Stock Market Live : ഓഹരി വിപണിക്ക്‌ കഷ്ടകാലം! ഇന്നും കുത്തനെ ഇടിഞ്ഞു

By Web Team  |  First Published Jan 25, 2022, 10:20 AM IST

വ്യാപാരം ആരംഭിച്ചതിനു പിന്നാലെ സെൻസെക്സ് 1000 പോയിന്റ് താഴേക്ക് പോയി.


മുംബൈ: തുടർച്ചയായ ആറാം ദിവസവും ഇന്ത്യൻ ഓഹരി സൂചികകൾ (Stock Market) താഴോട്ടെന്ന് സൂചന. ഇന്ന് പ്രി സെഷനിൽ ഇടിവ് നേരിട്ട സെൻസെക്സ് 57470 പോയിന്റിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 90 പോയിന്റ് ഇടിഞ്ഞ് 17060 ലാണ് ഇന്നത്തെ വ്യാപാരം തുടങ്ങിയത്. വ്യാപാരം ആരംഭിച്ചതിനു പിന്നാലെ സെൻസെക്സ് 1000 പോയിന്റ് താഴേക്ക് പോയി. 56409.63 ലേക്ക് എത്തി. നിഫ്റ്റി അതേസമയം 16850 ലേക്ക് താഴ്ന്നു.

മൂന്നാഴ്ചത്തെ ഏറ്റവും മോശം നിലയിലേക്കാണ് ഇന്നലെ ഓഹരി സൂചികകൾ കൂപ്പുകുത്തിയത്. സെൻസെക്‌സിന്റെ ഭാഗമായ 30 ഓഹരികളിൽ 18 എണ്ണത്തിനും 2 ശതമാനത്തിലധികം നഷ്ടമുണ്ടായി. ബജാജ് ഫിനാൻസ് 6.24 ശതമാനം ഇടിഞ്ഞ് 6913.15 രൂപയായി. ടാറ്റ സ്റ്റീൽ 5.91 ശതമാനം ഇടിഞ്ഞ് 1100.00 രൂപയിലെത്തി. ഐടി ഓഹരികൾ കനത്ത വിൽപന സമ്മർദ്ദത്തിലായിരുന്നു. ടെക് മഹീന്ദ്ര 5.35 ശതമാനം ഇടിഞ്ഞ് 1508.85 രൂപയായി. വിപ്രോ 5.44 ശതമാനം ഇടിഞ്ഞ് 572.30 രൂപയായി. എച്ച്‌സിഎൽ ടെക്‌നോളജീസ് 3.87 ശതമാനം ഇടിഞ്ഞ് 1122.60 രൂപയായും ഇൻഫോസിസ് 2.87 ശതമാനം ഇടിഞ്ഞ് 1734.75 രൂപയിലുമെത്തി. സൂചിക ഹെവിവെയ്റ്റ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 4.06 ശതമാനം ഇടിഞ്ഞ് 2377.55 രൂപയായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 4 ശതമാനം വീതം ഇടിഞ്ഞു.

Latest Videos

നിഫ്റ്റിയിൽ ജെഎസ്ഡബ്ല്യു സ്റ്റീൽ, ബജാജ് ഫിനാൻസ് എന്നിവ ആറ് ശതമാനം വീതം നഷ്ടത്തിലായി. ടാറ്റ സ്റ്റീൽ, ഗ്രാസിം, ഹിൻഡാൽകോ എന്നിവയും നഷ്ടത്തിലായി. സിപ്ലയും ഒഎൻജിസിയും മാത്രമാണ് നേട്ടമുണ്ടാക്കിയത്. നിഫ്റ്റി 50 ൽ രണ്ട് ഓഹരികൾ മാത്രമാണ് മുന്നേറിയത്. ബാക്കിയുള്ള 48 ഓഹരികളുടെയും മൂല്യം ഇടിഞ്ഞു.

click me!