നിക്ഷേപകർ ആവേശത്തിൽ. വിപണിയിൽ സൂചികകൾ റെക്കോർഡ് നേട്ടത്തിൽ. മുന്നേറ്റം നടത്തുന്ന ഓഹരികൾ അറിയാം
മുംബൈ: കഴിഞ്ഞ സെഷനിലെ നേട്ടം പിന്തുടർന്ന് ഇന്ത്യൻ ഓഹരി സൂചിക ഇന്ന് രാവിലെയുള്ള ആദ്യ വ്യാപാരത്തിലും ഉയർന്ന് പുതിയ റെക്കോർഡിട്ടു. വിദേശ ഫണ്ടുകളുടെ വർദ്ധന, പോളിസി നിരക്കുകൾ കുറയുമെന്ന യുഎസ് ഫെഡിന്റെ സൂചന എന്നിവ ഇന്ത്യൻ ഓഹരി വിപണികളെ പിന്തുണച്ചു. പ്രധാന സൂചികകളായ സെൻസെക്‌സ് 201.93 പോയിന്റ് അഥവാ 0.32 ശതമാനം ഉയർന്ന് 62,706.73 പോയിന്റിലും നിഫ്റ്റി 63.95 പോയിന്റ് അഥവാ 0.34 ശതമാനം ഉയർന്ന് 18,626.70 പോയിന്റിലുമാണ് വ്യാപാരം നടത്തുന്നത്.
ബിഎസ്‌ഇ മിഡ്‌ക്യാപ് സൂചിക 0.14 ശതമാനവും സ്‌മോൾക്യാപ് സൂചിക 0.4 ശതമാനവും ഉയർന്നു. മേഖലകൾ പരിശോധിക്കുമ്പോൾ, നിഫ്റ്റി എഫ്എംസിജി, ലോഹം, ഐടി, ഫാർമ സൂചികകൾ നേട്ടം കൈവരിച്ചു. അതേസമയം ഓട്ടോ സൂചിക 0.3 ശതമാനം ഇടിഞ്ഞു.
undefined
നിഫ്റ്റിയിൽ ഇന്ന്, അപ്പോളോ ഹോസ്പിറ്റൽസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഡോ.റെഡ്ഡീസ്, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ എന്നീ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ, ബജാജ് ഫിൻസെർവ്, ടാറ്റ മോട്ടോഴ്‌സ്, ബിപിസിഎൽ, എൽ ആൻഡ് ടി, മാരുതി സുസുക്കി എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
നവംബറിൽ ഇതുവരെ 31,000 കോടി രൂപയുടെ വിദേശ ഫണ്ടുകൾ എത്തിയിട്ടുണ്ട്. യുഎസ് ഫെഡറൽ റിസർവിന്റെ ഏറ്റവും പുതിയ മോണിറ്ററി പോളിസി അവലോകന യോഗത്തിന്റെ റിപ്പോർട്ട് പ്രകാരം പോളിസി നിരക്കുകളിലെ വർദ്ധനവിന്റെ വേഗത കുറയാൻ സാധ്യത ഉണ്ടെന്ന് പറഞ്ഞതോടെ വിപണിയിൽ ഉണർവുണ്ട്. ഏഷ്യൻ സൂചികകളിൽ ഹോങ്കോങ്ങിന്റെ ഹാങ് സെങ് 3.20 ശതമാനം ഉയർന്ന് വ്യാപാരം നടത്തി, ചൈനയുടെ ഷാങ്ഹായ് കോമ്പോസിറ്റ് സൂചിക 1.66 ശതമാനവും തായ്‌വാൻ സൂചിക 0.22% ശതമാനവും ജപ്പാന്റെ നിക്കി 225 0.58 ശതമാനം ഇടിഞ്ഞു.