ഏഷ്യ പോസിറ്റീവായി! ആറ് ആഴ്ചയിലെ ഏറ്റവും ഉയർന്ന നേട്ടവുമായി ഇന്ത്യൻ ഓഹരി വിപണി; ക്രൂഡ് വില ഉയരുന്നു

By Anoop Pillai  |  First Published Apr 29, 2020, 6:20 PM IST

യുഎസ് ഡോളറിനെതിരെ രൂപ ഒരു മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ക്ലോസ് ചെയ്തത്.


യൂറോപ്പിലും അമേരിക്കയിലും ലോക്ക് ഡൗണുകൾ ലഘൂകരിക്കുന്നതിന്റെ സൂചനകളെ തുടർന്ന് എച്ച്ഡി‌എഫ്‌സി നേതൃത്വത്തിലുള്ള ധനകാര്യ റാലി ഇന്ത്യൻ വിപണികളെ ഇന്ന് ആറ് ആഴ്ചയിലെ ഉയർന്ന നിലയിലേക്ക് എത്തിച്ചു. എൻ‌എസ്‌ഇ നിഫ്റ്റി 50 സൂചിക 1.84 ശതമാനം ഉയർന്ന് 9,553.35 എന്ന നിലയിലെത്തി. ബി‌എസ്‌ഇ സെൻ‌സെക്സ് 1.89 ശതമാനം അഥവാ 605 പോയിൻറ് ഉയർന്ന് 32,720.16 ൽ എത്തി.

മൂന്ന് ദിവസത്തിനുള്ളിൽ സെൻസെക്സ് ഏകദേശം 1,400 പോയിന്റ് ഉയർന്നു. മാർച്ച് 24 ലെ ഏറ്റവും താഴ്ന്ന 25,638 ൽ നിന്ന് സെൻസെക്സ് ഇപ്പോൾ 28 ശതമാനമാണ് കുതിച്ചുകയറിയത്.

Latest Videos

undefined

ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ എച്ച്ഡിഎഫ്സിയുടെ മൂല്യം 7.05 ശതമാനം ഉയർന്നു. ഗ്ലാക്സോ സ്മിത്ത്ക്ലൈൻ പി‌എൽ‌സി കമ്പനി 3.7 ബില്യൺ ഡോളറിന്റെ ഓഹരി വിൽ‌പന ആരംഭിക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടിൽ ഉപഭോക്തൃ രം​ഗത്തെ ഭീമനായ ഹിന്ദുസ്ഥാൻ യൂണിലിവർ 2.54 ശതമാനം ഇടിഞ്ഞു. ആക്സിസ് ബാങ്ക് 3.59 ശതമാനം ഇടിഞ്ഞു.

യുഎസ് ഡോളറിനെതിരെ രൂപ ഒരു മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ക്ലോസ് ചെയ്തത്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 0.77 ശതമാനം അഥവാ 59 പൈസ ഉയർന്നു. ബുധനാഴ്ച മൂല്യം 76 മാർക്കിന് മുകളിലേക്ക് എത്തിയത് വിനിമയ വിപണിക്ക് ആശ്വാസകരമായി. 75.94 ൽ വ്യാപാരം ആരംഭിച്ച ശേഷം, നാല് മണിക്കൂർ സെഷനിൽ രൂപയുടെ മൂല്യം 75.59 ആയി ഉയർന്നു. യുഎസ് കറൻസിക്കെതിരെ ഇത് 75.67 ൽ എത്തി വ്യാപാരം അവസാനിച്ചു. 

ഏഷ്യ പോസിറ്റീവായി !

മേഖലാ സൂചികകളിൽ, 3.74 ശതമാനം ഉയർന്ന് 1,724 ലെവലിൽ നിഫ്റ്റി മെറ്റൽ സൂചികയാണ് മുന്നിലുളളത്. നിഫ്റ്റി ഫിനാൻഷ്യൽ സർവീസ് സൂചിക (3.43 ശതമാനം). നിഫ്റ്റി ഐടി രണ്ട് ശതമാനം ഉയർന്ന് 13,425 ലെവലും വ്യാപാരം അവസാനിച്ചു.

വിശാലമായ വിപണിയിൽ, ബി‌എസ്‌ഇ മിഡ്‌ക്യാപ്പ് സൂചിക ഒരു ശതമാനം ഉയർന്ന് 11,840.20 ൽ അവസാനിച്ചു. ബി‌എസ്‌ഇ സ്‌മോൾകാപ്പ് സൂചിക 10 ശതമാനം വർധിച്ച് 10,975 ൽ എത്തി. വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) ഇന്ത്യൻ ഇക്വിറ്റികളിൽ നെറ്റ് സെല്ലർമാരായി തുടരുന്നു. ചൊവ്വാഴ്ച 122.15 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചതായി എക്‌സ്‌ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.

ഏഷ്യയിൽ, ലിസ്റ്റുചെയ്ത വലിയ ബാങ്കുകൾ ആദ്യ പാദത്തിലെ ലാഭം രേഖപ്പെടുത്തിയതിന് ശേഷം ചൈനയുടെ ഓഹരികൾ ഉയർന്ന നിലയിൽ എത്തി. ലോക്ക് ഡൗൺ ലഘൂകരിക്കുന്നതിന്റെ ലക്ഷണങ്ങൾ മിക്കയിടത്തും കണ്ടെങ്കിലും കൊറോണ വൈറസ് മഹാമാരിയെ തുടർന്നുളള നേട്ടങ്ങളെക്കുറിച്ചുള്ള ആശങ്കകൾ നിക്ഷേപകരുടെ ഇടയിൽ ഇപ്പോഴും നിലനിൽക്കുന്നു. അവസാന മണിക്കൂറുകളിൽ, ഷാങ്ഹായ് കോമ്പോസിറ്റ് സൂചിക 0.44 ശതമാനം ഉയർന്ന് 2,822.44 ൽ എത്തി. ബ്ലൂ-ചിപ്പ് സി‌എസ്‌ഐ 300 സൂചിക 0.46 ശതമാനം ഉയർന്നു.

രാജ്യാന്തര എണ്ണവില ഉയർന്നു. ജൂൺ ബ്രെൻറ് ക്രൂഡ് ഫ്യൂച്ചേഴ്സ് ബാരലിന് 2.30 ശതമാനം അഥവാ 47 സെൻറ് ഉയർന്ന് 20.93 ഡോളറിലെത്തി. 
നേരത്തെ ഇത് ബാരലിന് 21.60 ഡോളറായിരുന്നു. കൂടുതൽ സജീവമായ ജൂലൈ കരാർ 22 സെൻറ് അഥവാ 0.97 ശതമാനം ബാരലിന് 22.96 ഡോളറിലെത്തി. അസംസ്കൃത എണ്ണ നിരക്കിന്റെ ആഗോള മാനദണ്ഡമായ ബ്രെൻറ് ക്രൂഡ് ഫ്യൂച്ചേഴ്സ് ബാരലിന് 3.1 ശതമാനം ഉയർന്ന് 21.10 ഡോളറിലെത്തി. കഴിഞ്ഞ ദിവസം ഇത് 2.3 ശതമാനം നേട്ടമുണ്ടാക്കിയിരുന്നു.

യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഫ്യൂച്ചറുകൾ ഈ ആഴ്ചയിലെ ആദ്യ രണ്ട് ദിവസങ്ങളിൽ 27 ശതമാനം ഇടിഞ്ഞതിന് ശേഷം 12.56 ശതമാനം അഥവാ 1.55 ഡോളർ ഉയർന്ന് 13.89 ഡോളറിലെത്തി.
 

click me!