ആർബിഐ നിരക്കുകൾ ഉയർത്തിയ ശേഷം ആഭ്യന്തര വിപണി മുന്നേറി. ഏഴ് ദിവസത്തെ നഷ്ടം നികത്തി സൂചികകൾ മുന്നേറി
മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് വർധിപ്പിച്ചതിന് ശേഷം ഓഹരി വിപണി നഷ്ടം നികത്തി മുന്നേറി. മൂന്ന് ദിവസത്തെ മോണിറ്ററി പോളിസി മീറ്റിങ്ങിന് ശേഷം ആർബിഐ ഗവർണർ റിപ്പോ നിരക്ക് ഇന്ന് ഉയർത്തിയിരുന്നു. ഇതോടെ ബെഞ്ച്മാർക്ക് സൂചികകൾ ഏഴ് ദിവസത്തെ നഷ്ടം നികത്തി മുന്നേറി.
വിപണിയിൽ ഇന്ന് ബിഎസ്ഇ സെൻസെക്‌സ് 1,017 പോയിന്റ് അഥവാ 1.8 ശതമാനം ഉയർന്ന് 57,427 ലാണ് അവസാനിച്ചത്. എൻഎസ്ഇ നിഫ്റ്റി 50 276 പോയിന്റ് അഥവാ 1.64 ശതമാനം ഉയർന്ന് 17,094 ൽ വ്യാപാരം അവസാനിപ്പിച്ചു.
Read Also: വായ്പ ചെലവേറിയതാകും; ഉയർന്ന റിപ്പോ നിരക്ക് ബാധിക്കുന്നത് എങ്ങനെ എന്നറിയാം
ഭാരതി എയർടെൽ, ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, ടൈറ്റൻ കമ്പനി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീൽ, മാരുതി സുസുക്കി, ആക്‌സിസ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കി. അതേസമയം മറുവശത്ത്, ഏഷ്യൻ പെയിന്റ്സ്, ഡോ.റെഡ്ഡീസ്, ഐടിസി, ടെക് മഹീന്ദ്ര, കോൾ ഇന്ത്യ, ബ്രിട്ടാനിയ, അദാനി എന്റർപ്രൈസസ്, ഹിന്ദുസ്ഥാൻ യുണിലിവർ എന്നിവ നഷ്ടം ഉണ്ടാക്കി.
മേഖലകൾ പരിശോധിക്കുമ്പോൾ ബാങ്ക് നിഫ്റ്റി ഇന്ന് 2.6 തമാനം അഥവാ 984 പോയിന്റ് ഉയർന്ന് 38,631.95 ൽ എത്തി. കൂടാതെ നിഫ്റ്റി പിഎസ്‌യു ബാങ്ക്, പ്രൈവറ്റ് ബാങ്ക് സൂചികകൾ 3 ശതമാനം വീതം മുന്നേറി, തുടർന്ന് നിഫ്റ്റി മെറ്റൽ, ഫിനാൻഷ്യൽ സർവീസസ് സൂചികകൾ 2 ശതമാനം വീതം ഉയർന്നു.
ആർബിഐ ഇന്ന് പലിശ നിരക്ക് 50 ബേസിസ് പോയിന്റ് ഉയർത്തി. ഇതോടെ റിപ്പോ നിരക്ക് 5.90 ആയി ഉയർന്നു. ഈ വർഷത്തെ നാലാമത്തെ നിരക്ക് വർദ്ധനയാണ് ആർബിഐ നടത്തിയിരിക്കുന്നത്.