Stock Market Today : രണ്ട് ദിവസത്തിനുള്ളിൽ 4.76 ലക്ഷം കോടിയുടെ ആസ്തി വർധന: ഇന്ത്യാക്കാർക്ക് ആഘോഷം

By Web Team  |  First Published Jan 4, 2022, 12:35 PM IST

ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂലധനം 476367.89 കോടി ഉയർന്നു. ഇതോടെ ആകെ വിപണി മൂലധനം 27076579.44 കോടി രൂപയായി


മുംബൈ: 

രാജ്യത്തെ ഇക്വിറ്റി നിക്ഷേപകർ ഇപ്പോൾ അത്യാഹ്ലാദത്തിലാണ്. 2022 വർഷത്തിന്റെ ആരംഭത്തിൽ തന്നെ ഓഹരി വിപണിയിൽ വൻ കുതിപ്പുണ്ടായത് അവർക്ക് വലിയ നേട്ടമായിരിക്കുകയാണ്. ആദ്യ രണ്ട് ദിവസത്തെ ട്രേഡിങിനിടെ ഇന്ത്യൻ ഓഹരി വിപണിയിലെ നിക്ഷേപകരുടെ ആസ്തിയിൽ 4.76 ലക്ഷം കോടിയുടെ ആസ്തി വർധനവാണ് ഉണ്ടായത്.

Latest Videos

undefined

ഇന്ന് 382.7 പോയിന്റുയർന്ന് സെൻസെക്സ് മുന്നേറുകയാണ്. തിങ്കളാഴ്ച ബിഎസ്ഇ സെൻസെക്സ് 929 പോയിന്റ് (1.6 ശതമാനം) ഉയർന്ന് 59183 ലും നിഫ്റ്റി 50 സൂചിക 271 പോയിന്റ് (1.57 ശതമാനം) ഉയർന്ന് 17625 ലും ക്ലോസ് ചെയ്തു. ആഴ്‌ചയിലെ രണ്ടാമത്തെ ട്രേഡിംഗ് സെഷനിൽ പ്രവേശിക്കുമ്പോൾ, സെൻസെക്സും നിഫ്റ്റിയും ചൊവ്വാഴ്ച നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.

ഇതോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂലധനം 476367.89 കോടി ഉയർന്നു. ഇതോടെ ആകെ വിപണി മൂലധനം 27076579.44 കോടി രൂപയായി. ആഗോള വിപണിയിലെ മുന്നേറ്റമാണ് ആഭ്യന്തര വിപണികൾക്കും സഹായകരമായത്. ഇന്നത്തെ ആദ്യ സെഷനിൽ ഏറ്റവും മുന്നേറ്റമുണ്ടാക്കിയത് എൻടിപിസി, പവർ ഗ്രിഡ്, എസ്ബിഐ, ആക്സിസ് ബാങ്ക് തുടങ്ങിയ കമ്പനികളാണ്. 2021 ൽ ഇന്ത്യൻ നിക്ഷേപകരുടെ ആസ്തി 78 ലക്ഷം കോടി രൂപയാണ് വർധിച്ചത്.

തൊഴിലില്ലായ്മ ഉയരുന്നു

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ മടങ്ങിവരവ് പ്രതിസന്ധിയിലാണെന്ന് സൂചിപ്പിക്കുന്നതാണ് ഇന്നലെ പുറത്തുവന്ന സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമി (CMIE) യുടെ തൊഴിലില്ലായ്മ സംബന്ധിച്ച കണക്കുകൾ. ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് ഡിസംബറിൽ നാല് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.91 ശതമാനമായി ഉയർന്നു. ഒമിക്രോൺ വകഭേദം രാജ്യത്തുടനീളം വ്യാപിക്കുന്നതിന് മുമ്പുതന്നെ തൊഴിലില്ലായ്മയുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. സിഎംഐഇയുടെ കണക്കുകൾ പ്രകാരം, ഡിസംബറിലെ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുന്നതിന് നഗര, ഗ്രാമ പ്രദേശങ്ങൾ കാരണമായി. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഒക്ടോബറിൽ 7.75 ശതമാനവും നവംബറിൽ 7 ശതമാനവുമായിരുന്നു.

click me!