ഓഹരി സൂചികയില്‍ ചാഞ്ചാട്ടം; സെന്‍സെക്‌സ് താഴേക്ക്

By Web Desk  |  First Published Sep 7, 2016, 5:31 AM IST

മുംബൈ: ഇന്ത്യന്‍ ഓഹരി സൂചികകളില്‍ ചാഞ്ചാട്ടം. ബുധനാഴ്‌ച വ്യാപാരം തുടങ്ങിയപ്പോള്‍, കഴിഞ്ഞ ദിവസത്തെ മികച്ച ക്ലോസിംഗ് നിലനിര്‍ത്തി ഓഹരി സൂചികകള്‍ പിന്നീട് താഴേക്ക് പോയി. രാവിലെ 9.20ന് 29,059 വരെയെത്തിയ സെന്‍സെക്‌സ് പിന്നീട് 28960ലേക്ക് പോയി(രാവിലെ 10.30നുള്ള സൂചിക). ദേശീയ ഓഹരി സൂചിക 8935ലാണ് വ്യാപാരം തുടരുന്നത്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 854 കമ്പനികള്‍ നേട്ടത്തിലും 736 കമ്പനികള്‍ നഷ്‌ടത്തിലുമാണ്. എസ് ബി ഐ, ഐ സി ഐ സി ഐ ബാങ്ക്, പി എന്‍ ബി, കെയിന്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍, വേദാന്ത, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുകി എന്നിവയാണ് നേട്ടമുണ്ടാക്കിയ പ്രധാന ഓഹരികള്‍. എന്നാല്‍ ഭാരതി എയര്‍ടെല്‍, എച്ച് ഡി എഫ് സി, ടി സി എസ്, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവ നഷ്‌ടത്തിലാണ്. എസ് ബി ഐ ഓഹരികള്‍ സെന്‍സെക്‌സിലും നിഫ്റ്റിയിലും നേട്ടമുണ്ടാക്കി. ആദ്യ മണിക്കൂറുകളില്‍ എസ്ബിഐയുടെ മൂല്യം ഒരു ശതമാനം ഉയര്‍ന്നു.

കഴിഞ്ഞ ദിവസം മികച്ച പ്രകടനമാണ് ഇന്ത്യയിലെ ഓഹരി വിപണികള്‍ നടത്തിയത്. ഇന്ത്യന്‍ വിപണികള്‍ക്ക് പുറമെ, ചൈനയിലെ ഷാങ്ഹായ് വിപണി, തായ്‌വാന്‍ എന്നീ ഏഷ്യന്‍ വിപണികളും നേട്ടമുണ്ടാക്കി. പക്ഷേ ജപ്പാനിലെ നിക്കി ഓഹരി സൂചിക നഷ്‌ടത്തിലാണ്. അമേരിക്കന്‍ ഓഹരിവിപണിയും വന്‍ നേട്ടത്തോടെയാണ് കഴിഞ്ഞദിവസം ക്ലോസ് ചെയ്‌തത്.

Latest Videos

click me!