എന്‍എസ്ഇയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ചിത്ര രാമകൃഷ്ണ പ്രവര്‍ത്തിച്ച കാലത്താണ് ഇത്തരത്തില്‍ രേഖകള്‍ ചോര്‍ന്നത്.
മുംബൈ: നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിനെതിരെ (എന്‍എസ്ഇ) വീണ്ടും അന്വേഷണത്തിന് തയ്യാറെടുത്ത് സെബി. 2011 -15 നും ഇടയില്‍ ചില സുപ്രധാന രേഖകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ആഭ്യന്തര കാര്യങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ വിപണിയില്‍ സജീവമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ചിലര്‍ക്കും ദല്ലാള്‍മാര്‍ക്കും ലഭിച്ചതുമായി ബന്ധപ്പെട്ടാണ് സെബി അന്വേഷണം നടത്തുക.
എന്‍എസ്ഇയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ചിത്ര രാമകൃഷ്ണ പ്രവര്‍ത്തിച്ച കാലത്താണ് ഇത്തരത്തില്‍ രേഖകള്‍ ചോര്‍ന്നത്. എന്‍എസ്ഇയുടെ ഡേറ്റാ സെന്‍ററും അതിലെ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നയതീരുമാനങ്ങളുടെ രേഖകളും ബോര്‍ഡ് യോഗത്തിന്‍റെ രേഖകളും മറ്റുമാണ് ഇത്തരത്തില്‍ പുറത്തുപോയത്.
വിഷയത്തില്‍ ഒത്തുതീര്‍പ്പിനായി എന്‍എസ്ഇ സെബിക്ക് കത്ത് നല്‍കിയിട്ടുണ്ട്. നിശ്ചിത ഫീസ് നല്‍കി ഒത്തുതീര്‍പ്പാക്കാനാണ് അപേക്ഷ. ഈ അപേക്ഷയില്‍ ആരോപണം നിഷേധിക്കുകയോ ശരിവയ്ക്കുകയോ ചെയ്തിട്ടില്ല. നിലവില്‍ ഐപിഒ (പ്രാഥമിക ഓഹരി വില്‍പ്പന) നടത്താനുളള ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണ് എന്‍എസ്ഇ. എന്നാല്‍, സെബി എന്‍എസ്ഇയുടെ കത്ത് സംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.