പ്രൊമോട്ടർ ഷെയർഹോൾഡിങ് 26 ശതമാനമായി കുറയ്ക്കാൻ ആർബിഐ ജനുവരി മാസത്തിൽ ബാങ്കിന് നിർദ്ദേശം നൽകിയിരുന്നു.
മുംബൈ: കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരികൾ വിൽക്കാൻ നീക്കം. അഞ്ച് രൂപയുടെ 65 ദശലക്ഷം ഇക്വിറ്റി ഷെയറുകളാണ് വിൽക്കുന്നത്. നിലവിലെ ഓഹരി വിലയിലാവും വിൽപ്പന. ഇതിലൂടെ 7500 കോടി സമാഹരിക്കാമെന്നാണ് ബാങ്കിന്റെ പ്രതീക്ഷ.
ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലെ കണക്കനുസരിച്ച് കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരി വില 1,151 ലാണ് ഇന്ന് വിൽപ്പന അവസാനിച്ചത്. 1.8 ശതമാനത്തിന്റെ വർധനവാണ് തൊട്ടുമുൻപത്തെ ദിവസത്തെ അപേക്ഷിച്ച് ഓഹരിവിലയിൽ ഉണ്ടായത്. ബാങ്കിന്റെ 65 ദശലക്ഷം ഓഹരികൾ എന്നത് ആകെ ഓഹരിയുടെ 3.4 ശതമാനം വരും.
പ്രൊമോട്ടർ ഷെയർഹോൾഡിങ് 26 ശതമാനമായി കുറയ്ക്കാൻ ആർബിഐ ജനുവരി മാസത്തിൽ ബാങ്കിന് നിർദ്ദേശം നൽകിയിരുന്നു. കേന്ദ്ര ബാങ്കിൽ നിന്ന് അന്തിമ അനുമതി കൂടി വാങ്ങിയ ശേഷമാണ് കൊട്ടക് മഹീന്ദ്ര ഇപ്പോൾ ഇക്കാര്യത്തിൽ തീരുമാനം എടുത്തിരിക്കുന്നത്. മാനേജിങ് ഡയറക്ടറും സിഇഒയുമായ ഉദയ് കൊട്ടക്കിന് മാത്രം 29.96 ശതമാനം ഷെയറാണ് ബാങ്കിലുള്ളത്. 2019 ഡിസംബർ മാസത്തിലെ കണക്കാണിത്.