പുതുവര്‍ഷത്തില്‍ ആത്മവിശ്വാസത്തോടെ തുടങ്ങി ഇന്ത്യന്‍ ഓഹരി വിപണി: ടാറ്റയും റിലയന്‍സും 'ചാമ്പ്യന്മാര്‍'

By Web Team  |  First Published Oct 27, 2019, 8:01 PM IST

മുഹൂര്‍ത്ത വ്യാപാരത്തില്‍ ഇന്ത്യന്‍ വിപണിയില്‍ തുടങ്ങിയത് ആത്മവിശ്വാസത്തോടെയായിരുന്നു. തുടക്കത്തില്‍ തന്നെ മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 200 പോയിന്‍റ് ഉയര്‍ന്നിരുന്നു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 11,650 ന് അടുത്തേക്കും മുന്നേറിയിരുന്നു.


ഒരു മണിക്കൂര്‍ മുഹൂര്‍ത്ത വ്യാപാരത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. ദീപാവലിയോടനുബന്ധിച്ച് നടന്ന മുഹൂര്‍ത്ത വ്യാപാരത്തില്‍ മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 192 പോയിന്‍റ് നേട്ടത്തോടെ 39,250 ലെത്തി വ്യാപാരം അവസാനിച്ചു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയില്‍ വ്യാപാരം 0.50 ശതമാനം ഉയര്‍ന്ന് 11,628 ലേക്ക് എത്തി. 

പുതുവര്‍ഷത്തിന് തുടക്കം കുറിച്ചുകൊണ്ട് വൈകിട്ട് 6.15 മുതല്‍ തുടങ്ങിയ വ്യാപാരം 7.15 ന് അവസാനിച്ചു. ഹിന്ദു കലണ്ടർ വർഷമായ സംവത് 2076 ന്റെ തുടക്കമായി പരിഗണിച്ചാണ് മുഹൂര്‍ത്ത വ്യാപാരം നടന്നത്.

Latest Videos

undefined

മുഹൂര്‍ത്ത വ്യാപാരത്തില്‍ ഇന്ത്യന്‍ വിപണിയില്‍ തുടങ്ങിയത് ആത്മവിശ്വാസത്തോടെയായിരുന്നു. തുടക്കത്തില്‍ തന്നെ മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 200 പോയിന്‍റ് ഉയര്‍ന്നിരുന്നു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 11,650 ന് അടുത്തേക്കും മുന്നേറിയിരുന്നു. എന്നാല്‍, പിന്നീട് വിപണിയില്‍ ചെറിയ സമ്മര്‍ദ്ദം രൂപപ്പെടുത്തതാണ് ദൃശ്യമായത്. ടാറ്റാ മോട്ടോഴ്സ് ഓഹരികളാണ് ഏറ്റവും വലിയ നേട്ടം കൈവരിച്ചത്. ടാറ്റ മോട്ടോഴ്സിന്‍റെ ഓഹരികള്‍ 18 ശതമാനം ഉയര്‍ന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ പുതിയ ഉയരങ്ങള്‍ കീഴടക്കി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഓഹരി മൂല്യം 1,445 ലേക്കാണ് ഉയര്‍ന്നത്. വെള്ളിയാഴ്ച റിലയന്‍സ് നടത്തിയ പ്രഖ്യാപനങ്ങളാണ് ഈ മുന്നേറ്റത്തിന് കാരണമായത്. ജിയോ ടെലികോം സംരംഭത്തിൽ കടം കുറയ്ക്കാൻ ഡിജിറ്റൽ സേവന കമ്പനി സൃഷ്ടിക്കാൻ 15 ബില്യൺ ഡോളർ മുതൽമുടക്കുമെന്ന് കമ്പനി അറിയിച്ചു. ഇത് തന്ത്രപരമായ നിക്ഷേപകന്റെ പ്രവേശനത്തിന് വഴിയൊരുക്കുന്ന പ്രവര്‍ത്തനമാണ്.

