മൂല്യത്തകർച്ച തുടർക്കഥയാകുന്നു! ഡോളറിനെതിരെ പിടിച്ചു നിൽക്കാനാകാതെ ഇന്ത്യൻ രൂപ; സമ്മർദ്ദം കനക്കുന്നു

By Web Team  |  First Published Apr 22, 2020, 3:44 PM IST

ഈ വർഷം ഇതുവരെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം എട്ട് ശതമാനം കുറഞ്ഞു.
 


യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 76.92 എന്ന റെക്കോർഡ് നിലയിലേക്ക് ഇടിഞ്ഞു. എന്നാൽ, പിന്നീട് രൂപയുടെ മൂല്യം തിരിച്ചുകയറി 76.68 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. അസ്ഥിരമായ തുടക്കത്തിനുശേഷം, ഇന്ത്യൻ ഇക്വിറ്റികൾ ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ കൂടുതൽ മുന്നേറി. 

ഒരു ഡോളറിന് 76.90 എന്ന നിരക്കിൽ വ്യാപാരം ആരംഭിച്ച രൂപ, യുഎസ് ഡോളറിനെതിരെ 76.73 മുതൽ 76.92 വരെയാണ് വ്യാപാരം നടന്നത്. ലോകത്തിലെ ഏറ്റവും ദ്രവ്യതയുള്ള കറൻസിക്കായി നിക്ഷേപകർ റിസ്ക് അസെറ്റുകൾ ഉപേക്ഷിച്ചതിനാൽ യുഎസ് ഡോളർ ഇന്ന് കറൻസി ബാസ്കറ്റിനെതിരെ രണ്ടാഴ്ചത്തെ ഉയർന്ന നിലയിലേക്ക് എത്തി. 

Latest Videos

undefined

കൊറോണ വൈറസ് പ്രതിസന്ധി ഊർജ്ജ വിപണികളെ തകർത്തുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര മാനദണ്ഡമായ ബ്രെന്റ് ഇന്ന് 14% ഇടിഞ്ഞു, ഒരു ദിവസം മുമ്പുണ്ടായിരുന്ന കനത്ത നഷ്ടത്തിലേക്കാണ് ക്രൂഡ് നീങ്ങുന്നത്. ആറ് ആഗോള കറൻസികളുടെ ഒരു ബാസ്കറ്റിനെതിരെ യുഎസ് ഡോളർ സൂചിക ഇന്ന് 100.407 ആയി ഉയർന്നു.

എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം എണ്ണവിലയിലുണ്ടായ ഇടിവ് പോസിറ്റീവ് ആണെങ്കിലും മൂലധന വിപണിയിൽ നിന്നും വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ വൻതോതിൽ നിക്ഷേപം വിറ്റൊഴിയുന്നതിലൂടെ രൂപയുടെ മൂല്യം ഇടിയുകയാണ്. താൽക്കാലിക എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം ചൊവ്വാഴ്ച അവർ 2,095.23 കോടി രൂപയുടെ ഇക്വിറ്റി ഷെയറുകൾ ഓഫ്‌ലോഡ് ചെയ്തു.

മാർച്ചിൽ ആഗോള ഫണ്ടുകൾ ആഭ്യന്തര ബോണ്ടുകളിൽ നിന്നും സ്റ്റോക്കുകളിൽ നിന്നും 16.6 ബില്യൺ ഡോളർ പിൻ‌വലിച്ചു.

മൂലധന ഒഴുക്കിനിടയിൽ ജൂൺ അവസാനത്തോടെ രൂപയുടെ മൂല്യം ഡോളറിന് 4.7 ശതമാനം കൂടി ഇടിഞ്ഞ് 80.6 ആയി കുറഞ്ഞേക്കാമെന്ന് ബ്ലൂംബെർ​ഗ് സാമ്പത്തിക വിദ​ഗ്ധർ അഭിപ്രായപ്പെട്ടു. ഈ വർഷം ഇതുവരെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം എട്ട് ശതമാനം കുറഞ്ഞു.

“വൈറസ് പകർച്ചവ്യാധി സാധ്യതയെയും ലോക്ക് ഡൗണിനെയും ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം കണക്കിലെടുത്ത്, റിസർവ് ബാങ്ക് അതിന്റെ കരുതൽ ധനം പെട്ടെന്ന് കുറയാൻ ഇടയാക്കുന്ന കഠിനമായ ഇടപെടലിന് ശ്രമിക്കില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” ബ്ലൂംബെർഗിലെ ഇന്ത്യ സാമ്പത്തിക ശാസ്ത്രജ്ഞൻ അഭിഷേക് ഗുപ്ത പറഞ്ഞു.
 

click me!