10 കോടിയുടെ സമ്പാദ്യം സ്വന്തമാക്കണോ? ചുരുങ്ങിയ എസ്‌ഐപിയും സമയവും നോക്കിവെയ്ക്കാം

By Web Team  |  First Published Dec 14, 2022, 1:09 PM IST

മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിലൂടെ 10 കോടി സ്വന്തമാക്കാന്‍ എത്ര വര്‍ഷം വേണ്ടി വരും? ചുരുങ്ങിയ എസ്‌ഐപിയും സമയവും അറിയൂ. നേരത്തെ നിക്ഷേപിക്കുന്നതിന്റെ നേട്ടം അറിയാം 
 


സാമ്പത്തിക ലക്ഷ്യങ്ങള്‍ താരതമ്യേന വേഗത്തില്‍ നേടിയെടുക്കാന്‍ സഹായിക്കുന്ന മികച്ച  നിക്ഷേപ മാര്‍ഗങ്ങളിലൊന്നായി മ്യൂച്ചല്‍ ഫണ്ടുകളെ വിലയിരുത്തപ്പെടുന്നു. വിപണിയുമായി ബന്ധപ്പെട്ട അപകട സാധ്യതകൾ ഉണ്ടെങ്കിലും മികച്ച മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലെ നിക്ഷേപത്തിലൂടെ സമ്പത്ത് ആര്‍ജിക്കാന്‍ സാധിക്കുമെന്നാണ് കഴിഞ്ഞ 2 ദശാബ്ദങ്ങള്‍ക്കിടയിലെ ചരിത്രവും അനുഭവവും അടിവരയിടുന്നത്.

അതേസമയം നേരത്തെ ആരംഭിക്കുക എന്നതാണ് മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തില്‍ നിന്നും വിജയം രുചിക്കാനുള്ള നിര്‍ണായക ഘടകമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഉദാഹരണമായി, 2022 ഡിസംബറില്‍ പുറത്തിറക്കിയ 'ഫണ്ട്‌സ്ഇന്ത്യാസ് വെല്‍ത്ത് കണ്‍വേര്‍സഷന്‍സ്' റിപ്പോര്‍ട്ട് പ്രകാരം, വിരമിക്കുന്ന സമയത്ത് 10 കോടിയുടെ സമ്പാദ്യം ലഭിക്കുന്നതിനായി പ്രതിമാസ എസ്‌ഐപി (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍) മുഖേന ഒരു 20 വസുകാരന്‍ 8,416 രൂപ നിക്ഷേപിച്ചാല്‍ മതിയാകും. ശരാശരി 12 ശതമാനം വാര്‍ഷിക ആദായം നേടുമെന്ന അടിസ്ഥാനത്തിലുള്ള കണക്കുക്കൂട്ടലാണിത്. സമാനമായി മറ്റു തുകകള്‍ നിക്ഷേപിച്ചാല്‍ 10 കോടി സ്വന്തമാക്കാന്‍ എത്ര വര്‍ഷം വേണ്ടിവരുമെന്ന് നോക്കാം.

Latest Videos

undefined

10,000 രൂപ എസ്‌ഐപി: 

പ്രതിമാസം 10,000 രൂപ വീതമാണ് മ്യൂച്ചല്‍ ഫണ്ട് എസ്‌ഐപിയായി നിക്ഷേപിക്കുന്നതെങ്കില്‍ 10 കോടി രൂപ സമ്പാദ്യമായി ലഭിക്കുന്നതിന് 38 വര്‍ഷവും 7 മാസവും വേണ്ടിവരും. ശരാശരി 12 ശതമാനം വാര്‍ഷിക ആദായം നേടുന്നുണ്ടെങ്കില്‍ 20 വര്‍ഷവും 1 മാസവും കഴിയുമ്പോഴേക്കും സമ്പാദ്യം 1 കോടി കവിയും.

20,000 രൂപ എസ്‌ഐപി: 

മ്യൂച്ചല്‍ ഫണ്ട് എസ്‌ഐപി സ്‌കീമില്‍ പ്രതിമാസം 20,000 രൂപ വീതമാണ് നിക്ഷേപിക്കുന്നതെങ്കില്‍ 10 കോടി രൂപ ലഭിക്കുന്നതിനു 32 വര്‍ഷവും 11 മാസവും വേണ്ടിവരും. ശരാശരി 12 ശതമാനം വാര്‍ഷിക ആദായം നേടുന്നുവെന്ന് കണക്കാക്കിയാണിത്. പ്രതിമാസം 25,000 രൂപ എസ്‌ഐപിയില്‍ നിക്ഷേപിച്ചാല്‍ ഇതേ ആദായക്കണക്കില്‍ 10 കോടി കരസ്ഥമാക്കുന്നതിനായി 31 വര്‍ഷവും 1 മാസവും വേണം.

50,000 രൂപ എസ്‌ഐപി: 

പ്രതിമാസം 50,000 രൂപ വീതമാണ് മ്യൂച്ചല്‍ ഫണ്ട് എസ്‌ഐപിയായി നിക്ഷേപിക്കുന്നതെങ്കില്‍ 10 കോടി രൂപ സമ്പാദ്യമായി ലഭിക്കുന്നതിന് 25 വര്‍ഷവും 6 മാസവും തികയണം. ശരാശരി 12 ശതമാനം വീതം വാര്‍ഷിക ആദായം നേടിയാലാണിത്. സമാനമായി 75,000 രൂപ വീതം എസ്‌ഐപിയില്‍ മുടക്കിയാല്‍ 10 കോടി നേടുന്നതിനായി 22 വര്‍ഷവും 3 മാസവും മതിയാകും.

1 ലക്ഷം രൂപ എസ്‌ഐപി

മ്യൂച്ചല്‍ ഫണ്ട് എസ്‌ഐപി സ്‌കീമില്‍ പ്രതിമാസം ഒരു ലക്ഷം രൂപ വീതമാണ് നിക്ഷേപിക്കുന്നതെങ്കില്‍ 10 കോടി രൂപ ലഭിക്കുന്നതിനു വേണ്ടി 20 വര്‍ഷവും 1 മാസവും കാത്തിരുന്നാല്‍ മതിയാകും. ശരാശരി 12 ശതമാനം വാര്‍ഷിക ആദായം ലഭിക്കുന്നുവെന്ന് കണക്കാക്കിയാല്‍ സമ്പാദ്യം ഒരു കോടി കവിയുന്നതിനു 5 വര്‍ഷവും 10 മാസവുമേ വേണ്ടിവരികയുള്ളൂ.

(അറിയിപ്പ്: മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ മാര്‍ഗോപദേശം തേടാം.)

click me!