 

പ്രമുഖ ബാങ്കിങ് ഓഹരിയായ ഐസിഐസിഐ ബാങ്ക് ഓഹരികള്‍ ഇന്ന് ഫ്ലാറ്റായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മുഹൂര്‍ത്ത വ്യാപാരത്തില്‍ ( സംവത് 2075) സെന്‍സെക്സിലെയും നിഫ്റ്റിയിലെയും മുഖ്യ സൂചികകള്‍ യഥാക്രമം 11 ശതമാനവും 10 ശതമാനവും ഉയര്‍ന്നിരുന്നു. ഈ വര്‍ഷം ബിഎസ്ഇ മിഡ് ക്യാപ്, സ്മോള്‍ ക്യാപ് ഓഹരികളില്‍ നേട്ടം ദൃശ്യമായി. ഇവ യഥാക്രമം 0.70 ശതമാനവും 1.2 ശതമാനവും ഉയര്‍ന്നു. 

ദേശീയ ഓഹരി സൂചികയ്ക്ക് 11,500- 11,450 സോണില്‍ വലിയ പിന്തുണ ലഭിച്ചപ്പോള്‍, 11,650- 11,700 റേഞ്ചില്‍ വലിയ പ്രതിരോധം അനുഭവിക്കേണ്ടി വന്നു. ഇന്ത്യന്‍ വിപണികള്‍ക്ക് ആഗോള ഘടകങ്ങള്‍ അനുകൂലമായിരുന്നു. വെള്ളിയാഴ്ച അമേരിക്കന്‍ വാള്‍ സ്ട്രീറ്റില്‍ മുന്നേറ്റം പ്രകടമായിരുന്നു. അമേരിക്ക - ചൈന വ്യാപാര യുദ്ധത്തിന് ശമനമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകളായിരുന്നു ഇതിന് കാരണം. 

സെപ്റ്റംബറിലും ഒക്ടോബറിലും ഇന്ത്യന്‍ മൂലധന വിപണിയിലേക്ക് നിക്ഷേപ വരവില്‍ വര്‍ധനവുണ്ടായതും പുതുവര്‍ഷത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. 

ഒക്ടോബര്‍ മാസം ഇതുവരെ ഫോറിന്‍ പോര്‍ട്ട് ഫോളിയോ നിക്ഷേപകരില്‍ (എഫ്പിഐ) നിന്ന് 3,800 കോടിയിലധികമാണ് ഇന്ത്യന്‍ മൂലധന വിപണിയിലേക്ക് എത്തിയത്. ഇക്വിറ്റി വിപണിയിലേക്ക് 3,769.56 കോടി രൂപയും ഡെബ്റ്റ് സെഗ്മെന്‍റിലേക്ക് 58.4 കോടി രൂപയും നിക്ഷേപമായി എത്തി. ആകെ നിക്ഷേപമായി എത്തിയത് 3,827.9 കോടി രൂപയാണ്. 

കഴിഞ്ഞ മാസവും സമാനമായ നിക്ഷേപ വളര്‍ച്ച ഇന്ത്യന്‍ മൂലധന വിപണിയില്‍ ദൃശ്യമായിരുന്നു. ആഗോള സാമ്പത്തിക രംഗത്ത് ഉയരുന്ന ശുഭ സൂചനകളും സര്‍ക്കാരിന്‍റെ കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചതും നിക്ഷേപത്തിന് നികുതി ഇടാക്കാനുളള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയതും ഉള്‍പ്പടെയുളള തീരുമാനങ്ങളാണ് നിക്ഷേപത്തില്‍ തുടര്‍ച്ചയായ രണ്ടാമത്തെ മാസത്തിലും വര്‍ധവുണ്ടാകാന്‍ കാരണം. നിക്ഷേപത്തിലെ ശുഭകരമായ വളര്‍ച്ച പ്രതീക്ഷ നല്‍കുന്നതാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 

സെപ്റ്റംബറിൽ എഫ്പിഐകൾ ആഭ്യന്തര മൂലധന വിപണികളിൽ (ഇക്വിറ്റിയും ഡെബ്റ്റും) 6,557.8 കോടി രൂപ നിക്ഷേപിച്ചു. ജൂലൈ, ആഗസ്റ്റ് തുടങ്ങിയ മാസങ്ങളിലെ വന്‍ പിന്‍വലിക്കലുകള്‍ക്ക് ശേഷമായിരുന്നു എഫ്പിഐകളുടെ ഈ തിരിച്ചുവരവ്. ദീപാവലി പ്രമാണിച്ച് നാളെ ഓഹരി വിപണിക്ക് അവധിയായിരിക്കും.

click me!