വിപണിയില്‍ രൂപയുടെ "ഹീറോയിസം", ഡോളറിനെതിരെ വന്‍ മുന്നേറ്റം നടത്തി ഇന്ത്യന്‍ നാണയം

By Web Team  |  First Published Jun 3, 2019, 2:50 PM IST

അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയതാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയരാന്‍ പ്രധാനമായും സഹായിച്ച ഘടകം. ഇന്ന് ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഒരു ശതമാനത്തിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയത്. 


മുംബൈ: ഓഹരി വിപണിയുടെ റെക്കോര്‍ഡ് മുന്നേറ്റത്തിനൊപ്പം വന്‍ നേട്ടം കരസ്ഥമാക്കി ഇന്ത്യന്‍ രൂപയും. ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 31 പൈസയുടെ വര്‍ധനവാണുണ്ടായത്. വെള്ളിയാഴ്ചത്തെ ക്ലോസിംഗില്‍ നിന്ന് ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ 69.48 എന്ന നിലയിലായിരുന്ന ഇന്ത്യന്‍ നാണയം പിന്നീട് 69.39 ലേക്ക് ഉയര്‍ന്നു.

വെളളിയാഴ്ച വ്യാപാരം അവസാനിച്ചപ്പോള്‍ ഡോളറിനെതിരെ 69.70 എന്ന നിലയിലായിരുന്നു രൂപ. ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് റെക്കോര്‍ഡ് നേട്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് റെക്കോര്‍ഡ് ഉയരത്തിലാണ്. 426 പോയിന്‍റ് ഉയര്‍ന്ന് സൂചിക 40,140 ലേക്ക് എത്തി. 

Latest Videos

undefined

ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 127 പോയിന്‍റ് ഉയര്‍ന്ന് ചരിത്രത്തില്‍ ആദ്യമായി 12,050 ത്തിലെത്തി. ഇന്ന് തുടങ്ങിയ റിസര്‍വ് ബാങ്കിന്‍റെ പണനയ അവലോകനയോഗത്തില്‍ റിപ്പോ നിരക്കുകളില്‍ കുറവുണ്ടായേക്കുമെന്ന സൂചനകളാണ് ഓഹരി വിപണി നേട്ടത്തെ സ്വാധീനിച്ചതെന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം.

അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയതാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയരാന്‍ പ്രധാനമായും സഹായിച്ച ഘടകം. ഇന്ന് ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഒരു ശതമാനത്തിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയത്. ബാരലിന് 61.20 ഡോളറാണ് ഇന്നത്തെ അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്ക്.ഏപ്രിലിലെ ഉയര്‍ന്ന വിലയില്‍ നിന്നും ബ്രന്‍റ് ക്രൂഡിന് വിലയില്‍ 20 ശതമാനത്തിന്‍റെ ഇടിവാണ് ജൂണ്‍ ആദ്യത്തോടെ ഉണ്ടായിരിക്കുന്നത്. ഇത് ഇന്ത്യന്‍ രൂപയെ സംബന്ധിച്ച് അനുകൂല സാഹചര്യമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.  

click me!