ഇന്ന് ഓഹരി വിപണിയിലെ അവസാനത്തെ സെഷനിലാണ് സൂചികകൾ കനത്ത നഷ്ടത്തിൽ നിന്ന് നില മെച്ചപ്പെടുത്തിയത്
മുംബൈ: തുടർച്ചയായ അഞ്ചാമത്തെ ദിവസവും നഷ്ടത്തിൽ ക്ലോസ് ചെയ്ത് ഇന്ത്യൻ ഓഹരി സൂചികകൾ. റഷ്യയ്ക്കും യുക്രൈനുമിടയിൽ യുദ്ധനീക്കം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് വിപണിയിലും തിരിച്ചടി ആവർത്തിക്കപ്പെടുന്നത്. ഇന്ന് വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്സ് 382.91 പോയിന്റ് ഇടിഞ്ഞു. 57300.68 ലാണ് സെൻസെക്സ് ക്ലോസ് ചെയ്തത്. നിഫ്റ്റി 114.50 പോയിന്റ് താഴേക്ക് പോയി. 17092.20 പോയിന്റാണ് ഇടിവ്.
റഷ്യ - യുക്രൈൻ യുദ്ധഭീതിയുടെ നിഴലിലാണ് ദിവസങ്ങളായി ആഗോള തലത്തിലെ ഓഹരി വിപണികളുടെ പ്രവർത്തനം. ഇന്ന് രാവിലെ വലിയ നഷ്ടത്തോടെയാണ് ഇന്ത്യൻ ഓഹരി വിപണികൾ വ്യാപാരം തുടങ്ങിയത്. വ്യാപാരം അവസാനിക്കുമ്പോൾ നില മെച്ചപ്പെടുത്താനായെന്നത് വലിയ ആശ്വാസമാണ്.
undefined
ഇന്ന് രാവിലെ ആയിരം പോയിന്റോളം ഇടിഞ്ഞാണ് സെൻസെക്സ് വ്യാപാരം ആരംഭിച്ചത്. ഒരു ഘട്ടത്തിൽ 56,394.85 പോയിന്റിലേക്ക് താഴ്ന്ന ബോംബെ ഓഹരി സൂചിക ഇവിടെ നിന്ന് ഇന്ന് 905 പോയിന്റ് നേടി മുന്നേറിയത് നിക്ഷേപകർക്ക് വലിയ ആശ്വാസമായി. നിഫ്റ്റി 248 പോയിന്റാണ് ഇൻട്രാഡേയിലെ ഏറ്റവും താഴ്ന്ന നിലവാരമായ 16843.80 ൽ നിന്ന് മുന്നേറാൻ നേടിയത്.
ഇന്ന് ഓഹരി വിപണിയിലെ അവസാനത്തെ സെഷനിലാണ് സൂചികകൾ കനത്ത നഷ്ടത്തിൽ നിന്ന് നില മെച്ചപ്പെടുത്തിയത്. ടാറ്റ സ്റ്റീൽ, ടിസിഎസ്, ബിപിസിഎൽ, ടാറ്റ മോട്ടോർസ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ് എന്നിവരാണ് ഇന്ന് നിഫ്റ്റിയിൽ വലിയ തിരിച്ചടി നേരിട്ടത്. മഹീന്ദ്ര ആന്റ് മഹീന്ദ്ര, ബജാജ് ഫിൻസെർവ്, ഐഷർ മോട്ടോർസ്, ഹിന്റാൽകോ ഇന്റസ്ട്രീസ്, ഒഎൻജിസി തുടങ്ങിയ കമ്പനികൾ നേട്ടമുണ്ടാക്കി.