2022-ലെ അവസാന വ്യാപാര ആഴ്ച; വിപണി ഇനിയും തകരുമോ? നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട ആറ് ഘടകങ്ങള്‍

By Web Team  |  First Published Dec 25, 2022, 4:36 PM IST

കടുത്ത വില്‍പ്പന സമ്മര്‍ദം പ്രകടമായ കഴിഞ്ഞയാഴ്ചയില്‍ 2.5 ശതമാനം നഷ്ടം നേരിട്ടാണ് പ്രധാന സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത്. ജൂണ്‍ മാസത്തിനു ശേഷം ആഴ്ച കാലയളവിനിടെ സൂചികകളില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ നഷ്ടമാണിത്.


കടുത്ത വില്‍പ്പന സമ്മര്‍ദം പ്രകടമായ കഴിഞ്ഞയാഴ്ചയില്‍ 2.5 ശതമാനം നഷ്ടം നേരിട്ടാണ് പ്രധാന സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത്. ജൂണ്‍ മാസത്തിനു ശേഷം ആഴ്ച കാലയളവിനിടെ സൂചികകളില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ നഷ്ടമാണിത്. ആഗോള ഘടകങ്ങള്‍ പ്രതികൂലമായതും സാമ്പത്തികമാന്ദ്യ ആശങ്കകള്‍ കനപ്പെടുന്നതും കോവിഡിന്റെ പുതിയ വൈറസ് വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുമൊക്കെയാണ് കഴിഞ്ഞയാഴ്ച വിപണിയിലെ തിരിച്ചടിക്ക് കാരണമായത്.

എന്‍എസ്ഇയുടെ പ്രധാന സൂചികയായ നിഫ്റ്റി 18,000 നിലവാരവും ബിഎസ്ഇയുടെ മുഖ്യ സൂചികയായ സെന്‍സെക്‌സ് നിര്‍ണായകമായ 60,000 നിലവാരവും കൈവിട്ടു. മിഡ് കാപ് വിഭാഗം സൂചികയില്‍ 6 ശതമാനവും സ്‌മോള്‍ കാപ് ഓഹരി വിഭാഗം സൂചികയില്‍ 8 ശതമാനം നഷ്ടവും രേഖപ്പെടുത്തി. അതേസമയം 2022 വര്‍ഷത്തിലെ അവസാന വ്യാപാര ആഴ്ചയിലേക്ക് കടക്കവേ നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട 6 ഘടകങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

Latest Videos

undefined

കോവിഡ് ആശങ്ക

രാജ്യത്തും ആഗോള തലത്തിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിലെ വര്‍ധനയുമായി ബന്ധപ്പെട്ട വാര്‍ത്തകളാകും സമീപ ഭാവിയില്‍ ഓഹരി വിപണിയെ സ്വാധീനിക്കാവുന്ന മുഖ്യ ഘടകങ്ങളിലൊന്ന്. ചൈന, അമേരിക്ക, ജപ്പാന്‍, ദക്ഷിണ കൊറിയ, ഫ്രാന്‍സ് ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡിന്റെ പുതിയ വകഭേദം കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ് നിക്ഷേപകരെ ജാഗ്രതയിലാക്കുന്നത്. ചൈനയിലെ സ്ഥിതിഗതികളും ആഗോള വിപണികളില്‍ നിര്‍ണായകമാണ്.

എകണോമിക് ഡേറ്റ

നവംബര്‍ മാസത്തെ രാജ്യത്തിന്റെ ധനക്കമ്മിയുടെ റിപ്പോര്‍ട്ട് ഡിസംബര്‍ 30 (വെള്ളിയാഴ്ച) പ്രസിദ്ധീകരിക്കും. കൂടാതെ ബാങ്ക് വായ്പയുടേയും നിക്ഷേപങ്ങളുടേയും വളര്‍ച്ച സംബന്ധിച്ച് ഡിസംബര്‍ 16-ന് അവസാനിച്ച ദ്വൈവാര റിപ്പോര്‍ട്ടും ഡിസംബര്‍ 23-ന് അവസാനിച്ച ആഴ്ചയിലെ വിദേശനാണ്യ ശേഖരത്തിന്റെ റിപ്പോര്‍ട്ടും വരുന്ന വെള്ളിയാഴ്ച പ്രസിദ്ധീകരിക്കുന്നുണ്ട്. അമേരിക്കയുടെ ആഴ്ച കാലയളവിലെ തൊഴിലില്ലായ്മ നിരക്കുകള്‍ ഡിസംബര്‍ 29-ന് പുറത്തുവരും.

പ്രതിമാസ എക്‌സപയറി

ഡെറിവേറ്റീവ് കോണ്‍ട്രാക്ടുകളുടെ 2022 വര്‍ഷത്തിലെ മാസ/ ആഴ്ച കാലയളവിലേയും അവസാന എക്‌സ്പയറി ഡിസംബര്‍ 29-ന് നടക്കും. ഇതിന്റെ ഭാഗമായുള്ള റോള്‍ഓവറുമായി ബന്ധപ്പെട്ട ചാഞ്ചാട്ടവും വിപണിയില്‍ പ്രതീക്ഷിക്കാം.

