ട്രംപിന്റെ ഭരണകാലത്ത് അമേരിക്കയുടെ സമ്മർദ്ദത്തെ തുടർന്ന് ഇന്ത്യ ഇറാനുമായുള്ള വ്യാപാര ബന്ധത്തിൽ നിന്ന് പിന്മാറിയിരുന്നു
ദില്ലി: ഇന്ത്യക്ക് ആവശ്യമായ ഇന്ധനം നൽകാൻ തയ്യാറാണെന്ന് അറിയിച്ച് ഇന്ത്യയിലെ ഇറാൻ അംബാസഡർ. ഒപെക് അംഗമായ ഇറാനെതിരായ ഉപരോധങ്ങളിൽ ലോകരാഷ്ട്രങ്ങൾ ഇളവ് നൽകിയേക്കുമെന്ന പ്രതീക്ഷയാണ് ഇതിന് കാരണം. ഇന്ത്യക്ക് ഇന്ധനം നൽകിക്കൊണ്ടിരുന്ന രണ്ടാമത്തെ വലിയ രാജ്യമായിരുന്നു ഇറാൻ.
എന്നാൽ ട്രംപിന്റെ ഭരണകാലത്ത് അമേരിക്കയുടെ സമ്മർദ്ദത്തെ തുടർന്ന് ഇന്ത്യ ഇറാനുമായുള്ള വ്യാപാര ബന്ധത്തിൽ നിന്ന് പിന്മാറിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാര ബന്ധം ശക്തിപ്പെടുന്നത് ഇരു രാജ്യത്തെയും കമ്പനികളെ സഹായിക്കുമെന്ന് ഇറാന്റെ ഇന്ത്യയിലെ അംബാസഡർ അലി ചെഗേനി പറയുന്നു. ലോകത്ത് ഇന്ധനം ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഉപഭോഗത്തിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന ക്രൂഡോയിലിനെയാണ് രാജ്യം ആശ്രയിക്കുന്നത്.
ബാർട്ടർ സമ്പ്രദായത്തിന് സമാനമായ വാണിജ്യ ബന്ധമായിരുന്നു ഇന്ത്യയും ഇറാനും തമ്മിലുണ്ടായിരുന്നത്. ഇറാനിലെ എണ്ണക്കമ്പനികൾക്ക് രൂപയിലാണ് ഇന്ത്യയിലെ റിഫൈനറികൾ പണം നൽകിയിരുന്നത്. ഇന്ത്യയിൽ നിന്ന് ഇറാനിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് ഈ രൂപ വെച്ചാണ് ഇറാനിൽ നിന്ന് പണം അടച്ചിരുന്നത്. എന്നാൽ അമേരിക്കയുടെ താത്പര്യം സംരക്ഷിക്കാൻ നിർബന്ധിതമായതോടെ രണ്ട് രാജ്യങ്ങളും തമ്മിലെ വാണിജ്യ- വ്യാപാര ബന്ധം തളർന്നു. 2019 മാർച്ചിലെ കണക്ക് പ്രകാരം പ്രതിവർഷം 17 ബില്യൺ ഡോളറുണ്ടായിരുന്ന വ്യാപാരം അതേവർഷം ഏപ്രിൽ മുതൽ 2020 ജനുവരി വരെയുള്ള കാലത്ത് രണ്ട് ബില്യൺ ഡോളറിലേക്ക് താഴ്ന്നു. വീണ്ടും രൂപ - റിയാൽ വ്യാപാര ബന്ധം മെച്ചപ്പെടുത്താൻ ഇരു രാജ്യങ്ങൾക്കും സാധിച്ചാൽ ഉഭയകക്ഷി വ്യാപാരം 30 ബില്യൺ ഡോളറിലേക്കെത്തും എന്നും ചെഗേനി പറയുന്നു.