മുഹൂർത്ത വ്യാപാരത്തില്‍ വാഹന, ബാങ്കിംഗ് സെക്ടറിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. മിഡ് കാപ്, സ്മോൾ കാപ് ഓഹരികളും മോശമാക്കിയില്ല.
കൊച്ചി: ദീപാവലി (diwali) മുഹൂർത്ത വ്യാപാരത്തിന് ഓഹരി വിപണിയിൽ (stock market) മികച്ച പ്രതികരണം. സെൻസെക്സ് 295 പോയിന്‍റും നിഫ്റ്റി 87 പോയിന്‍റും നേട്ടമുണ്ടാക്കി. ഒരു മണിക്കൂറായിരുന്നു മുഹൂർത്ത വ്യാപാരം.
കൊവിഡ് ആശങ്കക്കിടെ വീണ്ടുമെത്തിയ ദീപാവലി മുഹൂർത്ത വ്യാപാരം സംവത് 2078 ഓഹരി വിപണികൾ മോശമാക്കിയില്ല. കഴിഞ്ഞ ദിവസം നഷ്ടത്തിൽ ക്ലോസ് ചെയ്ത മുംബൈ ഓഹരി സൂചിക സെൻസെക്സ് 350 പോയിന്‍റും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 100 പോയന്‍റും നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. വൈകീട്ട് 6.15 മണി മുതല്‍ 7.15 വരെയായിരുന്നു മുഹൂർത്ത വ്യാപാരം. പുതുവർഷാരംഭത്തിൽ ഈ സമയത്ത് വാങ്ങിക്കുന്ന ഓഹരികൾ വർഷം മുഴുവൻ നേട്ടം സമ്മാനിക്കുമെന്നാണ് വിശ്വാസം.
മുഹൂർത്ത വ്യാപാരത്തില്‍ വാഹന, ബാങ്കിംഗ് സെക്ടറിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. മിഡ് കാപ്, സ്മോൾ കാപ് ഓഹരികളും മോശമാക്കിയില്ല. ഐഷർ മോട്ടോഴ്സും മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമാണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. മുഹൂർത്ത വ്യാപരത്തിനായി സംസ്ഥാനത്തെ ഓഹരി ഇടപാട് സ്ഥാപനങ്ങളും വിപുലമായ ഒരുക്കങ്ങൾ നടത്തിയിരുന്നു.