പൗരത്വ നിയമഭേദഗതിയെ തുടര്‍ന്നുണ്ടായ സമരങ്ങളും പ്രക്ഷോഭങ്ങളും കാരണം സാമ്പത്തിക നയം രൂപീകരിക്കുന്നതിലും പരിഷ്കരണത്തിലും നരേന്ദ്രമോദി സര്‍ക്കാര്‍ പിന്നോട്ട് പോയെന്ന് ഏഷ്യ എക്സ്-ജപ്പാന്‍ ഇന്‍വെസ്റ്റ്മെന്‍റ് തലവന്‍ ഡെസ്മണ്ട് സൂണ്‍ പറഞ്ഞു.
ദില്ലി: പൗരത്വ നിയമ ഭേദഗതിയിലും കശ്മീര്‍ പ്രത്യേക പദവി റദ്ദാക്കിയതിലുമുള്ള ആശങ്കയെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ കടപത്രങ്ങള്‍ വിറ്റൊഴിവാക്കി നിക്ഷേപകര്‍. 453 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപമുള്ള കമ്പനി ഇന്ത്യന്‍ കടപത്രങ്ങളില്‍ നിന്ന് നിക്ഷേപം പിന്‍വലിച്ച് ചൈനീസ്, മലേഷ്യന്‍ വിപണിയില്‍ ഇറക്കി. ലെഗ് മാസണ്‍ ഐഎന്‍സിയാണ് അവരുടെ നിക്ഷേപം പിന്‍വലിച്ചത്. എന്നാല്‍, എത്രയാണ് പിന്‍വലിച്ചതെന്ന് വ്യക്തമല്ല.
പൗരത്വ നിയമഭേദഗതിയെ തുടര്‍ന്നുണ്ടായ സമരങ്ങളും പ്രക്ഷോഭങ്ങളും വിപണിയെ ശ്രദ്ധിക്കുന്നതിലും സാമ്പത്തിക പരിഷ്കരണത്തിലും സര്‍ക്കാറിന് വീഴ്ച പറ്റി. സാമ്പത്തിക നയം രൂപീകരിക്കുന്നതിലും പരിഷ്കരണത്തിലും നരേന്ദ്രമോദി സര്‍ക്കാര്‍ പിന്നോട്ട് പോയെന്ന് ഏഷ്യ എക്സ്-ജപ്പാന്‍ ഇന്‍വെസ്റ്റ്മെന്‍റ് തലവന്‍ ഡെസ്മണ്ട് സൂണ്‍ പറഞ്ഞു. ഇന്ത്യയിലെ നിക്ഷേപം കുറക്കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ഇന്ത്യന്‍ ബോണ്ടുകള്‍ ഏറ്റവും കുറഞ്ഞ നിലയിലേക്കെത്തി. എങ്കിലും ദീര്‍ഘകാല കടപത്രത്തിന്‍റെ പലിശ നിരക്ക് ഏറ്റവും നല്‍കുന്നത് ഇന്ത്യയാണ്.
ഇന്ത്യന്‍ സര്‍ക്കാറിന്‍റെ കടപത്രങ്ങളിലെ നിക്ഷേപം പിന്‍വലിക്കുന്നത് അന്താരാഷ്ട്ര തലത്തില്‍ തിരിച്ചടിയാകും. ആഭ്യന്തര പ്രശ്നങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് നിക്ഷേപകര്‍ക്ക് അനുഭവപ്പെട്ടാല്‍ വിദേശ നിക്ഷേപത്തില്‍ ഇനിയും കുറവ് വരും.