പണി കിട്ടിയെന്ന് സമ്മതിച്ച് ജിയോ; പൊലീസില്‍ പരാതി നല്‍കി

By Web Desk  |  First Published Jul 12, 2017, 6:06 PM IST

മുംബൈ: റിലയന്‍സ് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്തകള്‍ക്ക് ഒടുവില്‍ കമ്പനിയുടെ  സ്ഥിരീകരണം. കംപ്യൂട്ടര്‍ സംവിധാനത്തിലേക്ക് അനധികൃതമായി കടന്നുകയറി ആക്രമണം നടത്തിയെന്ന് കാണിച്ച് ജിയോ, പരാതി നല്‍കിയതായി പൊലീസ് സ്ഥിരീകരിച്ചു. 

റിലയന്‍സ് ജിയോയുടെ ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ പരസ്യമാണെന്ന് രണ്ട് ദിവസം മുമ്പ് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇവയെല്ലാം നിഷേധിച്ച കമ്പനി അധികൃതര്‍, ഉപഭോക്താക്കളുടെ വിവരങ്ങളെല്ലാം സുരക്ഷിതമാണെന്ന് അറിയിക്കുകയും ചെയ്തു. ഇതിനിടെയാണ് കമ്പനിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന നവി മുംബൈയിലെ പൊലീസ് സ്റ്റേഷനില്‍ ജിയോ പരാതി നല്‍കിയത്. ഇതോടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്തയും സത്യമാണെന്ന് തെളിയുകയാണ്. ഇത് സംബന്ധിച്ച് മാധ്യമങ്ങള്‍ നടത്തിയ അന്വേഷണങ്ങളോടൊന്നും കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Latest Videos

magicapk എന്ന വെബ്‍സൈറ്റില്‍ ജിയോ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ലഭ്യമാണെന്ന് കാണിച്ച് ഞായറാഴ്ചയാണ് വാര്‍ത്തകള്‍ വന്നു തുടങ്ങിയത്. വെബ്സൈറ്റില്‍ മൊബൈല്‍ നമ്പര്‍ മാത്രം നല്‍കിയാല്‍ സ്വകാര്യ വിവരങ്ങള്‍ ലഭ്യമായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരാഴ്ച മുന്‍പ് വരെ കണക്ഷന്‍ എടുത്തവരുടെ വിവരങ്ങള്‍ ഇങ്ങനെ ലഭ്യമായിരുന്നുവത്രെ. സംഭവം വലിയ വിവാദമായതോടെ സൈറ്റില്‍ നിന്ന് ഇവ അപ്രത്യക്ഷമാവുകയും ചെയ്തു. എന്നാല്‍ magicapk സൈറ്റില്‍ ലഭ്യമായ വിവരങ്ങളെല്ലാം തെറ്റാണെന്നായിരുന്നു ജിയോ വാദിച്ചത്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ അതീവ സുരക്ഷയോടെയാണ് സൂക്ഷിക്കുന്നതെന്നും അറിയിച്ചു. ഇതിനിടെയാണ് വിവരങ്ങള്‍ ചോര്‍ന്നുവെന്ന് സമ്മതിച്ച് പൊലീസില്‍ പരാതി നല്‍കിയത്. വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ഒരാളെ രാജസ്ഥാനില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

click me!