സെൻസെക്‌സിന്റെ ഭാഗമായ 30 ഓഹരികളിൽ 18 എണ്ണത്തിനും 2 ശതമാനത്തിലധികം നഷ്ടമുണ്ടായി
മുംബൈ: ഇന്ത്യൻ ഓഹരികൾ തുടർച്ചയായ അഞ്ചാം ദിവസവും താഴേക്ക് പോയി. മൂന്നാഴ്ചത്തെ ഏറ്റവും മോശം നിലയിലേക്കാണ് ഇന്ന് ഓഹരി സൂചികകൾ കൂപ്പുകുത്തിയത്. ഇന്ന് മാത്രം നിക്ഷേപകരുടെ ആസ്തി 10 ലക്ഷം കോടി രൂപയോളം കുറഞ്ഞു. സെൻസെക്‌സ് 1545.67 പോയിന്റ് ഇടിഞ്ഞ് 57491.51 പോയിന്റിലെത്തി. നിഫ്റ്റി 468.05 പോയിന്റ് ഇടിഞ്ഞ് 17149.10 പോയിന്റിലെത്തി.
സെൻസെക്‌സിന്റെ ഭാഗമായ 30 ഓഹരികളിൽ 18 എണ്ണത്തിനും 2 ശതമാനത്തിലധികം നഷ്ടമുണ്ടായി. ബജാജ് ഫിനാൻസ് 6.24 ശതമാനം ഇടിഞ്ഞ് 6913.15 രൂപയായി. ടാറ്റ സ്റ്റീൽ 5.91 ശതമാനം ഇടിഞ്ഞ് 1100.00 രൂപയിലെത്തി. ഐടി ഓഹരികൾ കനത്ത വിൽപന സമ്മർദ്ദത്തിലായിരുന്നു. ടെക് മഹീന്ദ്ര 5.35 ശതമാനം ഇടിഞ്ഞ് 1508.85 രൂപയായി. വിപ്രോ 5.44 ശതമാനം ഇടിഞ്ഞ് 572.30 രൂപയായി. എച്ച്‌സിഎൽ ടെക്‌നോളജീസ് 3.87 ശതമാനം ഇടിഞ്ഞ് 1122.60 രൂപയായും ഇൻഫോസിസ് 2.87 ശതമാനം ഇടിഞ്ഞ് 1734.75 രൂപയിലുമെത്തി. സൂചിക ഹെവിവെയ്റ്റ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 4.06 ശതമാനം ഇടിഞ്ഞ് 2377.55 രൂപയായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 4 ശതമാനം വീതം ഇടിഞ്ഞു.
നിഫ്റ്റിയിൽ ജെഎസ്ഡബ്ല്യു സ്റ്റീൽ, ബജാജ് ഫിനാൻസ് എന്നിവ ആറ് ശതമാനം വീതം നഷ്ടത്തിലായി. ടാറ്റ സ്റ്റീൽ, ഗ്രാസിം, ഹിൻഡാൽകോ എന്നിവയും നഷ്ടത്തിലായി. സിപ്ലയും ഒഎൻജിസിയും മാത്രമാണ് നേട്ടമുണ്ടാക്കിയത്. നിഫ്റ്റി 50 ൽ രണ്ട് ഓഹരികൾ മാത്രമാണ് മുന്നേറിയത്. ബാക്കിയുള്ള 48 ഓഹരികളുടെയും മൂല്യം ഇടിഞ്ഞു.