58,000 കടന്ന് ബിഎസ്ഇ സെൻസെക്സ്, ഓഹരി വിപണിയിൽ വീണ്ടും റെക്കോർഡ് കുതിപ്പ്; മുന്നേറ്റത്തിന് നേതൃത്വംനൽകി റിലയൻസ്

By Web Team  |  First Published Sep 3, 2021, 9:23 PM IST

ബിഎസ്ഇയിൽ 1,726 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 1,474 ഓഹരികൾക്ക് ഇടിവ് നേരിട്ടു. 


ന്ത്യന്‍ ഇക്വിറ്റി ബെഞ്ചുമാര്‍ക്കുകള്‍ ഇന്ന് റെക്കോര്‍ഡ് കുതിപ്പ് നടത്തി. സൂചികയിലെ കരുത്തനായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കുതിപ്പാണ് വിപണിയുടെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. വ്യാപാരം അവസാനിക്കുമ്പോള്‍ റിലയന്‍സിന്റെ ഓഹരികള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. റിലയന്‍സിന്റെ ഓഹരി വില 2,390 രൂപയിലേക്ക് ഉയര്‍ന്നു.

സെന്‍സെക്‌സിന്റെ കുതിപ്പിലെ വിലപ്പെട്ട 280 പോയിന്റ് റിലയന്‍സ് ഓഹരികളുടെ സംഭാവനയായിരുന്നു. ബിഎസ്ഇ സെന്‍സെക്‌സ് വ്യാപാരം അവസാനിക്കുമ്പോള്‍ 342 പോയിന്റ് ഉയര്‍ന്ന് റെക്കോര്‍ഡ് നിരക്കായ 58,194.79 പോയിന്റിലാണ്. നിഫ്റ്റി 50 സൂചിക റെക്കോര്‍ഡ് നേട്ടത്തോടെ 17,340  പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Latest Videos

undefined

"നിഫ്റ്റി 50 സൂചിക 17,200-17,250 എന്ന നിലവാരത്തിന് മുകളിൽ തുടരുകയാണെങ്കിൽ, വിപണി വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്, ഇത് 17,400-17,450 നിലവാരത്തിലേക്ക് വരെ വിപണിയെ നയിച്ചേക്കാം. ആർഎസ്ഐ, എംഎസിഡി തുടങ്ങിയ മൊമെന്റം സൂചകങ്ങൾ വിപണികളെക്കുറിച്ചുള്ള ഹ്രസ്വകാല ബുള്ളിഷ് കാഴ്ചപ്പാടിനെ കൂടുതൽ ശക്തിപ്പെടുത്തുന്നു, ”ക്യാപിറ്റൽവിയ ഗ്ലോബൽ റിസർച്ചിലെ സാങ്കേതിക ഗവേഷണ വിഭാഗം മേധാവി ആഷിസ് ബിശ്വാസ് പ്രമുഖ ബിസിനസ് മാധ്യമമായ എൻഡിടിവി പ്രോഫിറ്റിനോട് പറഞ്ഞു.

ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചിലെ 15 സെക്ടർ ഗേജുകളിൽ 10 എണ്ണം നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ് സൂചികയുടെ 2.5 ശതമാനം നേട്ടത്തിന്റെ നേതൃത്വത്തിൽ മുന്നേറ്റം നടത്തി. കൺസ്യൂമർ ഡ്യൂറബിൾസ്, റിയൽറ്റി, മെറ്റൽ, മീഡിയ, ഓട്ടോ സൂചികകൾ എന്നിവ ഒരു ശതമാനത്തിന് മുകളിൽ നേട്ടമുണ്ടാക്കി.

നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, എഫ്എംസിജി, ബാങ്ക്, പ്രൈവറ്റ് ബാങ്ക് സൂചികകൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി മിഡ് കാപ്പ് 100 സൂചിക 0.5 ശതമാനവും നിഫ്റ്റി സ്മോൾകാപ്പ് 100 സൂചിക 0.41 ശതമാനവും ഉയർന്നു. 

ഒഎൻജിസി, കോൾ ഇന്ത്യ, ടൈറ്റൻ, ഇന്ത്യൻ ഓയിൽ, ഹീറോ മോട്ടോകോർപ്പ്, ഭാരത് പെട്രോളിയം, ഐഷർ മോട്ടോഴ്സ്, ബജാജ് ഓട്ടോ, മാരുതി സുസുക്കി, ടാറ്റ സ്റ്റീൽ, ഏഷ്യൻ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ 1-4 ശതമാനം വരെ ഉയർന്നു. എക്സൈഡ് ഇൻഡസ്ട്രീസിന്റെ ലൈഫ് ഇൻഷുറൻസ് ബിസിനസ്സ് ഏറ്റെടുക്കുന്നതായി കമ്പനി പ്രഖ്യാപിച്ചതിനെത്തുടർന്ന് എച്ച്ഡിഎഫ്സി ലൈഫ് 3.3 ശതമാനം ഇടിഞ്ഞ് മൂല്യം 734 രൂപയിലേക്ക് എത്തി.

സിപ്ല, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യൂണിലിവർ, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, അൾട്രടെക് സിമന്റ്, ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്, ആക്സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയാണ് നഷ്ടം രേഖപ്പെടുത്തിയ ഓഹരികൾ. ബിഎസ്ഇയിൽ 1,726 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 1,474 ഓഹരികൾക്ക് ഇടിവ് നേരിട്ടു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!