മാർച്ചിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ എൽഐസിയുടെ ലാഭം 2409 കോടി രൂപയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 17.41 ശതമാനം ഇടിവാണ് ലാഭത്തിലുണ്ടായത്
മുംബൈ: എൽഐസി ഓഹരി വില വീണ്ടും ഇടിഞ്ഞു. ഇന്ന് 3.21 ശതമാനം ഇടിഞ്ഞ് 810.85 ലാണ് ഓഹരി വ്യാപാരം ഇന്ന് ക്ലോസ് ചെയ്തത്. ഇന്നലെ പാദവാർഷിക ഫലം പുറത്ത് വന്ന ശേഷം ഇന്ന് ഒരു ഘട്ടത്തിലും ഓഹരി നേട്ടമുണ്ടാക്കിയില്ല.
മാർച്ചിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ എൽഐസിയുടെ ലാഭം 2409 കോടി രൂപയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 17.41 ശതമാനം ഇടിവാണ് ലാഭത്തിലുണ്ടായത്. 2917.33 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷം മാർച്ച് പാദത്തിലെ ലാഭം.
undefined
2021 - 22 സാമ്പത്തിക വർഷത്തിലാകെ 4043.12 കോടി രൂപയാണ് ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ ലാഭം. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 39.4 ശതമാനം കൂടുതലാണ്. 2021 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 2900.56 കോടി രൂപയായിരുന്നു കമ്പനിയുടെ ആകെ ലാഭം. എന്നിട്ടും ഓഹരി മൂല്യം ഇടിഞ്ഞത് പ്രതീക്ഷയോടെ ഐപിഒയെ വരവേറ്റ നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ആകെ വരുമാനം 211471 കോടി രൂപയായിരുന്നു. തൊട്ടുമുൻപത്തെ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 11.64 ശതമാനം കൂടുതലാണിത്. 2020-21 സാമ്പത്തിക വർഷത്തിൽ 189176 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം.
ഈയിടെ ഇനീഷ്യൽ പബ്ലിക് ഓഫറിങ് നടത്തിയ കമ്പനി ഓഹരിയുടമകൾക്ക് ഡിവിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ഓഹരിക്ക് 1.50 രൂപ നിരക്കിലാണ് ലാഭവിഹിതം നൽകുക.