ഇറാന് 'പണി കൊടുക്കാന്‍' അമേരിക്ക: ഇന്ത്യന്‍ ഓഹരി വിപണി പ്രതിസന്ധിയിലായേക്കും

By Web Team  |  First Published Apr 24, 2019, 3:05 PM IST

ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യം ഇന്ത്യയാണ്. ഇറാന്‍ എണ്ണ വരവ് നിലച്ചാല്‍ ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ ഇന്ധന വിലയില്‍ വന്‍ വര്‍ധനവുണ്ടായേക്കും. 
 


മെയ് ഒന്നിന് ശേഷം ഇറാന്‍ ഉപരോധത്തില്‍ ഇളവുകള്‍ നല്‍കില്ലെന്ന അമേരിക്കന്‍ നിലപാട് ഇന്ത്യന്‍ ഓഹരി വിപണിയിലും പ്രതിസന്ധി സൃഷ്ടിക്കുന്നു. മെയ് മാസം മുതല്‍ ഇന്ത്യയില്‍ എണ്ണവില ഉയര്‍ന്നേക്കുമെന്ന തോന്നലും അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന് നില്‍ക്കുന്നതുമാണ് ഇന്ത്യന്‍ ഓഹരി വിപണിക്ക് വലിയ തലവേദന സൃഷ്ടിക്കുന്നത്. ഇന്നലെ ഇന്ത്യ ഓഹരി വിപണി നഷ്ടത്തിലായിരുന്നു. 

ഇന്നലെ മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 80.30 പോയിന്‍റ് ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 20 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം ദൃശ്യമാണെങ്കിലും വരും ദിവസങ്ങളില്‍ നേട്ടം നിലനിര്‍ത്താന്‍ സാധ്യത കുറവാണെന്നാണ് വിപണി നിരീക്ഷകരുടെ നിഗമനം. 

Latest Videos

undefined

ഇന്ന് സെന്‍സെക്സ് 230 പോയിന്‍റ് ഉയര്‍ന്നു. നിഫ്റ്റി 80 പോയിന്‍റ് ഉയര്‍ന്ന് 11,654 ലെത്തി നില്‍ക്കുന്നു. മെയ് രണ്ട് മുതല്‍ ഇറാനില്‍ നിന്ന് ആരെയും എണ്ണ വാങ്ങാന്‍ അനുവദിക്കില്ലെന്നാണ് അമേരിക്കന്‍ നിലപാട്. അമേരിക്കന്‍ ഇറാന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ ഇന്ത്യ അടക്കമുളള എട്ട് രാജ്യങ്ങള്‍ക്ക് 180 ദിവസം ഉപരോധത്തില്‍ നിന്ന് ഇളവ് അനുവദിച്ചിരുന്നു. മെയ് ഒന്നിന് ഈ ഇളവ് കാലാവധി അവസാനിക്കും. ഇതോടെ അമേരിക്കന്‍ പൂര്‍ണതോതില്‍ ഇറാനെ ബാധിക്കും. യുഎസ് ഉപരോധം കടുത്താല്‍ ആഗോള വിപണിയില്‍ ഇറാന്‍ എണ്ണ വരവ് നിലയ്ക്കും. ഇതോടെ അന്താരാഷ്ട്ര വിപണിയില്‍ വന്‍ വിലക്കയറ്റമുണ്ടായേക്കും. 

ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യം ഇന്ത്യയാണ്. ഇറാന്‍ എണ്ണ വരവ് നിലച്ചാല്‍ ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ ഇന്ധന വിലയില്‍ വന്‍ വര്‍ധനവുണ്ടായേക്കും. ബാരലിന് 73.68 ഡോളറാണ് അന്താരാഷ്ട്ര വിപണിയില്‍ ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്. കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ക്രൂഡ് ഓയില്‍ നിരക്കാണിത്. 

click me!