ടെക് മഹീന്ദ്ര, നെസ്‌ലെ ഇന്ത്യ, വിപ്രോ, ഗ്രാസിം ഇൻഡസ്ട്രീസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്
മുംബൈ: ഒരു ദിവസത്തെ അവധിക്ക് ശേഷം ഇന്ന് വീണ്ടും പ്രവർത്തനം ആരംഭിച്ച ഇന്ത്യൻ ഓഹരി സൂചികകൾക്ക് കനത്ത തിരിച്ചടി. പ്രീ ഓപണിങ് സെഷനിൽ സെൻസെക്സ് 989.82 പോയിന്റ് ഇടിഞ്ഞു. 56868.33 ലാണ് വ്യാപാരം തുടങ്ങിയത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 291.30 പോയിന്റ് താഴ്ന്ന് 16986.70 ലും എത്തി. 603 ഓളം ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 1524 ഓഹരികളുടെ മൂല്യം ഇടിഞ്ഞു. 99 ഓഹരികളുടെ കാര്യത്തിൽ മാറ്റമില്ല. ടെക് മഹീന്ദ്ര, നെസ്‌ലെ ഇന്ത്യ, വിപ്രോ, ഗ്രാസിം ഇൻഡസ്ട്രീസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. പ്രധാന ഓഹരികളിൽ ഒഎൻജിസി മാത്രമാണ് നേട്ടമുണ്ടാക്കിയത്.
അമേരിക്കയിൽ ഫെഡറൽ റിസർവ് ഘട്ടം ഘട്ടമായി പലിശ ഉയർത്താൻ തീരുമാനിച്ചതാണ് വിപണിയുടെ ഇടിവിന്റെ കാരണം. മാർച്ച് മാസത്തിൽ പലിശ കൂട്ടുമെന്നാണ് രണ്ടു ദിവസത്തെ യോഗത്തിന് ശേഷം ഫെഡറൽ റിസർവ് അധ്യക്ഷൻ അറിയിച്ചത്. ഇതിനെ തുടർന്ന് അമേരിക്കൻ വിപണികളിലും ഏഷ്യൻ വിപണികളിലുമുണ്ടായ ഇടിവാണ് ഇന്ത്യൻ വിപണിയിലും ആവർത്തിക്കുന്നത്.