കമ്പനിയുടെ വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ സാമ്പത്തിക പാദത്തിൽ 1086.40 കോടിയായി ഉയർന്നു. 64 ശതമാനമാണ് വരുമാന വളർച്ച
ദില്ലി: പേടിഎം മാതൃ കമ്പനി വൺ 97 കമ്യൂണിക്കേഷന്റെ നഷ്ടം ഉയർന്നു. 2021 സെപ്തംബറിൽ അവസാനിച്ച പാദത്തിൽ 481.70 കോടിയാണ് നഷ്ടം. ജൂണിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ 376.60 കോടിയായിരുന്നു കമ്പനിയുടെ നഷ്ടം. 435.50 കോടിയായിരുന്നു കമ്പനിയുടെ 2020 സെപ്തംബറിലെ പാദവാർഷിക നഷ്ടം.
കമ്പനിയുടെ വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ സാമ്പത്തിക പാദത്തിൽ 1086.40 കോടിയായി ഉയർന്നു. 64 ശതമാനമാണ് വരുമാന വളർച്ച. 663.90 കോടി രൂപ മാത്രമായിരുന്നു കമ്പനിയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ സെപ്തംബർ പാദത്തിലെ വരുമാനം. നോൺ യുപിഐ പേമെന്റ് വിഭാഗത്തിലെ വരുമാന വർധനവാണ് ഇതിന് കാരണമായത്. കഴിഞ്ഞ മാസം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ട ശേഷം ആദ്യമായാണ് കമ്പനി തങ്ങളുടെ കണക്ക് പുറത്തുവിടുന്നത്.
പേടിഎം പേമെന്റ്സ് വഴിയുള്ള കമ്പനിയുടെ വരുമാനം 69 ശതമാനം വർധിച്ച് 842.60 കോടിയായി. ക്ലൗഡ് സേവനങ്ങളിൽ നിന്നുള്ള വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 47 ശതമാനം ഉയർന്ന് 243.80 കോടി രൂപയായി. സാമ്പത്തിക സേവനങ്ങളിൽ നിന്നും മറ്റ് സേവനങ്ങളിൽ നിന്നുള്ള വരുമാനം 250 ശതമാനം ഉയർന്ന് 88.70 കോടിയായി.