഒരു മോഡലിംഗ് ഏജന്‍സിയെയാണ്.
കൗമാരിക്കാരികളെ ഫാഷന്‍ ലോകത്തിന്‍റെ അഴകളവുകള്‍ക്കൊപ്പിച്ച് വാര്‍ത്തെടുക്കാനായി പട്ടിണി കിടക്കാനും കഴിച്ച ഭക്ഷണം ചര്‍ദ്ദിച്ചു കളയാനും തടി കുറക്കാനായി നാടവിര മുട്ടകള്‍ സീഡ് ചെയ്യാനും വരെ നിര്‍ബന്ധിക്കുന്ന ഏജന്‍സിയിലെത്തുന്ന ഇരുവരും ഫാഷന്‍ലോകത്തിന്‍റെ മായാലോകത്തിലെത്താന്‍ പിന്നീട് നടത്തുന്ന പരിശ്രമങ്ങളും അതിനാവശ്യമായ പണം കണ്ടെത്താനായി അവര്‍ സ്വീകരിക്കന്ന വഴികളിലൂടെയുമാണ് പിന്നീട് സിനിമയുടെ സഞ്ചാരം.
ഇതിനിടെ മോഡലിംഗ് രംഗത്തെ ഇരുണ്ടവശങ്ങള്‍ നര്‍മത്തിന്‍റെ പശ്ചാത്തലത്തില്‍ തുറന്നുകാട്ടുമ്പോഴും പ്രധാന കഥാപാത്രങ്ങളായ മരിജയിലും ക്രിസ്റ്റീനയിലും തന്നെയാണ് സിനിമ ഫോക്കസ് ചെയ്യുന്നത്. ഒടുവിൽ മരിജയും ക്രിസ്റ്റീനയും മോഡലിംഗിന്‍ അവരുടെ സ്വപ്‍നം സാക്ഷാത്‍കരിക്കുന്നുണ്ടോ എന്ന് പറയുന്നില്ലെങ്കിലും ടോക്സിക്കായ ബന്ധങ്ങളും സാഹചര്യങ്ങളും എങ്ങനെയാണ് കൗമാരങ്ങളെ മാറ്റിയെടുക്കുന്നതെന്ന് ചിത്രം പറയുന്നു.