സെൻസെക്സ് 1170.12 പോയിന്റ് ഇടിഞ്ഞ് 58465.89 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരു ഘട്ടത്തിൽ സൂചിക 58011.92 പോയിന്റ് വരെ ഇടിഞ്ഞിരുന്നു
മുംബൈ: ഓഹരി വിപണികൾ കുത്തനെ ഇടിഞ്ഞു. ഇന്ന് രാവിലെ വിപണി പ്രവർത്തനം തുടങ്ങിയത് മുതൽ ആരംഭിച്ച വിൽപ്പന സമ്മർദ്ദമാണ് ഇന്നത്തെ തിരിച്ചടിക്ക് കാരണം. അവസാന നിമിഷങ്ങളിൽ ചെറിയ തിരിച്ചുവരവ് കാഴ്ചവെച്ച സെൻസെക്സ് ഇന്നത്തെ ഇടിവിലും നൽകുന്ന പ്രതീക്ഷ വലുതാണ്. ദീർഘമായ ഇടവേളയ്ക്ക് ശേഷം സെൻസെക്‌സ് 1000 പോയിന്റിനു മുകളിൽ ഒറ്റ ദിവസം കൊണ്ട് നഷ്ടം നേരിട്ടതോടെ നിക്ഷേപകർക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായത്.
പ്രീ സെക്ഷനിൽ സെൻസെക്‌സ് 500 പോയിന്റോളം നഷ്ടം വരുത്തി. ഇന്ന് 1170.12 പോയിന്റ് ഇടിഞ്ഞ് 58465.89 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരു ഘട്ടത്തിൽ സൂചിക 58011.92 പോയിന്റ് വരെ ഇടിഞ്ഞിരുന്നു. ഇന്നത്തെ വ്യാപാരത്തിന്റെ അവസാന ഘട്ടത്തിൽ നേരിയ തിരിച്ചുവരവ് കാഴ്ചവെച്ചാണ് സെൻസെക്സ് ക്ലോസ് ചെയ്തത്.
undefined
ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 348.25 പോയിന്റ് ഇടിഞ്ഞു. 17416.55 ലാണ് നിഫ്റ്റി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഇരു സൂചികകളിലുമായി ഇന്ന് 1.96 ശതമാനം നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞയാഴ്ച മൂന്ന് സെക്ഷനുകളിലായി 1000 പോയിന്റോളം നഷ്ടമാണ് സെൻസെക്സ് രേഖപ്പെടുത്തിയത്. യൂറോപ്പ് മേഖലയിൽ കോവിഡ് കേസുകൾ വർധിക്കുന്നതും ഓസ്‌ട്രേലിയ ലോക്കഡൗൺ നടപടികളിലേക്കു കടന്നതും കനത്ത തിരിച്ചടിയായി. രാജ്യാന്തര വിപണികളിൽ എണ്ണവില കുറഞ്ഞത് ആശ്വാസമാണെങ്കിലും ഡോളർ കരുത്താർജിച്ചതോടെ രൂപയുടെ മൂല്യം ചോർന്നു.
ചൈനയിലെ റീടെയ്ൽ വിൽപനയിലെ മാന്ദ്യം ഏഷ്യൻ വിപണികളിലെ ദുർബലാവസ്ഥക്ക് കാരണമായി. കഴിഞ്ഞവർഷം ഏപ്രിലിൽ റീട്ടെയിൽ വില്പന 17.7ശതമാനം ഉയർന്നിരുന്നു. നവംബർ 12ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയിലെ വിദേശനാണ്യത്തിന്റെ കരുതൽ ശേഖരം 5677 കോടി രൂപ (763 മില്യൺ)കുറഞ്ഞ് 4762272 കോടി(640.112 ബില്യൺ ഡോളർ)യായിരുന്നു. സെപ്റ്റംബർ മൂന്നിന് അവസാനിച്ച ആഴ്ചയിൽ എക്കാലത്തെയും റെക്കോഡായ 4784595 കോടി(642.453 ബില്യൺ ഡോളർ)യിലെത്തിയിരുന്നു.
സൗദി ആരാംകോയുമായുള്ള ഇടപാടിനെ തുടർന്ന് റിലയൻസിന്റെ പുനർമൂല്യനിർണയം നടത്താൻ തീരുമാനിച്ചത് ഓഹരി വിലയെ ബാധിച്ചു. പേടിഎം ഓഹരി വില രണ്ടാംദിവസവും ഇടിഞ്ഞു. പൊതുമേഖല ബാങ്ക്, റിയാൽറ്റി സൂചികകൾ മൂന്ന് മുതൽ നാല് ശതമാനം വരെ ഇടിഞ്ഞു. ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, പിഎൻബി, എസ്ബിഐ തുടങ്ങിയ ഓഹരികൾ തകർച്ച നേരിട്ടു. ശോഭ, ഒബ്‌റോയ്, പ്രസ്റ്റീജ് എസ്റ്റേറ്റ്, ബ്രിഗേഡ് എന്റർപ്രൈസസ്, ഗോദ്‌റേജ് പ്രോപ്പർട്ടീസ് തുടങ്ങിയ റിയാൽറ്റി ഓഹരികളും നഷ്ടത്തിലായി.