ഇന്നത്തെ ഇടിവോടെ ബിഎസ്ഇ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം 264.8 ലക്ഷം കോടി രൂപയായി കുറഞ്ഞു
മുംബൈ: ദലാൽ സ്ട്രീറ്റിൽ ഇന്നും നിക്ഷേപകരുടെ വിയർപ്പും കണ്ണീരും പൊടിഞ്ഞു. റിസർവ് ബാങ്ക് പണനയം ഈയാഴ്ച വരുമെന്ന കാത്തിരിപ്പിന്റെ പശ്ചാത്തലത്തിൽ ഇന്നും വിൽപന സമ്മർദ്ദം നേരിട്ടതോടെ ഓഹരി വിപണി വൻ ഇടിവ് നേരിട്ടു. സെൻസെക്സ് 1023.6 പോയിന്റ് ഇടിഞ്ഞ് 57621.2 പോയിന്റിലേക്ക് താഴ്ന്നു. നിഫ്റ്റി 302.4 പോയിന്റ് താഴ്ന്ന് 17214 പോയിന്റിലേക്ക് താഴ്ന്നു. സെൻസെക്സ് 1.8 ശതമാനവും നിഫ്റ്റിയിൽ 1.7 ശതമാനവുമാണ് ഇടിവ്.
ഇന്നത്തെ ഇടിവോടെ ബിഎസ്ഇ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം 264.8 ലക്ഷം കോടി രൂപയായി കുറഞ്ഞു. ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, എൽ ആന്റ് ടി, എച്ച്ഡിഎഫ്സി ബാങ്ക്, ബ്രിട്ടാനിയ, എച്ച്ഡിഎഫ്സി ലൈഫ്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, ഹീറോ മോട്ടോകോർപ് തുടങ്ങിയ കമ്പനികളുടെ മൂല്യം 3-4 ശതമാനം ഇടിഞ്ഞു. പവർഗ്രിഡ്, ഒഎൻജിസി, ടാറ്റ സ്റ്റീൽ, എൻടിപിസി, എസ്ബിഐ, ശ്രീ സിമന്റ് തുടങ്ങിയ ഓഹരികളുടെ മൂല്യം 0.6 ശതമാനം മുതൽ 1.9 ശതമാനം വരെ ഉയർന്നു.