വ്യാപാരം അവസാനിച്ചപ്പോൾ സെൻസെക്സ് 145.37 പോയിന്റ് താഴ്ന്നു. 0.25 ശതമാനം ഇടിവോടെ 57996.68 പോയിന്റിലാണ് ഇന്നത്തെ വ്യാപാരം ബോംബെ ഓഹരി സൂചിക അവസാനിപ്പിച്ചത്
മുംബൈ: ഇന്ത്യൻ ആഭ്യന്തര വിപണികൾ ഇന്ന് വീണ്ടും നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഓട്ടോ, ബാങ്ക്, മെറ്റൽ, ഐടി സെക്ടറൽ ഓഹരികളിൽ ഉണ്ടായ ഇടിവാണ് ഓഹരി സൂചികകളെ താഴേക്ക് വലിച്ചത്. നേരിയ തോതിലുള്ള നേട്ടത്തിൽ ഓഹരി വിപണികൾ മുന്നേറുമെന്ന് പ്രതീക്ഷിച്ചിരിക്കെ നാറ്റോ പുറത്തിറക്കിയ പ്രസ്താവനയിൽ റഷ്യയുടെ സൈനിക പിന്മാറ്റത്തിൽ അവിശ്വാസം രേഖപ്പെടുത്തിയതാണ് തിരിച്ചടിയായത്.
വ്യാപാരം അവസാനിച്ചപ്പോൾ സെൻസെക്സ് 145.37 പോയിന്റ് താഴ്ന്നു. 0.25 ശതമാനം ഇടിവോടെ 57996.68 പോയിന്റിലാണ് ഇന്നത്തെ വ്യാപാരം ബോംബെ ഓഹരി സൂചിക അവസാനിപ്പിച്ചത്. നിഫ്റ്റി ഇന്ന് 30.30 പോയിന്റ് താഴേക്ക് പോയി. 0.17 ശതമാനമാണ് ഇടിവ്. 17322.20 പോയിന്റിലാണ് ദേശീയ ഓഹരി സൂചികയായ നിഫ്റ്റി ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. ഈ ഘട്ടത്തിൽ നിഫ്റ്റിയിലെ 1958 ഓഹരികൾ മുന്നേറി. 1309 ഓഹരികൾ ഇടിവ് നേരിട്ടു. 99 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായില്ല.
undefined
പവർ ഗ്രിഡ് കോർപറേഷൻ, അൾട്രാടെക് സിമന്റ്, എൻടിപിസി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് ഇന്ന് ദേശീയ ഓഹരി സൂചികയിൽ ഇന്ന് കൂടുതൽ തിരിച്ചടി നേരിട്ടവ. അതേസമയം ഡിവൈസ് ലാബ്, അദാനി പോർട്സ്, ഒഎൻജിസി, ഇന്ത്യൻ ഓയിൽ കോർപറേഷൻ, എച്ച്ഡിഎഫ്‌സി ലൈഫ് തുടങ്ങിയ ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കി.
മേഖലാ സൂചികകളിൽ ഓട്ടോ, ഐടി, പവർ, മെറ്റൽ, പൊതുമേഖലാ ബാങ്ക്, ക്യാപിറ്റൽ ഗുഡ്സ് തുടങ്ങിയവയിൽ വിൽപ്പന സമ്മർദ്ദം നേരിട്ടു. അതേസമയം ഹെൽത്ത്കെയർ, ഓയിൽ ആന്റ് ഗ്യാസ്, റിയാൽറ്റി ഓഹരികൾ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ് സൂചികയും സ്മോൾക്യാപ് സൂചികയും ഇന്ന് 0.42 ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
റഷ്യയുടെ പിന്മാറ്റത്തിൽ വിശ്വാസമില്ലെന്ന് നാറ്റോ
യുക്രൈൻ അതിർത്തിയിൽ നിന്ന് റഷ്യ ഒരു വിഭാഗം സൈനികരെയും ടാങ്കുകളും പിൻവലിച്ചതോടെ എല്ലാം തീർന്നെന്ന് കരുതുന്നില്ലെന്നാണ് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൽട്ടെൻബെർഗ് പറഞ്ഞത്. എല്ലാ യുദ്ധമുഖങ്ങളിലും ഇത്തരത്തിൽ സൈനികരിൽ ഒരു വിഭാഗത്തെ പിൻവലിക്കുകയും പിന്നീട് കൂടുതൽ ശക്തിപ്പെടുത്താറുണ്ടെന്നും സ്റ്റോൽട്ടെൻബെർഗ് പ്രസ്താവിച്ചു.
'റഷ്യൻ സൈന്യത്തിൽ ഒരു വിഭാഗം പിന്മാറിയെന്നാണ് കേൾക്കുന്നത്. എന്നാൽ ഞങ്ങൾ കാണുന്നത് യുക്രൈൻ അതിർത്തിയിലെ അസ്വസ്ഥത ശക്തിപ്പെടുന്നതാണ്. ഇവിടെ സൈനിക സംഘങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. കൂടുതൽ സംഘങ്ങൾ ഇവിടേക്ക് വരുന്നുണ്ട്,' - സ്റ്റോൽട്ടെൻബെർഗ് പറഞ്ഞു.
നാറ്റോ ആസ്ഥാനമായ ബ്രസൽസിൽ സഖ്യരാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'അവർ സത്യത്തിൽ സൈന്യത്തെ പിൻവലിക്കുകയാണെങ്കിൽ അതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അവർ അടിക്കടി ട്രൂപ്പുകളെ പിൻവലിക്കുകയും മുന്നോട്ട് കൊണ്ടുവരികയും ചെയ്യുന്നതാണ്. അതിനാൽ ഇതിനെ പൂർണമായും യുദ്ധത്തിൽ നിന്നുള്ള പിന്മാറ്റമായി കാണാനാവില്ല,' - എന്നും അദ്ദേഹം പറഞ്ഞു.