ഓഹരി വിപണിയക്കട റെഗുലേറ്റർ ആയ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) തുടക്കത്തിൽ കണക്കാക്കിയതിനേക്കാൾ വളരെ ഉയർന്നതായിരുന്നു ബ്രോക്കർ ദുരുപയോഗം ചെയ്ത ക്ലയന്റ് സെക്യൂരിറ്റികളുടെ മൂല്യം. നേരത്തെ, ഇത് 2,000 കോടി രൂപയായി കണക്കാക്കിയെങ്കിലും അവസാനം ഇത് 2,800 കോടി വരുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
undefined
വിശ്വാസമാണല്ലോ ഏതൊരു നിക്ഷേപമാർഗത്തിന്റെയും അടിസ്ഥാന ശില. അതിനാല്‍ തന്നെ വിശ്വാസത്തിലുണ്ടാകുന്ന ഏതു തരത്തിലുള്ള വ്യതിചലനവും നിക്ഷേപക സമൂഹത്തിൽ ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. പ്രത്യേകിച്ചും, സാമ്പത്തിക ഇടപടുകളിൽ നടന്നുവരുന്ന തട്ടിപ്പുകൾക്കും കുഭകോണങ്ങൾക്കും ഒരു പഞ്ഞവുമില്ലാത്ത നമ്മുടെ നാട്ടിൽ !.
ഈ അടുത്ത ദിവസങ്ങളിൽ, കാർവി സ്റ്റോക്ക് ബ്രോക്കിംഗ് ലിമിറ്റഡ് (KSBL) കേസിലെ സംഭവവികാസങ്ങളെത്തുടർന്ന്, നിക്ഷേപക സമൂഹത്തിൽ ഉണ്ടായ ആശങ്ക വളരെ രൂക്ഷമാണ്.
ഓഹരി വിപണിയക്കട റെഗുലേറ്റർ ആയ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) തുടക്കത്തിൽ കണക്കാക്കിയതിനേക്കാൾ വളരെ ഉയർന്നതായിരുന്നു ബ്രോക്കർ ദുരുപയോഗം ചെയ്ത ക്ലയന്റ് സെക്യൂരിറ്റികളുടെ മൂല്യം. നേരത്തെ, ഇത് 2,000 കോടി രൂപയായി കണക്കാക്കിയെങ്കിലും അവസാനം ഇത് 2,800 കോടി വരുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡിന് (NSE) വേണ്ടി ഫോറൻസിക് ഓഡിറ്റ് നടത്തുന്ന EY ഇന്ത്യ അതിന്റെ കണ്ടെത്തലുകൾ സമർപ്പിക്കുമ്പോൾ മാത്രമേ കുഴപ്പത്തിന്റെ കൃത്യമായ വ്യാപ്തിയും പരപ്പും വ്യക്തമാകൂ എന്ന് സാരം.
രക്ഷാ നടപടികളുമായി SEBI
രക്ഷാ നടപടികളുടെ ഭാഗമായി, SEBI നിർദേശ പ്രകാരം, നാഷണൽ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡ് (NSDL) കാർവി സ്റ്റോക്ക് ബ്രോക്കിംഗ് ലിമിറ്റഡിന് നിയമവിരുദ്ധമായി കടം കൊടുക്കുന്നവരിൽ നിന്നും പണയം വച്ച സെക്യൂരിറ്റികൾ ഏകപക്ഷീയമായി ക്ലൈന്‍റ് ബെനിഫിഷറി (യഥാർത്ഥ ഗുണഭോക്താക്കളുടെ) അക്കൗണ്ടിലേക്ക് മാറ്റുന്ന നടപടി കഴിഞ്ഞ ദിവസം നടപ്പിലാക്കുകയുണ്ടായി. NSDLല്ലിന്‍റെ ഈ നടപടിയിലൂടെ., 90% നിക്ഷേപകർക്കും അവരുടെ സെക്യൂരിറ്റികൾ തിരികെ ലഭിച്ചു, ശേഷിക്കുന്ന മിക്ക അക്കൗണ്ടുകളും കാർവിയുമായി തർക്കത്തിലാണ്, അതിനാൽ കാർവിയുമായുള്ള കുടിശ്ശിക തീർച്ചശേഷം അവരുടെ പണം / സെക്യൂരിറ്റികൾ തിരികെ ലഭിച്ചേക്കാം.
കാർവിക്കെതിരായ സെബി നടപടികളില്‍ കാണിച്ച വേഗത മൂലം 83,000 നിക്ഷേപകർക്ക് അവരുടെ സെക്യൂരിറ്റികൾ തിരികെ ലഭിക്കുകയുണ്ടായി. നിക്ഷേപകരുടെ ഓഹരികൾ ബ്രോക്കറേജ് സ്ഥാപനം നിയമവിരുദ്ധമായി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയും യാതൊരു അംഗീകാരവുമില്ലാതെ പണയം വയ്ക്കുകയും ചെയ്തതാണ് ഇവിടത്തെ കാതലായ പ്രശ്നം. അവയിൽ ലഭ്യമായ പണം അവരുടെ റിയൽ എസ്റ്റേറ്റ് ബിസിനസ്സിലേക്ക് തിരിച്ചുവിടുകയും അത് ഭീമമായ നഷ്ടത്തിൽ കലാശിക്കുകയു ചെയ്തു.
