ന്യൂയോര്‍ക്ക്: കൊറോണ വൈറസ് എന്നറിയപ്പെടുന്ന കൊവിഡ് 19 വൈറസ് ബാധ വില്‍പ്പനയെ ബാധിച്ചിട്ടില്ലെന്ന് 'കൊറോണ ബിയര്‍' ഉല്‍പ്പാദകര്‍. കൊറോണ വൈററസ് ബാധ പല രാജ്യങ്ങളിലായി പടരുമ്പോള്‍ പ്രമുഖ മെക്സിക്കന്‍ ബ്രാന്‍ഡായ 'കൊറോണ ബിയറി'ന് അമേരിക്കയില്‍ പ്രിയം കുറയുന്നു എന്ന വാര്‍ത്ത ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായതോടെയാണ് വില്‍പ്പന കുറഞ്ഞിട്ടില്ലെന്ന അവകാശവാദവുമായി നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയത്.
'38% അമേരിക്കക്കാര്‍' എന്ന പ്രയോഗമാണ് കഴിഞ്ഞ ദിവസം ട്വിറ്റര്‍ ട്രെന്‍ഡിങിലെത്തിയത്. കൊറോണ വൈറസ് രോഗം മൂലം 'കൊറോണ ബിയര്‍' വാങ്ങാത്ത ആളുകള്‍ 38% ആണെന്ന് ചൂണ്ടിക്കാട്ടുന്ന ഒരു സര്‍വ്വേ ഫലം ട്വിറ്ററില്‍ പ്രചരിച്ചതോടെ ഇത് നിഷേധിച്ച് '5ഡബ്ല്യു' എന്ന പബ്ലിക് റിലേഷന്‍ സ്ഥാപനം രംഗത്തെത്തി. യുഎസില്‍ തങ്ങളുടെ ബിയറിന്‍റെ വില്‍പ്പനയില്‍ ഇടിവ് സംഭവിച്ചിട്ടില്ലെന്ന് അറിയിച്ച് 'കൊറോണ ബിയര്‍' നിര്‍മ്മാതാക്കള്‍ വെള്ളിയാഴ്ച പ്രസ്താവനയും ഇറക്കി.
കൊറോണ ബാധിച്ചവര്‍ക്കായി തങ്ങളുടെ പ്രാര്‍ത്ഥനയുണ്ടെന്നും തങ്ങളുടെ ബിയര്‍ ഉപഭോക്താക്കളില്‍ കുറവ് സംഭവിച്ചിട്ടില്ലെന്നും വ്യവസായം നല്ല രീതിയില്‍ മുമ്പോട്ട് പോകുന്നതായും 'കൊറോണ ബിയര്‍' കണ്‍സ്റ്റലേഷന്‍ ചീഫ് എക്സിക്യൂട്ടീവ് ബില്‍ ന്യൂലാന്‍ഡ്സ് അറിയിച്ചു.