ജെറോമിയുടെ വാക്കുകളും ജിഡിപി നിരക്കും തുണച്ചു; തുടക്കം മികച്ചതാക്കി ഇന്ത്യന്‍ ഓഹരി വിപണി

By Web Team  |  First Published Mar 2, 2020, 12:13 PM IST

ഈ മുന്നേറ്റം വരും മണിക്കൂറുകളില്‍ തുടരാന്‍ ബുദ്ധിമുട്ട് നേരിട്ടേക്കുമെന്നാണ് വിപണി വിദഗ്ധരുടെ നിഗമനം.  


മുംബൈ: അവധിക്ക് ശേഷം വ്യാപാരത്തിലേക്ക് കടന്ന ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് 534 പോയിന്‍റ് മുന്നേറി 38,830 ലാണ് വ്യാപാരം നടക്കുന്നത്. മുംബൈ ഓഹരി വിപണിയിലെ മുന്നേറ്റം നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 50 172 പോയിന്‍റ് നേട്ടത്തിലാണിപ്പോള്‍. 11,370 ലാണിപ്പോള്‍ വ്യാപാരം മുന്നേറുന്നത്. 

റിലയന്‍സ്, ഒഎന്‍ജിസി, ടിസിഎസ്, നെസ്‍ലെ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ രണ്ട് ശതമാനം നേട്ടത്തിലാണ്. എന്നാല്‍, ഓട്ടോമൊബൈല്‍ ഓഹരികളില്‍ നഷ്ടം പ്രകടമാണ്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓഹരികള്‍ രണ്ട് ശതമാനം നഷ്ടത്തിലാണ്. മിക്ക ഇന്ത്യന്‍ വാഹന നിര്‍മാണക്കമ്പനികള്‍ക്കും ഫെബ്രുവരി മാസം വില്‍പ്പന നഷ്ടത്തിന്‍റേതായിരുന്നു. ഇതുമൂലം നിക്ഷേപകര്‍ക്ക് ഓട്ടോ ഓഹരികളോടുളള പ്രീതി കുറഞ്ഞതാണ് ഇടിവിന് കാരണം. 

Latest Videos

undefined

ഫെഡറല്‍ റിസര്‍വ് അടക്കമുളള ആഗോള സെന്‍ട്രല്‍ ബാങ്കുകള്‍ കൊറോണ സമ്പദ്‍വ്യവസ്ഥയ്ക്ക് ഏല്‍പ്പിക്കുന്ന ആഘാതത്തെ കൈകാര്യം ചെയ്യാന്‍ മുന്നിട്ടിറങ്ങുമെന്ന സൂചനകളാണ് വെള്ളിയാഴ്ചത്തെ തകര്‍ച്ചയില്‍ നിന്ന് മുന്നേറാന്‍ വിപണികള സഹായിച്ചത്. സമ്പദ്‍വ്യവസ്ഥയെയും നിക്ഷേപകരെയും സംരക്ഷിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വ് അധ്യക്ഷന്‍ ജെറോമി എച്ച് പവലിന്‍റെ പ്രസ്താവന വാള്‍സ്ട്രീറ്റില്‍ വലിയ മുന്നേറ്റത്തിന് കാരണമായി. 

കേന്ദ്ര സര്‍ക്കാരിന്‍റെ കണക്കനുസരിച്ച് ഒക്ടോബർ മുതൽ ഡിസംബർ വരെ ഇന്ത്യയുടെ ജിഡിപി അല്ലെങ്കിൽ മൊത്ത ആഭ്യന്തര ഉത്പാദനം 4.7 ശതമാനം വർദ്ധിച്ചതായി വെള്ളിയാഴ്ച ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവന്നതും വിപണി മുന്നേറ്റത്തിന് കാരണമായി. എന്നാല്‍, ഈ മുന്നേറ്റം വരും മണിക്കൂറുകളില്‍ തുടരാന്‍ ബുദ്ധിമുട്ട് നേരിട്ടേക്കുമെന്നാണ് വിപണി വിദഗ്ധരുടെ നിഗമനം.    
 

click me!