ഇന്നലെ 58795.09 എന്ന നിലയിലായിരുന്നു സെൻസെക്സ് ക്ലോസ് ചെയ്തത്. എന്നാൽ രാവിലെ മുതൽ വിപണിയിൽ തിരിച്ചടി തുടർന്നു
ദില്ലി: പുതിയ കൊവിഡ് വകഭേദത്തെ കുറിച്ചുള്ള ഭീതി ഇന്ത്യൻ ഓഹരി വിപണിയിൽ പ്രതിഫലിച്ചു. ഇതിന്റെ ഫലമായി സെൻസെക്സ് 1687.94 പോയിന്റ് ഇടിഞ്ഞു. ഏഴ് മാസത്തിനിടയിൽ നേരിട്ട ഏറ്റവും വലിയ തകർച്ചയാണിത്. 57107.15 ലാണ് ക്ലോസ് ചെയ്തത്.
ഇന്നലെ 58795.09 എന്ന നിലയിലായിരുന്നു സെൻസെക്സ് ക്ലോസ് ചെയ്തത്. എന്നാൽ രാവിലെ മുതൽ വിപണിയിൽ തിരിച്ചടി തുടർന്നു. പുതിയ വകഭേദത്തിന്റെ ആവിർഭാവം സാമ്പത്തിക പ്രവർത്തനങ്ങൾ വീണ്ടും താറുമാറാക്കുമെന്ന ഭീതിയാണ് ഓഹരികളുടെ വിൽപ്പന സമ്മർദ്ദം വർധിപ്പിച്ചത്.
ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 509.80 പോയിന്റാണ് ഇന്ന് ഇടിഞ്ഞത്. ഇന്ന് 17026.45 ലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. ഇന്നലെ 17536.25 എന്ന നിലയിലായിരുന്നു നിഫ്റ്റി. ഇന്ന് കൊവിഡ് വ്യാപന ഭീതിയാണ് നിഫ്റ്റി ഓഹരികളിലും വിൽപ്പന സമ്മർദ്ദം കൂടാൻ കാരണമായത്.