മുംബൈ: റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡിന് കീഴിലെ റീട്ടെയ്ൽ രംഗത്തെ സ്ഥാപനമായ റിലയൻസ് റീട്ടെയ്ൽ വെഞ്ച്വേർസ് ലിമിറ്റഡിന് 7500 കോടി രൂപ നിക്ഷേപമെത്തി. അമേരിക്കൻ ടെക് ഇൻവെസ്റ്ററായ സിൽവർ ലേക്കാണ് നിക്ഷേപം നടത്തിയതെന്ന് മുകേഷ് അംബാനിയുടെ കമ്പനി സ്റ്റോക് എക്സ്ചേഞ്ചിനെ അറിയിച്ചു.
സിൽവർ ലേക്കിന് 1.75 ശതമാനം ഓഹരിയാണ് റിലയൻസ് റീട്ടെയ്ലിൽ ഉള്ളത്. ഇതിന്റെ തുകയായാണ് 7500 കോടി നൽകിയത്. അമേരിക്കൻ കമ്പനി റിലയൻസിൽ നിക്ഷേപം നടത്തുമെന്ന് സെപ്തംബർ ഒൻപതിന് തന്നെ പ്രഖ്യാപിച്ചിരുന്നതാണ്.
ജിയോ പ്ലാറ്റ്ഫോമിൽ ഓഹരി വിറ്റഴിച്ച് 1.5 ട്രില്യൺ രൂപ അംബാനി സമാഹരിച്ചതിന് ശേഷം റീട്ടെയ്ൽ സ്ഥാപനത്തിലേക്ക് വന്ന ആദ്യ നിക്ഷേപമാണ് സിൽവർ ലേക്കിന്റേത്. ജിയോ പ്ലാറ്റ്ഫോമിലും ഈ കമ്പനി നേരത്തെ നിക്ഷേപം നടത്തിയിരുന്നു. 2.08 ശതമാനം ഓഹരിക്ക് 1.34 ബില്യൺ ഡോളറാണ് നിക്ഷേപിച്ചത്.