ക്രൂഡോയില്‍

തുടര്‍ച്ചയായ രണ്ടാം വ്യാപാര ആഴ്ചയിലും രാജ്യാന്തര വിപണിയില്‍ ക്രൂഡോയിലിന്റെ വില ഉയര്‍ന്നെങ്കിലും 85 ഡോളറിന് താഴെ തുടരുന്നത് ആശ്വാസകരമാണ്. യൂറോപ്യന്‍ യൂണിയന് നല്‍കുന്ന ക്രൂഡോയില്‍ വെട്ടിക്കുറയ്ക്കുമെന്ന റഷ്യന്‍ ഭീഷണിയാണ് കഴിഞ്ഞയാഴ്ച 6 ശതമാനത്തോളം വില ഉയര്‍ത്തിയത്. എന്നാല്‍ പുതിയ കോവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമോയെന്ന ആശങ്കയും സാമ്പത്തിക മാന്ദ്യ ഭീഷണിയും ക്രൂഡോയിലിന്റെ കുതിപ്പിന് തടയിടുന്നു. വില 90 ഡോളറിന് താഴെ തുടരുന്നത് ഇന്ത്യക്ക് ഗുണകരമാണ്.

വിദേശ നിക്ഷേപകര്‍

കഴിഞ്ഞയാഴ്ച വിപണിയില്‍ തിരിച്ചടി നേരിട്ടതോടെ വിദേശ നിക്ഷേപകരുടെ ഫണ്ട് ഒഴുക്കിലും ചാഞ്ചാട്ടം പ്രകടമായി. ഡിസംബര്‍ 23-ന് അവസാനിച്ച വ്യാപാര ആഴ്ചയില്‍ 1,000 കോടിയുടെ ഓഹരികള്‍ വിറ്റൊഴിവാക്കിയെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. വിദേശ നിക്ഷേപകര്‍ (എഫ്‌ഐഐ) കനത്ത തോതില്‍ വില്‍പന ആരംഭിച്ചാല്‍ വിപണിയെ പ്രതികൂലമായി ബാധിക്കാം. അതേസമയം മറുവശത്ത് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ (ഡിഐഐ) ശക്തമായി നിലയുറപ്പിച്ചതും ഓഹരി വാങ്ങിക്കൂട്ടുന്നതും വിപണിയിലെ തിരിച്ചടിയുടെ ആഘാതം കുറയ്ക്കുന്നുണ്ട്.

ടെക്‌നിക്കല്‍

നിഫ്റ്റി സൂചികയുടെ ദിവസ/ ആഴ്ച കാലയളവിലെ ചാര്‍ട്ടുകളില്‍ 'ബെയറിഷ്' കാന്‍ഡിലാണ് രൂപപ്പെട്ടിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ആഴ്ചയിലും 'ലോവര്‍ ഹൈ ലോവര്‍ ലോ' പാറ്റേണ്‍ ദൃശ്യമാകുന്നതും ദുര്‍ബലതയെ സൂചിപ്പിക്കുന്നു. 50 ഡിഎംഎ (18,174) നിലവാരത്തിലും 100 ഡിഎംഎ (17,840) നിലവാരത്തിലും താഴെയാണ് കഴിഞ്ഞയാഴ്ച നിഫ്റ്റി സൂചിക ക്ലോസ് ചെയ്തിരിക്കുന്നത്. 50-ഡിഎംഎ നിലവാരം ഭേദിക്കാത്തിടത്തോളം സൂചികയില്‍ വലിയ മുന്നേറ്റങ്ങള്‍ പരിമിതപ്പെടും.

Read more: എല്‍ഐസി അടുത്തിടെ വിറ്റൊഴിവാക്കിയ 5 ഓഹരികള്‍; നിങ്ങളുടെ കൈവശമുണ്ടോ?

അതേസമയം ടെക്‌നിക്കല്‍ സൂചകമായ ആര്‍എസ്‌ഐ, ഓവര്‍സോള്‍ഡ് മേഖലയിലാണുള്ളത്. 100-ഡിഎംഎ നിലവാരം നിലനിര്‍ത്താന്‍ സൂചികയ്ക്ക് സാധിക്കുന്നുണ്ടെങ്കില്‍ ഷോര്‍ട്ട് കവറിങ്ങിനുള്ള സാധ്യത തെളിയാം. എന്നിരുന്നാലും 18,000-18,100 നിലവാരത്തില്‍ ശക്തമായ പ്രതിരോധം പ്രതീക്ഷിക്കാം. 18,200 നിലവാരം മറികടക്കാനായാല്‍ മാത്രമേ നിഫ്റ്റിയില്‍ ശക്തമായ മുന്നേറ്റത്തിനുള്ള സാധ്യത തെളിയുകയുള്ളൂ. അതേസമയം 17,640/ 17,565/ 17,425 മേഖലകളില്‍ നിന്നും നിഫ്റ്റി സൂചിത പിന്തുണ ആര്‍ജിക്കാന്‍ ശ്രമിക്കാമെന്നും വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു.

click me!