ഒരു ഓഹരിക്ക് പരമാവധി 1,750 രൂപ നിരക്കിലാണ് ഓഹരികൾ തിരികെ വാങ്ങാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്.
മുംബൈ: ഇൻഫോസിസ് ഓഹരി വില റെക്കോർഡ് നേട്ടത്തോടെ കുതിച്ചുയർന്നു. ബിഎസ്ഇ ഇൻട്രാ ഡേ ഡീലുകളിൽ മൂല്യം 1.6 ശതമാനം ഉയർന്ന് 1,575 രൂപയായി. ഐടി കമ്പനി 9,200 കോടി രൂപയുടെ ഓഹരി തിരിച്ചു വാങ്ങൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ മുന്നേറ്റം. സ്റ്റോക്ക് മുമ്പത്തെ ഉയർന്ന നിരക്കായ 1,568.35 രൂപയെ മറികടന്നു. നിഫ്റ്റി ഐടി സൂചികയിൽ, ഇൻഫോസിസിനൊപ്പം, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ടെക് മഹീന്ദ്ര, കോഫോർജ്, മൈൻഡ് ട്രീ എന്നിവയുടെ ഓഹരികളും വെള്ളിയാഴ്ച 52 ആഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി.
ഒരു ഓഹരിക്ക് പരമാവധി 1,750 രൂപ നിരക്കിലാണ് ഓഹരികൾ തിരികെ വാങ്ങാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്. 9,200 കോടി രൂപ വിലമതിക്കുന്ന ഓഹരികളാണ് തിരികെ വാങ്ങൽ പദ്ധതിയിൽ ഉൾപ്പെടുന്നത്. 2021 സാമ്പത്തിക വർഷത്തിലെ നാലാം പാദ റിപ്പോർട്ടുകളിൽ കമ്പനി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.
undefined
ഡിസംബർ 24 വരെയോ, ലക്ഷ്യമിട്ട ഓഹരികളുടെ വിഹിതം സ്വന്തമാക്കുന്നത് വരെയോ ആണ് തിരികെ വാങ്ങൽ പദ്ധതിയുടെ സമയപരിധി. ഏപ്രിൽ 14 നാണ് തിരിച്ചുവാങ്ങൽ പദ്ധതിക്ക് ബോർഡ് അനുമതി നൽകിയത്, കമ്പനിയുടെ നാൽപതാം വാർഷിക പൊതുയോഗത്തിൽ (എജിഎം) ഏപ്രിൽ 19 ന് ഓഹരി ഉടമകളുടെ അനുമതിയും പദ്ധതിക്ക് ലഭിച്ചു.
പരമാവധി വിലയ്ക്ക് തിരിച്ചുവാങ്ങൽ പൂർത്തിയാകുമ്പോൾ, ഇൻഫോസിസ് 5.25 കോടി ഇക്വിറ്റി ഷെയറുകൾ തിരികെ വാങ്ങും. ക്ലൗഡ്, സൈബർ സുരക്ഷ മാർക്കറ്റ്, ഡാറ്റാ അനലിറ്റിക്സ് എന്നിവ ഉൾപ്പെടുന്ന ഇൻഫോസിസിന്റെ ഡിജിറ്റൽ പോർട്ട് ഫോളിയോയ്ക്ക് മികച്ച വളർച്ചാ സാധ്യതയാണ് വിപണി വിദഗ്ധർ പ്രവചിക്കുന്നത്.
“ഡിജിറ്റൽ വരുമാനം ഇപ്പോൾ മൊത്തം വരുമാനത്തിന്റെ പകുതിയാണ്. കൂടാതെ, ഡിജിറ്റൽ ബിസിനസ്സ് കമ്പനിയുടെ ശരാശരി 24 ശതമാനത്തേക്കാൾ ഉയർന്ന മാർജിൻ വികസിപ്പിക്കുകയും വരുമാനം സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ക്യാപിറ്റൽവിയ ഗ്ലോബൽ റിസർച്ചിന്റെ സാങ്കേതിക ഗവേഷണ മേധാവി ആഷിസ് ബിശ്വാസ് ഫിനാൻഷ്യൽ എക്സ്പ്രസ് ഓൺലൈനിനോട് പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona