കൊച്ചി: സ്വര്‍ണവിലയില്‍ വന്‍ കുതിച്ചു ചാട്ടം. ബുധനാഴ്‌ച വ്യാപാരം തുടങ്ങിയപ്പോള്‍ സ്വര്‍ണ വില ഒറ്റയടിക്ക് പവന് 240 രൂപ കൂടി 23,480 രൂപയില്‍ എത്തി. ഗ്രാമിന് 30 രൂപ വര്‍ദ്ധിച്ച് 2935 രൂപയില്‍ എത്തി. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പവന് 23,240 രൂപയില്‍ തുടരുകയായിരുന്നു കേരളത്തിലെ സ്വര്‍ണ വില. 2012 ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. 2014 നവംബറില്‍ സ്വര്‍ണവില റെക്കോര്‍ഡ് ഭേദിച്ച് 24000 കടന്നിരുന്നു. ആഗോള വിപണിയിലുണ്ടായ കുതിപ്പാണ് ആഭ്യന്തര വിപണിയില്‍ ദൃശ്യമായതെന്ന് വിപണിയിലെ വിദഗ്ദ്ധര്‍ ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് ടിവിയോട് പറഞ്ഞു.
ചിങ്ങ മാസം എത്തിയതോടെ കേരളത്തില്‍ വിവാഹ സീസണാണ്. അതുകൊണ്ടുതന്നെ സ്വര്‍ണവില ഉയരുമെന്നാണ് വിപണിയിലെ വിദഗ്ദ്ധര്‍ പറയുന്നത്. വരുംദിവസങ്ങളില്‍ സ്വര്‍ണവില കൂടിയേക്കും. ഓണക്കാലം കൂടിയായതോടെ കേരളത്തിലെ സ്വര്‍ണ വിപണിയില്‍ നല്ല കച്ചവടമാണ് നടക്കുന്നത്. ഉപഭോക്താക്കള്‍ക്ക് വലിയ ഓഫറുകളും ഈ സമയത്ത് ജ്വല്ലറി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ ആദ്യ ദിവസം 23,200 രൂപയായിരുന്നു പവനു വില. പിന്നീട് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം ദൃശ്യമായിരുന്നു. സെപ്റ്റംബര്‍ മൂന്നിന് 120 രൂപ കൂടിയ സ്വര്‍ണവില സെപ്റ്റംബര്‍ അഞ്ചിന് 80 രൂപ കുറഞ്ഞ് 23,240 രൂപ ആകുകയായിരുന്നു.