95,000 നിക്ഷേപകരുടെ 2,300 കോടിയിലധികം രൂപയുടെ സെക്യൂരിറ്റികൾ പണയപ്പെടുത്തിക്കൊണ്ട് കാർവി 1200 കോടി രൂപയോളം പല ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമായി വായ്പയെടുത്തു. എന്നാൽ 95,000 ൽ 83,000 ത്തോളം പേർക്കും അവരുടെ സെക്യൂരിറ്റികൾ തിരികെ ലഭിക്കുവാൻ വേഗത്തിലുള്ള സെബിയുടെ ഈ നടപടി സഹായകരമായി.
ഒറ്റപ്പെട്ട, എന്നാൽ നിന്ദ്യമായ നടപടി
ഈ സെക്യൂരിറ്റികൾ ബ്രോക്കറേജിന്റേതാണെന്ന് കാർവി ധനകാര്യ സ്ഥാപനങ്ങൾക്ക് തെറ്റായ ഉറപ്പ് നൽകിയിട്ടുണ്ടെന്നു അവർ സെബിയുടെ വിധിക്കെതിരേ എസ്എടിയില്‍ (സെക്യൂരിറ്റീസ് അപ്പീലേറ്റ് ട്രൈബ്യൂണല്‍) സമർപ്പിച്ച ഹര്‍ജിയിൽ പറയുന്നു. ബജാജ് ഫിനാൻസ് ലിമിറ്റഡ് സമർപ്പിച്ച ഹരജിയിൽ ഉത്തരവ് പുറപ്പെടുവിക്കാൻ ഡിസംബർ 10 വരെ എസ്എടി സമയം നൽകി. മറ്റ് ബാങ്കുകൾ (ICICI, HDFC & Indus ind bank) പിന്നാലെ എസ്എടിയെ സമീപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കാർവി സ്റ്റോക്ക് ബ്രോക്കിംഗ് (KSBL) വായ്പ നൽകുന്നവരുമായി പണയം വച്ചിരുന്ന ബാലൻസ് നിക്ഷേപ സെക്യൂരിറ്റികളുടെ കൈമാറ്റം നിർത്താൻ എസ്എടി എന്‍എസ്ഡിഎല്ലിന് താത്കാലിക നിർദ്ദേശം നൽകി.
പ്രൊപ്രൈറ്ററി അക്കൗണ്ടുകളും നിക്ഷേപകരുടേതും വേർതിരിക്കണമെന്ന് സെബിയുടെ ജൂൺ സർക്കുലർ നിർബന്ധമാക്കിയതിനെത്തുടർന്നും മേൽപ്പറഞ്ഞ സ്ഥാപനങ്ങൾ കാർവിക്ക് വായ്പ നൽകി എന്നത് അത്ഭുതകരമാണ്. നിക്ഷേപകരുടെ ഓഹരികൾ പണയം വച്ച് ധനകാര്യ സ്ഥാപനങ്ങൾക്ക് വായ്പ നൽകാൻ കഴിയില്ലെന്ന് ഈ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ കേസിൽ ധനകാര്യ സ്ഥാപനങ്ങൾക്ക് ശക്തമായ അവകാശവാദമില്ലെന്ന് ഇതിനാൽ സൂചിപ്പിക്കാം.
ഉപഭോക്താക്കളെക്കാള്‍ ഉപരി സ്വന്തം വ്യാപാര സംരംഭത്തിന് ഉയർന്ന താൽപ്പര്യങ്ങൾ പുലർത്തുന്ന തത്വദീക്ഷയില്ലാത്ത മാനേജ്മെൻറുകളുടെ മനോഭാവമാണ് ഇത്തരം കേസുകൾക്ക് ഉപോത്ബലകമാകുന്നത്. മാത്രമല്ല വായ്പ എടുക്കുന്ന പണം വകമാറ്റി ചിലവഴിക്കുന്ന തീർത്തും തെറ്റായ പ്രവണതയും ഇത്തരം കുത്സിത പ്രവർത്തനങ്ങൾക്ക് വഴിതെളിക്കുന്നു.
ഇതിനെ ഒരു വ്യവസ്ഥയുടെ പരാജയമായി കാണുവാൻ സാധിക്കില്ല. മറിച്ച് വിവേകപൂർണമായ ബിസിനസ്സ് പെരുമാറ്റത്തിന്റെ മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഒരു ഒറ്റപ്പെട്ട ഉദാഹരണമാണ്. പക്ഷേ ഒറ്റപ്പെട്ടതെങ്കിലും, തീർത്തും നീചമായ ഇത്തരം പ്രവർത്തികളിലൂടെ, ഒരൊറ്റ സ്ഥാപനം സൃഷ്ടിച്ച അതീവ ഗുരുതരമായ പ്രത്യാഘാതം മുഴുവൻ വ്യവസായത്തെയും ബാധിക്കുന്നു. അതിനാൽ തന്നെ റെഗുലേറ്ററിന്റെ ഭാഗത്തു നിന്നും തുടർന്നും ശക്തവും മാതൃകാപരവുമായ തിരുത്തൽ (കനത്ത ശിക്ഷ ഉൾപ്പടെ) നടപടികൾ ഉണ്ടാകുമെന്ന് നിക്ഷേപക സമൂഹം പ്രതീക്ഷയോടെ ഉറ്റു നോക്കുന്നു.