നിഫ്റ്റി-50 ല്‍ 44 എണ്ണം നേട്ടത്തില്‍ ക്ലോസ് ചെയ്തു. കോള്‍ ഇന്ത്യ 6 ശതമാനത്തിലധികം മുന്നേറി. ഐഷര്‍ മോട്ടോര്‍സ് 4 ശതമാനത്തിലധികവും ബജാജ് ഫിന്‍സര്‍വ്, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോര്‍സ് എന്നിവ മൂന്ന് ശതമാനത്തിലേറെയും മുന്നേറി
മുംബൈ: പുതുവർഷത്തിലെ ആദ്യ വ്യാപാര ദിനത്തില്‍ വൻ മുന്നേറ്റം കാഴ്ചവെച്ച് ഓഹരി വിപണി. ബാങ്കിംഗ് ഓഹരികളുടെ കുതിപ്പാണ് ഇന്നത്തെ മുന്നേറ്റത്തെ നയിച്ചത്. നിക്ഷേപകരുടെ ആസ്തി 3 ലക്ഷം കോടിയിലധികം വർധിച്ചു. നിഫ്റ്റി 271 പോയിന്റ് മുന്നേറി 17625-ലും സെന്‍സെക്സ് 929 പോയിന്റ് ഉയർന്ന് 59183-ലും ക്ലോസ് ചെയ്തു. നിഫ്റ്റി ബാങ്ക് 940 പോയിന്റ് കുതിച്ച് 36421-ലെത്തി.
നിഫ്റ്റി-50 ല്‍ 44 എണ്ണം നേട്ടത്തില്‍ ക്ലോസ് ചെയ്തു. കോള്‍ ഇന്ത്യ 6 ശതമാനത്തിലധികം മുന്നേറി. ഐഷര്‍ മോട്ടോര്‍സ് 4 ശതമാനത്തിലധികവും ബജാജ് ഫിന്‍സര്‍വ്, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോര്‍സ് എന്നിവ മൂന്ന് ശതമാനത്തിലേറെയും മുന്നേറി. ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഗ്രാസിം, യുപിഎല്‍, എസ്ബിഐ, ടിസിഎസ് എന്നീ പ്രധാന ഓഹരികള്‍ രണ്ട് ശതമാനവും വില വര്‍ധന രേഖപ്പെടുത്തി.
undefined
നിഫ്റ്റി-50 ല്‍ 6 ഓഹരികളുടെ വിലയിടിഞ്ഞു. സിപ്ലയും ഡോ റെഡ്ഡീസ് ലാബ്‌സും ഒരു ശതമാനത്തിലേറെ ഇടിഞ്ഞു. മഹീന്ദ്ര & മഹീന്ദ്ര, ഡീവീസ് ലാബ്‌സ്, ടെക് മഹീന്ദ്ര, നെസ്ലെ എന്നിവ നേരിയ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
മെറ്റല്‍, റിയാല്‍റ്റി, ഓട്ടോ, എനര്‍ജി വിഭാഗം ഓഹരി സൂചികയിലും 1.5 ശതമാനത്തോളം കുതിച്ചു. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ മിഡ് കാപ് 1.2 ശതമാനവും സ്‌മോള്‍ കാപ് വിഭാഗം സൂചിക 1.3 ശതമാനവും ഉയർന്നു. ഹെല്‍ത്ത്‌കെയര്‍ വിഭാഗം നഷ്ടം നേരിട്ടു.
ഡിസംബറിലെ ജിഎസ്ടി വരുമാനം 1.29 ലക്ഷം കോടി രൂപയായി ഉയര്‍ന്നത് ഇന്നത്തെ മുന്നേറ്റത്തിന് കാരണമായി. ഡിസംബര്‍ മാസത്തെ വാഹന വില്‍പന വിപണി പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നതും കോവിഡ് പ്രതിദിന രോഗ നിരക്കില്‍ വര്‍ധനയുണ്ടെങ്കിലും കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാതിരുന്നതും സാമ്പത്തിക രംഗത്തിന് ആശ്വാസമായി.