വിപണിയിൽ നേരിയ പുരോഗതി. സൂചികകൾ ഉയരുന്നു. നിഫ്റ്റിയും സെൻസെക്സും ഉയർന്നു. നേട്ടത്തിലുള്ള ഓഹരികൾ ഇവയാണ്
മുംബൈ: ആഗോള വിപണിയിൽ നിന്നുമുള്ള സമ്മിശ്ര പ്രതികരണങ്ങൾക്കിടയിൽ ആഭ്യന്തര വിപണി നേരിയ തോതിൽ ഉയർന്നു. സെൻസെക്സ് 498.42 പോയിൻറ് അഥവാ 0.88 ശതമാനം ഉയർന്ന് 57096.70 ലും നിഫ്റ്റി 145.40 പോയിൻറ് അഥവാ 0.86 ശതമാനം ഉയർന്ന് 17004 ലും വ്യാപാരം ആരംഭിച്ചു. വിപണിയിൽ ഇന്ന് ഏകദേശം 1636 ഓഹരികൾ മുന്നേറ്റത്തിലാണ്. അതേസമയം 294 ഓഹരികൾ നഷ്ടം നേരിടുന്നു.
നിഫ്റ്റിയിൽ ഇന്ന് ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീൽ, ഇൻഡസ്ഇൻഡ് ബാങ്ക്, എം ആൻഡ് എം തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ഏഷ്യൻ പെയിന്റ്‌സ്, സിപ്ല, ടിസിഎസ്, ഹീറോ മോട്ടോകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
അതേസമയം, നിഫ്റ്റി മിഡ്കാപ്പ്, നിഫ്റ്റി സ്മോൾക്യാപ്പ് സൂചികകൾ ബെഞ്ച്മാർക്ക് സൂചികകളെ മറികടന്ന് ഒരു ശതമാനം വീതം ഉയർന്നു. മേഖലകളെ പരിശോധിക്കുമ്പോൾ, ഇന്ന് എല്ലാ മേഖലകളും പുരോഗതിയിലാണ്. നിഫ്റ്റി മീഡിയ, നിഫ്റ്റി മെറ്റൽ, നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചികകൾ 1 ശതമാനം മുതൽ 2 ശതമാനം വരെ മുന്നേറി.
ഇന്നലെ കുത്തനെ ഇടിഞ്ഞ രൂപയുടെ മൂല്യം ഇന്ന് വ്യാപാരം ആരംഭിക്കുമ്പോൾ നേരിയ പുരോഗതി കൈവരിച്ചു. ഇന്നലെ 81.93 രൂപയായിരുന്നു യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം. ഇന്ന് രാവിലെ 35 പൈസ ഉയർന്ന് ഒരു ഡോളറിന് 81.59 എന്ന നിലയിലാണ് ഇന്ത്യൻ രൂപ വ്യാപാരം ആരംഭിച്ചത്. രൂപയുടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരമായിരുന്നു ഇന്നലെ. യുഎസ് ഫെഡറൽ പണപ്പെരുപ്പം തടയാൻ പലിശ നിരക്ക് കുത്തനെ ഉയർത്തിയതോടെ ഡോളർ രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് കുത്തിക്കുകയും ഇന്ത്യൻ രൂപ കുത്തനെ ഇടിയുകയുമായിരുന്നു.