മുംബൈ: ഇന്ന് വ്യാപാരം ആരംഭിച്ച ശേഷം യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 36 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 76.80 ൽ എത്തി. ആഭ്യന്തര ഓഹരി ദുർബലവും രാജ്യത്ത് കൊറോണ വൈറസ് കേസുകളുടെ കുതിച്ചുചാട്ടവുമാണ് രൂപയുടെ മൂല്യത്തകർച്ചയ്ക്ക് കാരണം.
വിപണിയിലെ റിസ്ക്കുളള നിക്ഷേപങ്ങളിൽ നിന്ന് നിക്ഷേപകർ സുരക്ഷിതമായ മറ്റ് ഇടങ്ങളിലേക്ക് മാറുന്നതിനാൽ രൂപയ്ക്കുണ്ടായ ബലഹീനതയാണ് കറൻസികളുടെ ബാസ്കറ്റിനെതിരെ യുഎസ് ഡോളറിനെ ശക്തിപ്പെടുത്തിയതെന്ന് ഫോറെക്സ് വ്യാപാരികൾ പറഞ്ഞു.
ഇന്റർബാങ്ക് ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ വ്യാപാരം തുടങ്ങിയത് 76.75 എന്ന നിലയിലാണ്. പിന്നീട് എക്കാലത്തെയും താഴ്ന്ന നിരക്കായ 76.80 ലെത്തി. അവസാന നിരക്കിനേക്കാൾ 36 പൈസ കുറഞ്ഞു.
യുഎസ് ഡോളറിനെതിരെ ബുധനാഴ്ച രൂപയുടെ മൂല്യം 76.44 ആയിരുന്നു.
കൊറോണ വൈറസ് പ്രതിസന്ധി ഏഷ്യൻ മേഖലയിലെ സേവന മേഖലയെയും പ്രധാന കയറ്റുമതി ലക്ഷ്യസ്ഥാനങ്ങളെയും അഭൂതപൂർവമായ തോതിൽ ബാധിച്ചതിനാൽ ഏഷ്യയുടെ സാമ്പത്തിക വളർച്ച 60 വർഷത്തിനിടയിൽ ആദ്യമായി നിലച്ചുപോയതായി ഐഎംഎഫ് വ്യാഴാഴ്ച പറഞ്ഞു.