സെൻസെക്സും നിഫ്റ്റിയും തകർച്ച തുടരുന്നു. ആർബിഐയുടെ ധനനയ യോഗത്തിലേക്ക് കണ്ണുനട്ട് നിക്ഷേപകർ. ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് ഈ ഓഹരി
മുംബൈ: തകർച്ച തുടർന്ന് ആഭ്യന്തര ഓഹരി വിപണി. യുഎസ് ഫെഡറൽ റിസർവ് കഴിഞ്ഞ ആഴ്ച പലിശ നിരക്ക് കൂട്ടിയതി ശേഷം ഉണ്ടായ തകർച്ചയിൽ നിന്നും കരകയറാനാകാതെ വിപണി തുടർച്ചയായ ആറാം ദിവസവും ഇടിഞ്ഞു. ബിഎസ്ഇ സെൻസെക്സ് 509 പോയിന്റ് ഇടിഞ്ഞ് 56,598 ലും നിഫ്റ്റി 149 പോയിന്റ് താഴ്ന്ന് 16,859 ലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. രണ്ട് മുൻനിര സൂചികകളും 0.89 ശതമാനം വീതം ആണ് ഇടിഞ്ഞത്.
വിപണിയിൽ ഇന്ന് ആക്‌സിസ് ബാങ്ക്, ഐടിസി, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്‌ഡിഎഫ്‌സി ഇരട്ടകൾ, ബജാജ് ഫിൻസെർവ്, ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റ സ്റ്റീൽ, എസ്‌ബിഐ എന്നീ ഓഹരികൾ നഷ്ട്ടം നേരിട്ടു. ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 0.4 ശതമാനം വീതം നഷ്ടത്തിലായി. മേഖലകൾ പരിശോധിക്കുമ്പോൾ, നിഫ്റ്റി മെറ്റൽ, പിഎസ്‌യു ബാങ്ക് സൂചികകൾ 2 ശതമാനം വീതം ഇടിഞ്ഞു. അതേസമയം നിഫ്റ്റി ഫാർമ സൂചിക 0.6 ശതമാനം നേട്ടമുണ്ടാക്കി.
Read Also: ക്ഷാമബത്ത നാല് ശതമാനം ഉയരും; ആഹ്ളാദ തിമിർപ്പിൽ കേന്ദ്ര ജീവനക്കാർ
ബിഎസ്ഇയിൽ ഇന്ന് സൺ ഫാർമസ്യൂട്ടിക്കൽസ് ഓഹരികൾ 2.21 ശതമാനം ഉയർന്ന് 916.70 രൂപയിലെത്തി. ഡോ.റെഡ്ഡീസ് ലബോറട്ടറീസ് ഓഹരികൾ 2.03 ശതമാനം ഉയർന്ന് 4267.20 രൂപയായി. പവർ ഗ്രിഡ് ഓഹരികൾ 1.42 ശതമാനം ഉയർന്ന് 207.80 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. നെസ്‌ലെ ഇന്ത്യ ഓഹരികൾ 1.23 ശതമാനം ഉയർന്ന് 18904.90 രൂപയായി.
അതേസമയം, ഐടിസി ഓഹരികൾ ബിഎസ്ഇയിൽ 2.97 ശതമാനം ഇടിഞ്ഞു. ആക്‌സിസ് ബാങ്ക് ഓഹരികൾ 2.84 ശതമാനം ഇടിഞ്ഞ് 716.35 രൂപയായി. ടാറ്റ സ്റ്റീൽ ഓഹരികൾ 2.41 ശതമാനം ഇടിഞ്ഞ് 95.25 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.