ആഗോള തലത്തിൽ വിലക്കയറ്റം ഉയർന്ന് നിൽക്കുന്നതിനാൽ വിദേശ നിക്ഷേപകർ നേരത്തെ തന്നെ ആഭ്യന്തര വിപണിയിൽ നിരാശയായിരുന്നു ഉണ്ടായിരുന്നത്. ഇതിന് മുകളിലേക്കാണ് പുതിയ കൊവിഡ് വ്യാപനത്തിന്റെ ഭീതിയും പറന്നിറങ്ങിയത്
ദില്ലി: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ B.1.1.529 എന്ന പുതിയ കൊവിഡ് വകഭേദം ഓഹരി വിപണിയിൽ വരുത്തിയത് കനത്ത നഷ്ടം. ഇന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപകരുടെ ആറര ലക്ഷം കോടി രൂപയാണ് ആവിയായി പോയത്. ആഗോള തലത്തിൽ വിലക്കയറ്റം ഉയർന്ന് നിൽക്കുന്നതിനാൽ വിദേശ നിക്ഷേപകർ നേരത്തെ തന്നെ ആഭ്യന്തര വിപണിയിൽ നിരാശയായിരുന്നു ഉണ്ടായിരുന്നത്. ഇതിന് മുകളിലേക്കാണ് പുതിയ കൊവിഡ് വ്യാപനത്തിന്റെ ഭീതിയും പറന്നിറങ്ങിയത്.
ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലെ വിപണി മൂലധന കണക്ക് പ്രകാരം ഓഹരി നിക്ഷേപകർക്ക് ആറര ലക്ഷം കോടിയുടെ നഷ്ടമുണ്ടായി. നേരത്തെ 265.66 കോടി രൂപയായിരുന്നു ഇന്ത്യൻ ഓഹരി നിക്ഷേപകരുടെ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലെ ആകെ ആസ്തി. ഇത് 259.11 ലക്ഷം കോടിയായി കുറഞ്ഞു. സെൻസെക്സ് 1687.94 പോയിന്റ് ഇടിഞ്ഞു. ഏഴ് മാസത്തിനിടയിൽ നേരിട്ട ഏറ്റവും വലിയ തകർച്ചയാണിത്. 57107.15 ലാണ് ക്ലോസ് ചെയ്തത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 509.80 പോയിന്റാണ് ഇന്ന് ഇടിഞ്ഞത്. ഇന്ന് 17026.45 ലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്.
undefined
ലോകരാജ്യങ്ങളെ വീണ്ടും സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ് പുതിയ കൊവിഡ് വകഭേദത്തിന്റെ വ്യാപന ഭീതി. അതിവേഗം മനുഷ്യകോശങ്ങളിലേക്ക് പ്രവേശിക്കുന്ന ഇവ ഇപ്പോൾ വികസിപ്പിച്ചെടുത്ത വാക്സീനുകളെ നേരിടുന്നതും വളരെ വേഗം മ്യൂട്ടേഷൻ സംഭവിക്കുന്നതുമാണെന്ന വാർത്തകൾ അന്താരാഷ്ട്ര വിപണിയെ വിറപ്പിച്ചിരിക്കുകയാണ്.
ഇന്ന് ആഗോള വിപണിയിൽ ഈ വാർത്ത വലിയ പ്രകമ്പനം സൃഷ്ടിച്ചു. ഏഷ്യൻ വിപണിയിൽ ട്രാവൽ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളുടെ ഓഹരികൾ വിൽപ്പന സമ്മർദ്ദം നേരിട്ടു. യെൻ ഡോളറിനെതിരെ ശക്തി പ്രാപിച്ചപ്പോൾ ദക്ഷിണാഫ്രിക്കൻ റാന്റ് ഒരു വർഷത്തെ ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്ക് താഴ്ന്നു. യുകെ ദക്ഷിണാഫ്രിക്കയടക്കം ആറ് രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കി. 14 ദിവസത്തിലേറെയായി ദക്ഷിണാഫ്രിക്കയിൽ കഴിഞ്ഞവരെ സിങ്കപ്പൂരും രാജ്യത്തേക്ക് കടക്കുന്നത് വിലക്കി. ഇന്ത്യയാകട്ടെ ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തി.