900 കോടി ഡോളറിന് 72 ബോയിങ് വിമാനങ്ങള്‍; ജുന്‍ജുന്‍വാലയുടെ 'ആകാശ' എയര്‍ തുടങ്ങുന്നു

By Web Team  |  First Published Nov 17, 2021, 12:04 AM IST

ബോയിങ്ങിന്‍റെ മാക്സ് ജെറ്റുകള്‍ പറത്താന്‍ വിമാന കമ്പനികള്‍ക്ക് അനുമതി ലഭിച്ച് നാല് മാസത്തിനുള്ളിലാണ് ഇത്രയും വലിയ നിക്ഷേപം രാകേഷ് ജുന്‍ജുന്‍വാല നടത്തുന്നത്. 


ദില്ലി: വ്യോമയാന രംഗത്തേക്ക് ചുവടുവയ്ക്കുന്ന കോടീശ്വരന്‍ രാകേഷ് ജുന്‍ജുന്‍വാല (Rakesh Jhunjhunwala) ബോയിങ് (Boeing) കമ്പനിയില്‍ നിന്നും 72 വിമാനങ്ങള്‍ വാങ്ങുവാന്‍ കരാറായതായി റിപ്പോര്‍ട്ട്. 900 കോടി ഡോളറിന് രാകേഷ് ജുന്‍ജുന്‍വാല ആരംഭിക്കുന്ന ആകാശ എയര്‍ലൈന്‍സ് (Akasa Air) ഇത്രയും വിമാനങ്ങള്‍ വാങ്ങുന്നത് എന്നാണ് വിവരം. 

ബോയിങ്ങിന്‍റെ മാക്സ് ജെറ്റുകള്‍ പറത്താന്‍ വിമാന കമ്പനികള്‍ക്ക് അനുമതി ലഭിച്ച് നാല് മാസത്തിനുള്ളിലാണ് ഇത്രയും വലിയ നിക്ഷേപം രാകേഷ് ജുന്‍ജുന്‍വാല നടത്തുന്നത്. തുടര്‍ച്ചയായ അപകടങ്ങളെ തുടര്‍ന്ന് രണ്ടര വര്‍ഷത്തോളം ബോയിങ് മാക്സ് വിമാനങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നു.

Latest Videos

undefined

അതേ സമയം വളരെ ചിലവ് കുറഞ്ഞ ആഭ്യന്തര വിമാന സര്‍വീസ് എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ ഓഹരി വിപണിയിലെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാല വ്യോമയാന രംഗത്തേക്ക് ചുവട് വയ്ക്കുന്നത്. ഇന്‍റിഗോ, ജെറ്റ് എന്നീ വ്യോമയാന കമ്പനികളുടെ മുന്‍ സിഇഒമാരാണ് ആകാശ എയര്‍ കെട്ടിപ്പടുക്കാന്‍ ജുന്‍ജുന്‍വാലയ്ക്ക് ഒപ്പമുള്ളത്.

കമ്പനിക്കുള്ള അനുമതികള്‍ ഒക്ടോബര്‍ മാസത്തില്‍ ലഭിച്ചിരുന്നു. സെപ്തംബറില്‍ തന്നെ ബോയിങ്ങുമായി കരാര്‍ ധാരണയില്‍ എത്തിയിരുന്നെങ്കിലും. ഇന്ത്യന്‍ ഗവണ്‍മെന്‍റില്‍ നിന്നും ആവശ്യമായ അനുമതികള്‍ ലഭിച്ചതോടെയാണ് ഈ ഇടപാട് ഔദ്യോഗികമായി പുറത്തുവന്നത് എന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആകാശ എയര്‍ അടുത്ത വര്‍ഷത്തോടെ ഇന്ത്യന്‍ ആകാശങ്ങള്‍ കീഴടക്കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

click me!